Input your search keywords and press Enter.

കോന്നി മെഡിക്കല്‍ കോളജ്: എംബിബിഎസ് പഠന അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

 

കോന്നി മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തില്‍ തന്നെ എംബിബിഎസ് പഠന അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ നടത്തി വരുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തന പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യമന്ത്രിയുടെ നിര്‍ദേശങ്ങളിലെ തുടര്‍ നടപടികള്‍ വിലയിരുത്തുന്നതിനും വേണ്ടി കോന്നി മെഡിക്കല്‍ കോളജില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മാണം ത്വരിതവേഗത്തില്‍ നടന്നു വരികയാണ്. അടിയന്തിരമായി നിര്‍മാണം പൂര്‍ത്തിയാക്കും. കിഫ്ബിയില്‍നിന്ന് അനുവദിച്ച 241 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൂടാതെ ലേബര്‍ റൂം, ഓഫ്തല്‍മോളജി, ബ്ലഡ് ബാങ്ക് എന്നിവയ്ക്കായി 86 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, അക്കാദമിക് ബ്ലോക്കിന്റെ തുടര്‍ പ്രവൃത്തികള്‍, ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍, ഓഡിറ്റോറിയം, ഓട്ടോപ്സി കെട്ടിടം, ഡീന്‍വില്ല തുടങ്ങിയവയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ പണികള്‍ ഊര്‍ജിതമായി നടക്കുന്നു. ജതന്‍ കണ്‍സ്ട്രക്ഷന്‍സ് ആണ് നിര്‍മാണം നടത്തുന്നത്.

ശുദ്ധജല പദ്ധതി, ഓക്സിജന്‍ നിര്‍മാണ പ്ലാന്റ്, എക്സ്റേ യൂണിറ്റ്, ആധുനിക നിലവാരത്തിലുള്ള ലബോറട്ടറി തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ സ്പെഷ്യല്‍റ്റി വിഭാഗം ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകുന്നുണ്ട്. അക്കാദമിക് കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറും എത്തിച്ചു. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി ലാബുകള്‍, ലൈബ്രറി, ലക്ചറര്‍ ഹാള്‍ തുടങ്ങിയവ സജ്ജീകരിച്ചു.

നാഷനല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിക്കായുള്ള നടപടികളാണ് നടത്തുന്നത്. കോന്നി മെഡിക്കല്‍ കോളജില്‍ 100 സീറ്റില്‍ എംബിബിഎസ് പഠനത്തിന് അനുമതി നേടിയെടുക്കുകയാണ് ലക്ഷ്യം.

ആരോഗ്യ കേരളം വഴി ലേബര്‍ റൂം ഉള്‍പ്പെടെ നിര്‍മിക്കുന്നതിന് കോന്നി മെഡിക്കല്‍ കോളജില്‍ മൂന്നരക്കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇ ഹെല്‍ത്ത് വഴി വീട്ടില്‍ ഇരുന്ന് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം മെഡിക്കല്‍ കോളജില്‍ തുടക്കത്തില്‍ തന്നെ ഉണ്ടാകും. അക്കാദമിക് കെട്ടിടത്തിലെക്ക് ആവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും എത്തിയിട്ടുണ്ട്.എത്രയും വേഗത്തില്‍ അത് പൂര്‍ണസജ്ജമാക്കുമെന്നും എംഎല്‍എ പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്‍, ഹൈറ്റ്സ് ചീഫ് പ്രോജക്ട് മാനേജര്‍ ആര്‍.രതീഷ് കുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!