Input your search keywords and press Enter.

ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയണം

 

ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാന്‍ ഭീകരസംഘടനകൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം ഇല്ലാതാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ യുഎന്‍ രക്ഷാസമിതിയില്‍. ഭീകരസംഘടനകളെയും സായുധസംഘങ്ങളെയും വളർത്തുന്നത് രഹസ്യഇടനാഴികളിലൂടെ എത്തുന്ന സാമ്പത്തിക സഹായമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീകരവാദം വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് മന്ത്രി പറഞ്ഞു. അല്‍ ഖായിദവും ഇസ്ലാമിക് സ്റ്റേറ്റും അനുബന്ധ ഭീകരപ്രസ്ഥാനങ്ങളും മേഖലയില്‍ ശക്തിപ്രാപിക്കുകയാണ്. ആഫ്രിക്കയുടെ പ്രകൃതിവിഭവങ്ങളെ സാമ്പത്തിക സ്രോതസുകളാക്കിയും ജനതയെ അടിമകളാക്കിയും ഭീകരര്‍ ആധിപത്യം സ്ഥാപിക്കുകയാണ്. സ്വർണവും ധാതുവിഭവങ്ങളും വനവിഭവങ്ങളുമെല്ലാം ഈ സംഘടനകളുടെ കരുത്ത് കൂട്ടുന്ന പണാടിത്തറയായി മാറുന്നു. ഭീകരതയ്ക്ക് തടയിട്ടില്ലെങ്കില്‍ സായുധകലാപങ്ങള്‍ പതിവായ ഭൂഖണ്ഡത്തിന് ഇരട്ടിപ്രഹരമാകുമെന്ന് മന്ത്രി പറഞ്ഞു. ഏത് സമയത്തും ആക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായേക്കാമെന്ന സാഹചര്യം ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്ഥിരതയെയും സമാധാനത്തെയും ബാധിച്ചിട്ടുണ്ടെന്ന് വി.മുരളീധരന്‍ പറഞ്ഞു.

മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലെ സാമൂഹിക വികസനത്തിനും സാമ്പത്തിക പുരോഗതിക്കും കടുത്ത വെല്ലുവിളിയാണ് ഭീകരസംഘടനകൾ ഉയർത്തുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തര കലാപത്തിന് പിന്നിലും ഇവരുടെ കൈകളുണ്ട്. ഇത്തരക്കാരോട് സന്ധിചെയ്യുന്നത് ഭീകരതയ്ക്ക് അംഗീകാരം നല്‍കലാവും എന്ന് വിദേശകാര്യസഹമന്ത്രി അഭിപ്രായപ്പെട്ടു. ആഫ്രിക്കയുടെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നത് തടയാന്‍ അന്താരാഷ്ട്ര സമൂഹം സഹായം വര്‍ധിപ്പിക്കണം.

യു.എന്‍ ഭീകരവിരുദ്ധ സമിതിയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യ, ഭീകരതക്കെതിരായ പോരാട്ടത്തില്‍ ശക്തമായ നിലപാടാണെടുക്കുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 28, 29 തിയതികളില്‍ സമിതിയുടെ പ്രത്യേകയോഗം മുംബൈയില്‍ ചേരുമെന്നും മന്ത്രി രക്ഷാസമിതിയെ അറിയിച്ചു.

error: Content is protected !!