Input your search keywords and press Enter.

കൊക്കാത്തോട്,പത്തനംതിട്ട,തിരുവല്ല,തോട്ടപ്പുഴശ്ശേരി ,കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു

 

ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ മാസം ഇതുവരെ പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, തലവേദന, കണ്ണുകള്‍ക്ക് പിന്നിലും, പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഛര്‍ദ്ദി തുടങ്ങിയവയാണ് ആരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ചികിത്സ തേടണം. നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗ സങ്കീര്‍ണതകളും മരണവും ഒഴിവാക്കാന്‍ സാധിക്കും.

രോഗബാധിതര്‍ പൂര്‍ണ്ണമായും വിശ്രമിക്കണം. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിന്‍വെളളം, പഴച്ചാറുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിതര്‍ ഉറങ്ങുന്നതും വിശ്രമിക്കുന്നതും കൊതുകു വലയ്ക്കുളളില്‍ ആയിരിക്കണം.

ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കൂത്താടികളുടെ സാന്നിധ്യം വളരെയധികം കാണപ്പെടുന്നുണ്ട്. ഉപയോഗശൂന്യമായ ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ പറമ്പില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക. വെളളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍, ജല സംഭരണികള്‍ തുടങ്ങിയവ കൊതുക് കടക്കാത്ത രീതിയില്‍ പൂര്‍ണമായും മൂടി വയ്ക്കുക.

ഫ്രിഡ്ജിനു പിറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാട്ടര്‍ കൂളറുകള്‍, ഫ്‌ളവര്‍വേസുകള്‍, വെളളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ മുതലായവയിലെ വെളളം ആഴ്ചയിലൊരിക്കലെങ്കിലും മാറ്റി വൃത്തിയാക്കണം. കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുക, ജനലുകളും വാതിലുകളും കൊതുക് കടക്കാതെ അടച്ചിടുക. പകല്‍ ഉറങ്ങുമ്പോഴും കൊതുക് വല ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

error: Content is protected !!