Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (15/10/2022)

വാളകം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും

വാളകം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു. 50 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഭൗതിക സാഹചര്യങ്ങള്‍ വിപുലീകരിച്ച് സര്‍ക്കാര്‍ ഓഫീസുകളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടികള്‍.

വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും കാബിനുകള്‍, റെക്കോര്‍ഡുകള്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍, സെര്‍വര്‍ സംവിധാനങ്ങള്‍, കുടിവെള്ള സൗകര്യം, പൊതുജനങ്ങള്‍ക്കായി വിശ്രമകേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കായി റാമ്പ്, ചുറ്റുമതില്‍, ഗേറ്റ്, ഇന്റര്‍ലോക്ക് പാകിയ മുറ്റം എന്നീ ആധുനിക സൗകര്യങ്ങളോടെയാകും വാളകം വില്ലേജ് ഓഫീസ് നിര്‍മ്മിക്കുക.

 

ഏകദിന ആരോഗ്യ ഭക്ഷ്യസുരക്ഷ ശില്പശാല 18ന്

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഫാക്ടറി തൊഴിലാളികള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കുമായി ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 18ന് രാവിലെ 10 മണിക്ക് ഹോട്ടല്‍ ലേക്ക് പാലസില്‍ എം. മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ എസ്. മണി അധ്യക്ഷനാകും. തൊഴിലിടങ്ങളിലെ സുരക്ഷ, തൊഴിലിടങ്ങളിലെ പ്രഥമശുശ്രൂഷ, എന്നീ വിഷയങ്ങളില്‍ പിഎം വിപിന്‍, ഡോ അരുണ്‍ എന്നിവര്‍ ശില്പശാല നയിക്കും.

 

വാഴതൈകള്‍ വില്പനയ്ക്ക്

ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മൂന്ന് സങ്കരയിനം അലങ്കാര വാഴതൈകള്‍ സദാനന്ദപുരത്തുള്ള ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്. ഒരു വാഴകന്നിന് 100 രൂപ.

 

തെളിവെടുപ്പ്

സെക്യൂരിറ്റി സര്‍വീസ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഒക്ടോബര്‍ 20ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കൊല്ലം ജില്ലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം.

 

രജിസ്ട്രേഷന്‍ പുതുക്കല്‍

കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരം കൊല്ലം ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്ട്രേഷന്‍ എടുത്ത വാഹന ഉടമകള്‍ 2023 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ പുതുക്കല്‍ ഒക്ടോബര്‍ 31 വരെ പിഴ തുക ഇല്ലാതെ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ www.Icas.Ic.kerala.gov.in വെബ്‌സൈറ്റ് വഴിയോ നടത്തണം.

 

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

ഓച്ചിറ ക്ഷീരോല്‍പാദന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഒക്ടോബര്‍ 19 മുതല്‍ 26 വരെ ക്ഷീര കര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശു പരിപാലനം’ വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ക്ഷീര കര്‍ഷകര്‍ക്ക് ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ, ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ വഴിയോ അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ മുഖേനയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ഒക്ടോബര്‍ 18ന് വൈകിട്ട് അഞ്ചിനകം 8075028868, 9947775978, 0476 2698550 നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

 

ധനസഹായം; തീയതി നീട്ടി

പട്ടികജാതി വിഭാഗത്തിലെ വേടര്‍, അരുന്ധതിയാര്‍, ചക്ലിയന്‍ തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട കുടുംബങ്ങളില്‍ നിന്നും പഠനമുറി, ടോയ്‌ലറ്റ് നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, കൃഷിഭൂമി, സ്വയംതൊഴില്‍ വായ്പയ്ക്ക് സബ്‌സിഡി പദ്ധതികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്‌ടോബര്‍ 31 വരെ നീട്ടി. അപേക്ഷാ മാതൃകയും കൂടുതല്‍ വിവരങ്ങളും ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.

 

സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ കെ ടെറ്റ് പരീക്ഷ വിജയിച്ച സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയിട്ടുള്ളതും നാളിതുവരെ സര്‍ട്ടിഫിക്കറ്റ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റിയിട്ടില്ലാത്തതുമായ പരീക്ഷാര്‍ത്ഥികള്‍ ഒരാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്. മൂന്നുമാസത്തിനുള്ളില്‍ കൈ പറ്റാത്തവര്‍ക്ക് നിശ്ചിത തുക പിഴയായി ഈടാക്കും.

 

ലഹരി വിരുദ്ധ ബോധവല്‍ക്കരണം 17 ന്

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ഫാക്ടറി ഡിവിഷന് കീഴിലുള്ള ഫാക്ടറികളിലെ തൊഴിലാളികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തും. ഒക്ടോബര്‍ 17 ന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ ആഫ്‌സാന പര്‍വീണ്‍ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്യും. കേരള മിനറല്‍സ് ആന്‍ഡ് മൈന്‍ഡ്‌സ് ലിമിറ്റഡ്, കേരഫെഡ്, വെസ്റ്റേണ്‍ ഇന്ത്യ കാഷ്യു കമ്പനി, മില്‍മ, സാരഥി ഓട്ടോകാര്‍ഡ്, ഇന്‍ഡേന്‍ ബോട്ടിലിംഗ് പ്ലാന്റ് പാരിപ്പള്ളി തുടങ്ങി വിവിധ ഫാക്ടറികളിലെ തൊഴിലാളികള്‍ക്കാണ് ബോധവല്‍ക്കരണം. എക്‌സൈസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ റോബര്‍ട്ട്, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്‌സ് വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ എസ്. മണി, പി.എം വിപിന്‍, ഡോ.രാമു തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!