ടെക്കി ടീച്ചര്‍ – ടെക്കി ടീച്ചര്‍ പരിശീലന പരിപടിയുടെ ജില്ലാതല ഉദ്ഘാടനം മാരാമണ്‍ മാര്‍ത്തോമാ റിട്രീറ്റ് സെന്ററില്‍ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ആര്.അജയകുമാര്‍ നിര്‍വഹിക്കുന്നു
പത്തനംതിട്ട: വിദ്യാലയങ്ങളില്‍ സജ്ജമാക്കിയ വിദ്യാ സൗഹൃദ ക്ലാസ് അന്തരീക്ഷം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിനും കോവിഡാനന്തര സാമൂഹിക പരിതസ്ഥിതിയില്‍ പുത്തന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ക്ലാസ്സ്റൂം വിനിമയം കാര്യക്ഷമമാക്കുന്നതിനും അധ്യാപകരെ സജ്ജരാക്കാന്‍ സമഗ്രശിക്ഷാ കേരളയും,കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ടെക്കി ടീച്ചര്‍’ പരിശീലനത്തിന് തുടക്കമായി. ആദ്യഘട്ടത്തില്‍ പ്രൈമറി വിഭാഗത്തിലെ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. 30 അധ്യാപകരാണ് ഓരോ ബാച്ചുകളായി പങ്കെടുക്കുന്നത്.
പരിശീലന പരിപടിയുടെ ജില്ലാതല ഉദ്ഘാടനം മാരാമണ്‍ മാര്‍ത്തോമാ റിട്രീറ്റ് സെന്ററില്‍ പത്തനംതിട്ട ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ആര്.അജയകുമാര്‍ നിര്‍വഹിച്ചു. പുല്ലാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബി.ആര്. അനില അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എ.പി ജയലക്ഷ്മി, എ.കെ.പ്രകാശ്, കോഴഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എസ്.ഷിഹാബുദീന്‍, കൈറ്റ് കോര്‍ഡിനേറ്റര്‍മാരായ സി.പ്രവീണ്‍കുമാര്‍, ആര്. താരാചന്ദ്രന്‍, അരവിന്ദ്.എസ് പിളള എന്നിവര്‍ സംസാരിച്ചു. വിവര സാങ്കേതിക മേഖലയില്‍ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനുവേണ്ടിയുള്ള ഈ പരിപാടിയുടെ രണ്ട്ബാച്ച് തിരുവല്ല ശാന്തിനിലയത്തിലും ആരംഭിച്ചിട്ടുണ്ട്. സ്കൂളുകളില്‍ വിവര സാങ്കേതികാധിഷ്ഠിത അധ്യാപനം കൂടുതല്‍ മികവുറ്റതാക്കാന്‍ ‘ടെക്കി ടീച്ചര്‍’ പരിശീലനം അധ്യാപകരെ പ്രാപ്തരാക്കും. പുതിയ കാലത്തെ പഠന-പഠനേതര പ്രവര്‍ത്തനങ്ങള്‍ ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ പ്രയോഗിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കലാണ് ലക്ഷ്യം. പൊതുവിദ്യാലയങ്ങളിലെ എല്ലാ അധ്യാപകര്‍ക്കും വിദഗ്ദ്ധ പരിശീലനം നല്‍കും.
ആദ്യഘട്ടത്തില്‍ പ്രൈമറി, സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലെ ഐടി കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഐടി വിദ്യാഭ്യാസ സമീപനം, ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗവും പരിപാലനവും, ഡിജിറ്റല്‍ പാഠഭാഗങ്ങള്‍ വികസിപ്പിക്കല്‍, ഐടി മേഖലയിലെ നവീന സാങ്കേതികത്വം, ഡെലിവറി മോഡ് – മോണിറ്ററിങ്ങിലും ഹോം പ്രവര്‍ത്തനങ്ങളിലും സാങ്കേതികവിദ്യയുടെ ഡിജിറ്റല്‍ ഉപയോഗം തുടങ്ങി ആധുനിക ഡിജിറ്റല്‍ സാങ്കേതികതയില്‍ ഊന്നിയാകും ഇത്. മൊഡ്യൂളും പരിശീലന സാമഗ്രികളും കൈറ്റാണ് തയ്യാറാക്കിയത്.