Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (27/10/2022)

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം

ആരോഗ്യ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും, കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സമിതിയും ചേര്‍ന്ന് ജില്ലയിലെ റെഡ് റിബണ്‍ ക്ലബില്‍ അംഗമായ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പത്തനംതിട്ട അഴൂര്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശത്തുള്ള കെ.ജി.എം.ഒ.എ ഹാളില്‍ നവംബര്‍ ഒന്നിന് രാവിലെ 10.30നാണ് മത്സരം. ഒരു കോളേജില്‍ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 4000, 3000, 1500 രൂപ വീതം ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും മെമന്റോയും ലഭിക്കും. ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ കോളേജ് അധികൃതരുടെ സാക്ഷ്യപത്രം സഹിതം രാവിലെ 10 മണിക്ക് മത്സരസ്ഥലത്ത് എത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

റെഡ് റിബണ്‍ ക്ലബില്‍ അംഗത്വമുള്ള ഐ.റ്റി.ഐ, പോളിടെക്നിക്ക്, എഞ്ചീനീയറിംഗ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9497 709 645, 9496 109 189. ഇമെയില്‍: [email protected]

 

സ്‌കോള്‍ കേരള പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരള വിഎച്ച്എസ്‌സി അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിലേക്കുളള ഒന്നാംവര്‍ഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ നവംബര്‍ മൂന്നുവരെയും 60 രൂപ പിഴയോടെ നവംബര്‍ 11 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കണം.

 

തെങ്ങിന്‍തൈ വിതരണം

മൈലപ്ര ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ ഒരു തൈയ്ക്ക് 50 രൂപ നിരക്കില്‍ തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യും. ആവശ്യമുളള മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയിലുളളവര്‍ കരം അടച്ച രസീതുമായി തൈകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

 

ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനം; അഭിമുഖം നവംബര്‍ ഏഴിനും എട്ടിനും

സര്‍വെയും ഭൂരേഖയും വകുപ്പ് -ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റില്‍ നിന്നും ലഭ്യമായ ലിസ്റ്റ് പ്രകാരം 2022 സെപ്റ്റംബര്‍ 18ന് നടത്തിയ എഴുത്ത് പരീക്ഷയില്‍ ഹാജരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യ നടത്തുന്നു. അറിയിപ്പ് രജിസ്ട്രേഡ് തപാലിലൂടെ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട സര്‍വേ റേഞ്ച് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം.

 

ക്വട്ടേഷന്‍

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി സംസ്ഥാന സര്‍ക്കാര്‍ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന പ്രധാന വികസന ക്ഷേമ പരിപാടികളുടെ ഉദ്ഘാടനം, ജില്ലാതല പരിപാടികള്‍, വാരാചരണങ്ങള്‍, റിപ്പബ്ലിക്, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയവ ഫേയ്സ്ബുക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു പരിപാടി ലൈവ് സ്ട്രീം ചെയ്യുന്നതിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.

 

ക്വട്ടേഷന്‍

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള്‍ ശബ്ദ സംവിധാനമുള്ള എല്‍ഇഡി വോള്‍ വാഹനം ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു ദിവസത്തെ പ്രദര്‍ശനത്തിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.

 

വൃക്ഷതൈ വിതരണം

മലയാലപ്പുഴ കൃഷി ഭവനില്‍ ഒരു കോടി ഫലവൃക്ഷ തൈകള്‍ പദ്ധതി പ്രകാരം സപ്പോട്ട, പേര, കറിനാരകം ഇവയുടെ തൈകള്‍ യഥാക്രമം 20,13,13 രൂപ നിരക്കിലും ഒരു തൈയ്ക്ക് 50 രൂപ നിരക്കില്‍ തെങ്ങിന്‍തൈകളും വിതരണം ചെയ്യും. ആവശ്യമുളള മലയാലപ്പുഴ ഗാമപഞ്ചായത്ത് പരിധിയിലുളളവര്‍ കരം അടച്ച രസീതുമായി വന്ന് തൈകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

 

ലാറ്ററല്‍ എന്‍ട്രി സ്പോട്ട്അഡ്മിഷന്‍ ഇന്ന് (28)

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഇന്ന് (28) നടത്തുന്ന ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍.
രജിസ്ട്രേഷന്‍സമയം: രാവിലെ ഒന്‍പത് മുതല്‍ 10 വരെ.

ലാറ്ററല്‍എന്‍ട്രി സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന ഫീസ്, പി.റ്റി.എ ഫണ്ട് എന്നിവ സഹിതം കോളേജില്‍ ഹാജരായി രജിസ്ട്രേഷന്‍ നടത്തണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപ അടയ്ക്കണം. ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ ഏകദേശം 4000 രൂപ ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. പട്ടികജാതി / പട്ടികവര്‍ഗം / ഒ.ഇ.സി വിഭാഗത്തില്‍പെടാത്ത എല്ലാവരും സാധാരണ ഫീസിനു പുറമേ സ്പെഷ്യല്‍ഫീസ്- 10,000 രൂപ കൂടി അടയ്ക്കണം. പി.റ്റി.എ അലൂമിനിഫണ്ട് (2000 രൂപ) ക്യാഷ് ആയി നല്‍കണം. വെബ് സൈറ്റ് : www.polyadmission.org/let

 

ഏകദിന ശില്‍പ്പശാല

ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് എന്ന വിഷയത്തില്‍ ഇന്ന്(28) ന് രാവിലെ 9.30 മുതല്‍ ഐ.ഐ.ഐ.സിയില്‍ ഏകദിന ശില്‍പ്പശാല നടക്കും. യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷത വഹിക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ് നിര്‍വഹിക്കും.

 

ജില്ലാതല ഡിബേറ്റ് മത്സരം ഇന്ന്(28)

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തുന്ന ഡിബേറ്റ് മത്സരത്തിന്റെ ഭാഗമായി ഇന്ന് (28)പത്തനംതിട്ട അമൃത വിദ്യാലയത്തില്‍ ജില്ലാതല മത്സരം നടക്കും. സബ്ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ ദേവന്‍ കെ മേനോന്‍ ഉദ്ഘാടനം ചെയ്യും. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് സമ്മാനദാനം നിര്‍വഹിക്കും.

 

ലഹരി ബോധവല്‍ക്കരണ ക്ലാസ്

പത്തനംതിട്ട സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്ന് (28) ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി ഉപയോഗത്തിന്റെ വിപത്തുകള്‍ എന്ന വിഷയം സംബന്ധിച്ച് എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ക്ലാസുകള്‍ നടത്തുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

 

രാത്രികാല മൃഗചികിത്സ: അഭിമുഖം 29ന്

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഈ മാസം 29ന് രാവിലെ 11.00 മണിക്ക് അഭിമുഖം നടക്കും.

തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മണി മുതല്‍ രാവിലെ ആറു മണിവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം അന്നേ ദിവസം അഭിമുഖത്തിന് ഹാജരാകണം.

 

തിരുവല്ല ആശുപത്രി: അടിയന്തരമായി അന്വേഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കാലുവേദനയുമായി എത്തിയ രോഗിയോട് നിരുത്തരപരമായി പെരുമാറിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ആശുപത്രിയില്‍ കാലുവേദനയുമായെത്തിയ രോഗിയോട് ഉപ്പ് വെള്ളത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍ പറഞ്ഞുവെന്നാണ് പ്രചാരണം.

 

ഗതാഗത നിയന്ത്രണം

ഓമല്ലൂര്‍-കൊടുംതറ റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന്(28) മുതല്‍ നാലു ദിവസത്തേക്ക് ഇതിലേയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

 

സ്തനാര്‍ബുദ ബോധവത്കരണ ക്ലാസ് ഇന്ന് (28)

വനിതാ ശിശുവികസന വകുപ്പിന്റെയും പുളിക്കീഴ് ഐസിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ പരുമല സെന്റ് ഗ്രിഗോറിയസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയും പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളജുമായി സഹകരിച്ച് സ്തനാര്‍ബുദ ബോധവത്ക്കരണ ക്ലാസ് നടത്തും. ഇന്ന് (28) ഉച്ചയ്ക്ക് 1.30ന് പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളജിലാണ് ക്ലാസ്.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിതാ ദാസ് ഉദ്ഘാടനം നിര്‍വഹിക്കും. പമ്പാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി പരമേശ്വര്‍ അധ്യക്ഷത വഹിക്കും. പുളിക്കീഴ് ഐസി ഡിഎസ് സിഡിപിഒ ഡോ. പ്രീതാകുമാരി വിഷയാവതരണം നടത്തും. പരുമല ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷെറിന്‍ ജോസഫ് ക്ലാസ് നയിക്കും.

error: Content is protected !!