Input your search keywords and press Enter.

അമ്മ മലയാളത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളം ശ്രേഷ്ഠ ഭാഷ, മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ നിര്‍വഹിക്കുന്നു.

പത്തനംതിട്ട: അമ്മ മലയാളത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളം ശ്രേഷ്ഠ ഭാഷ, മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

ഭാഷയെ പരിപോഷിപ്പിക്കേണ്ട ഓര്‍മ്മപ്പെടുത്തലാണ് മലയാള ഭാഷാദിനം. പരിവര്‍ത്തനം സംഭവിക്കുന്ന ഭാഷാ ശാഖ കൂടിയായ മലയാള ഭാഷയെ ആഘോഷിക്കുന്നവരായി മാറാന്‍ മലയാളികള്‍ ശ്രമിക്കണം. തലമുറകള്‍ തമ്മിലുള്ള അന്തരം ഭാഷയിലും സംഭവിക്കുന്ന കാലഘട്ടമാണ് ഇത്. ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന ജീവചൈതന്യമുള്ള ഭാഷയാണ് മലയാളം. ഭാഷയുടെ പല മുഖങ്ങളെ ആഗീരണം ചെയ്യുന്ന രീതിയില്‍ സാഹിത്യ ശാഖ തഴച്ചു വളരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ പന്തളം എന്‍എസ്എസ് കോളജിലെ മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. ചെറുകുന്നം പുരുഷോത്തമനെ ജില്ലാ കളക്ടര്‍ പൊന്നാട അണിയിക്കുകയും ഫലകം നല്‍കി ആദരിക്കുകയും ചെയ്തു. ഭരണഭാഷാ പുരസ്‌കാരം നേടിയ കളക്ടറേറ്റിലെ ക്ലാര്‍ക്ക് കണ്ണന്‍ എസ് നായര്‍ക്ക് സത്സേവന രേഖ ജില്ലാ കളക്ടര്‍ സമ്മാനിച്ചു.

അമ്മയ്ക്ക് തുല്യമാണ് നമ്മുടെ മലയാളഭാഷയെന്ന് മുഖ്യാതിഥിയായിരുന്ന പ്രശസ്ത ഗായിക അപര്‍ണ രാജീവ് ഒഎന്‍വി പറഞ്ഞു. എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം എന്ന ഗാനം മുഖ്യാതിഥി ആലപിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രൊഫ. ടി.കെ.ജി നായര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ലോ ഓഫീസര്‍ കെ.എസ്. ശ്രീകേശ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ റവന്യു റിക്കവറി ജേക്കബ് ടി. ജോര്‍ജ്, ഇലക്ഷന്‍ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ഹുസൂര്‍ ശിരസ്തദാര്‍ ബീന. എസ്. ഹനീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, കളക്ടറേറ്റിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!