ഫോട്ടോ: ശിശുദിനാഘോഷത്തിന്റെ ആലോചനായോഗം ഡെപ്യൂട്ടി കളക്ടര്‍ എഫ്. റോയ്കുമാറിന്റെ അധ്യക്ഷതയില്‍ എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്നു
കൊല്ലം ജില്ലാ ശിശുദിനാഘോഷത്തിന് വിപുലമായ പരിപാടികള്‍
ജില്ലാ ഭരണകൂടവും, ജില്ലാ ശിശു വികസന സമിതിയും സംയുക്തമായി നടത്തുന്ന ശിശുദിനാഘോഷത്തിന്റെ ആലോചനായോഗം ഡെപ്യൂട്ടി കളക്ടര്‍ എഫ്. റോയ്കുമാറിന്റെ അധ്യക്ഷതയില്‍ എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്നു. നവംബര്‍ 14ന് രാവിലെ 8:30 ന് സെന്റ് ജോസഫ് സ്കൂളില്‍ നിന്നും ആരംഭിക്കുന്ന ശിശുദിന സന്ദേശ റാലി ജില്ലാ കളക്ടര്‍ അഫ്സാന പര്വ്വീണ് ഫ്ളാഗ് ഓഫ് ചെയ്യും.
അന്ധവിശ്വാസത്തിനെതിരെ, ലഹരിക്കെതിരെ ശാസ്ത്രബോധം വളര്‍ത്തുകയെന്ന സന്ദേശം ഉയര്‍ത്തി നഗരപരിധിയിലെ സ്കൂളുകളില്‍ നിന്നുള്ള രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ റാലിയുടെ ഭാഗമാകും. സ്കൂള്‍ ബാന്റ് ട്രൂപ്പുകള്‍, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് തുടങ്ങി വിവിധ സംഘടനകളും റാലിയില്‍ അണിചേരും. സന്ദേശറാലി ബോയ്സ് ഹൈസ്കൂളില്‍ സമാപിക്കും. പൊതുയോഗത്തില്‍ കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
നവംബര്‍ 13 ന് ജില്ലാ ശിശു ക്ഷേമ സമിതിയുടെയും എന്‍.എസ് സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ എല്‍.പി, യു.പി, എച്ച്.എസ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5001, 3001,2001 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യാത്രാപ്പടി നല്‍കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.