ഫോട്ടോ: പട്ടാമ്പി മണ്ഡലത്തിലെ ആദ്യ മാതൃക അങ്കണവാടി കെട്ടിടം ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കരിപ്പൊട്ടില്ചേരിയില് മുഹമ്മദ് മുഹ്സിന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.
മുഹമ്മദ് മുഹ്സിന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
പട്ടാമ്പി മണ്ഡലത്തിലെ ആദ്യ മാതൃക അങ്കണവാടി കെട്ടിടം ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കരിപ്പൊട്ടില്ചേരിയില് പ്രവര്‍ത്തനം ആരംഭിച്ചു. മുഹമ്മദ് മുഹ്സിന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അങ്കണവാടികള്‍ എന്നത് കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനും ഉള്ള സൗകര്യം മാത്രമല്ലെന്നും അതിനുമപ്പുറം പ്രദേശത്തെ മുതിര്‍ന്ന കുട്ടികള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അവരുടെ ആരോഗ്യപരമായ കാര്യങ്ങളിലെ ഇടപെടലുകള്‍, അവര്‍ക്ക് ആവശ്യമായ പോഷകാഹാരം നല്കല് തുടങ്ങിയവയെല്ലാം അങ്കണവാടികള്‍ക്ക് നല്കാന് കഴിയുമെന്നും എം.എല്‍.എ പറഞ്ഞു. കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍, കളിസ്ഥലം, ശുചിമുറി, ഹൈടെക് ക്ലാസ് റൂം എന്നിവയെല്ലാം ചേര്‍ന്നതാണ് മാതൃക അങ്കണവാടി.
വനിതാ ശിശു വികസന വകുപ്പ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലെ 23,75,000 രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 40 അങ്കണവാടികള്‍ ഉണ്ട്. എല്ലാത്തിനും സ്വന്തമായി സ്ഥലമുണ്ട്. 37 അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടമായി. ബാക്കി മൂന്നെണ്ണത്തിന്റെ കാര്യം 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്നും പരിപാടിയില്‍ അധ്യക്ഷനായ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി രജീഷ് പറഞ്ഞു. വാര്‍ഡ് മെമ്പറായ കെ. അശോകന്, ബ്ലോക്ക് മെമ്പറായ പി. പ്രസന്ന, ഡെവലപ്പ്മെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ പ്രശാന്ത്, ഹെല്‍ത്ത് ആന്‍ഡ് എഡ്യുക്കേഷന്‍ ചെയര്‍പേഴ്സണ്‍ ജലജ ശശികുമാര്‍, വെല്‍ഫയര്‍ ചെയര്‍പേഴ്സണ്‍ കെ. പുഷ്പലത, വിവിധ പാര്‍ട്ടി ജനപ്രതിനിധികള്‍, സി.ഡി.പി.ഒ. വി. ബിന്ദു, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.കെ പ്രഗിത, ഐ.സി.ഡി.എസ് ഓഫീസര്‍ പി. ഉഷ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.