ഫോട്ടോ: സിവില്‍ സ്റ്റേഷന് ചുറ്റും സംഘടിപ്പിച്ച ജീവനക്കാരുടെ കൂട്ടനടത്തം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു
കൊല്ലം: കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ‘സ്വീപ്പിന്റെ’ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന് ചുറ്റും ജീവനക്കാരുടെ കൂട്ടനടത്തം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. സമ്മതിദാന അവകാശം എല്ലാവരും വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കരട്പട്ടിക സംബന്ധിച്ച അപേക്ഷകളും, ആക്ഷേപങ്ങളും ഡിസംബര്‍ എട്ട് വരെ സ്വീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേര്, കുടുംബാംഗങ്ങളുടെ പേരുകള്‍ എന്നിവ കൃത്യമായി പരിശോധിച്ച് ന്യൂനതകള്‍ ഇല്ലെന്ന് ഉറപ്പാക്കണം. താലൂക്ക്, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളില്‍ കരട് പരിശോധിക്കാം എന്നു അറിയിച്ചു.
എ.ഡി.എം ആര്. ബീനറാണി, ജില്ലാ ലോ ഓഫീസര്‍ സോണി ഗോപിനാഥ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്. അഹമ്മദ് കബീര്‍, കെ. ആര്. മിനി, ബി. ജയശ്രീ, എഫ്. റോയികുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ബി.പി. അനി, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.