ഫോട്ടോ: പന്മന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാഫലകത്തിന്റെ അനാച്ഛാദനം റവന്യൂ മന്ത്രി കെ. രാജന്‍. നിര്‍വഹിക്കുന്നു.
കൊല്ലം: ഒരു വര്‍ഷത്തിനകം എല്ലാ റവന്യൂ സംവിധാനങ്ങളുടെയും സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനിലേക്ക് കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. പന്മന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാഫലകം വില്ലേജ് ഓഫീസ് അങ്കണത്തില്‍ അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി.
ഡിജിറ്റലൈസേഷന്റെ ഭാഗമായി ജനപിന്തുണയോടെ ഡിജിറ്റല്‍ റീസര്‍വ്വേ ആരംഭിച്ചു. എല്ലാവരുടെയും ഭൂമിക്ക് രേഖ നല്‍കുന്ന ചരിത്ര ദൗത്യത്തിലാണ് റവന്യൂ വകുപ്പ്. എല്ലാ വില്ലേജ് ഓഫീസുകളും ഭിന്നശേഷി സൗഹൃദമായി പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ ജനകീയ മുഖമായി മാറാന്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് കഴിയണം. ടെണ്ടര്‍ പൂര്‍ത്തിയായ പന്മന വില്ലേജ്ഓഫീസ് നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ. ഡി. എം ആര്‍. ബീനറാണി, തഹസീല്‍ദാര്‍ ഷിബു പോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഷെമി, ജില്ല- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു