കൊല്ലം: കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് വികസിപ്പിച്ച ‘കുഞ്ഞാപ്പ്’ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രചാരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടികളാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കുഞ്ഞാപ്പിലൂടെ ഏതൊരാള്‍ക്കും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. ലൈംഗികാതിക്രമങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, ബാലവേല, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയവയില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനും വിവരം ബന്ധപ്പെട്ടവരെ അറിയിക്കാനും ആപ്ലിക്കേഷനിലൂടെ സാധിക്കും.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.കെ ജംല റാണി, ലീഗല്‍ ഓഫീസര്‍ ബിജിത എസ്.ഖാന്, ചൈല്‍ഡ് റെസ്ക്യൂ ഓഫീസര്‍ രശ്മി രഘുവരന്, ഓ.ആര്.സി കോ-ഓര്‍ഡിനേറ്റര്‍ കാര്‍ത്തിക കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തേവള്ളി സര്‍ക്കാര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസകളിലും പ്രചാരണം നടത്തി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ഫോട്ടോ: വനിതാ ശിശുവികസന വകുപ്പിന്റെ ‘കുഞ്ഞാപ്പ്’ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിക്കുന്നു.