കൊല്ലം: പുനലൂര്‍ തൂക്കുപാലം മുതല്‍ ചെമ്മന്തൂര്‍ സ്റ്റേഡിയം വരെ നടന്ന വിളംബര ഘോഷയാത്രയോടെ നഗരസഭയില്‍ കേരളോത്സവത്തിന് തുടക്കമായി. ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാദേശിക തലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കലാ-കായിക മേഖലകളില്‍ കഴിവ് തെളിയിക്കുന്നതിനുള്ള അവസരമാണ് കേരളോത്സവത്തിലൂടെ ലഭിക്കുന്നതെന്ന് നിമ്മി എബ്രഹാം പറഞ്ഞു. നവംബര്‍ 20 വരെ നഗരസഭയിലെ വിവിധ വേദികളില്‍ കലാ – കായിക മത്സരങ്ങള്‍ അരങ്ങേറും.
മത്സരങ്ങള്‍ക്ക് ആവേശമേകാന്‍ ചെയര്‍പേഴ്സന്റെയും വൈസ് ചെയര്‍മാന്റെയും നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമുകളും മാറ്റുരച്ചു. അഞ്ച് ഓവറില്‍ 80 റണ്‍സ് കരസ്ഥമാക്കിയ ചെയര്‍പേഴ്സന്റെ ടീം വിജയിച്ചു. അത്ലറ്റിക്സ്, ബാസ്ക്കറ്റ് ബോള്‍, ഷട്ടില്‍ ടൂര്‍ണമെന്റ്, ഫുട്ബോള്‍, വടംവലി, കബഡി, ക്രിക്കറ്റ് എന്നീ കായിക മത്സരങ്ങളും ചിത്രരചന, കവിത – കഥാ രചന, ഉപന്യാസം തുടങ്ങിയ വിവിധയിനം കലാ മത്സരങ്ങളും നടക്കും. നഗരസഭയുടെ 35 വാര്‍ഡുകളില്‍ നിന്നും 15നും 40നും ഇടയില്‍ പ്രായമുള്ള മത്സരാര്‍ഥികളാണ് പങ്കെടുക്കുക.
നഗരസഭാ വൈസ് ചെയര്മാന് വി.പി ഉണ്ണികൃഷ്ണന്, സ്ഥിരംസമിതി അധ്യക്ഷരായ ഡി. ദിനേശന്, കനകമ്മ, വസന്ത രഞ്ജന്‍, പി.എസ് പുഷ്പലത, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: പുനലൂര്‍ നഗരസഭയില്‍ ആരംഭിച്ച കേരളോത്സവം ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം നിര്‍വഹിക്കുന്നു