Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (18/11/2022) : Part 1

അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും : ഡെപ്യൂട്ടി സ്പീക്കര്‍ അതിവേഗം, ബഹുദൂരം കൊടുമണ്‍; കായികമേളയ്ക്ക് തുടക്കമായി ട്രാക്കും ഫീല്‍ഡും ഉണര്‍ന്നു

കായിക താരങ്ങള്‍ക്ക് അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. റവന്യൂജില്ല കായികമേളയുടെ ഉദ്ഘാടനം കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. മേളയ്ക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സൗകര്യങ്ങളും പ്രാഥമിക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ടന്നും മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ മേളയ്ക്ക് സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കോവിഡിന് ശേഷം നടക്കുന്ന കായികമേള ആയതിനാല്‍ ഒട്ടേറെ പുതുമകളോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയത്തില്‍ ആദ്യമായാണ് ജില്ലാ കായികമേള നടക്കുന്നത്.

11 ഉപജില്ലകളില്‍ നിന്നായി 1500 ഓളം കായിക താരങ്ങള്‍ ഇവിടെ മാറ്റുരയ്ക്കും. 98 ഇനങ്ങളിലാണ് മത്സരം.ഓരോ ഇനത്തിലും ഉപ ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കായികതാരങ്ങളാണ് ജില്ല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ആണ് നടക്കുന്നത്. പത്തൊന്‍പതിന് മേള സമാപിക്കും.

ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബീനപ്രഭ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് രേണുഭായി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ആര്‍.ബി രാജീവ്കുമാര്‍, സി.പ്രകാശ്, വി.ആര്‍ ജിതേഷ് കുമാര്‍, വി.എ വിജയന്‍നായര്‍, സിനി ബിജു, എ.ജി ശ്രീകുമാര്‍, പുഷ്പലത, അഞ്ജന ബിനുമാര്‍, വി.കെ അശോക് കുമാര്‍, ആര്‍.സിന്ധു, ഷീലാകുമാരിയമ്മ, സീമാ ദാസ്, ഷീലാകുമാരി, ദിലീപ്കുമാര്‍, കുഞ്ഞന്നാമ്മകുഞ്ഞ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

സഹകരണ മേഖലയില്‍ സംസ്ഥാനം കൈവരിച്ചത് വന്‍ മുന്നേറ്റം: ഡെപ്യൂട്ടി സ്പീക്കര്‍

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചനകള്‍ നടത്തുന്നതായും കേരളത്തില്‍ സഹകരണ ബാങ്കുകള്‍ നടത്തുന്നത് വന്‍ മുന്നേറ്റമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അറുപത്തി ഒന്‍പതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി അടൂര്‍ സഹകരണ സര്‍ക്കിള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് കേരളത്തിലെ സഹകരണമേഖല കൈവരിച്ചിട്ടുള്ളത്. ദുഷ്പ്രചരണങ്ങളെ കേരളത്തിലെ സഹകാരികള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പിക്കണമെന്നും സ്വകാര്യമേഖലയിലെ ചൂഷണത്തിനെതിരെ പൊരുതാന്‍ സഹകരണ മേഖല ശക്തമായി നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു.

സഹകരണ സര്‍ക്കിള്‍ യൂണിറ്റ് ചെയര്‍മാന്‍ പി.ബി ഹര്‍ഷകുമാര്‍ അധ്യക്ഷനായിരുന്നു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ബി ഹിരണ്‍, നഗരസഭ ചെയര്‍മാന്‍ ഡി.സജി, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ.അനില്‍, സഹകരണ സര്‍ക്കിള്‍ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് എക്‌സ് ഒഫിഷല്‍ മെമ്പര്‍ ജി.സജീവ്കുമാര്‍, റ്റി .ഡി ബൈജു, അഡ്വ. എസ്.മനോജ്, അഡ്വ.എ.താജുദ്ദീന്‍, അഡ്വ.ജോസ് കളീക്കല്‍, ഏഴംകുളം അജു, ബാബു ജോണ്‍ , ജി. കൃഷ്ണകുമാര്‍, കെ. എന്‍ സുദര്‍ശന്‍, കെ. പദ്മിനിയമ്മ, ഡോ. ജോര്‍ജ് വര്‍ഗ്ഗീസ് കൊപ്പാറ, നെല്ലിക്കുന്നില്‍ സുമേഷ്, കെ. ജി വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് സഹകരണമേഖല സമകാലീന കാലഘട്ടത്തിലെ പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ റിട്ടേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ എച്ച്. അന്‍സാരി ക്ലാസ് നയിച്ചു.

 

43 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

ജില്ലയിലെ 43 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ 2022- 23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതി ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. പന്തളം, പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികള്‍, കോയിപ്രം, കോന്നി ബോക്ക് പഞ്ചായത്തുകള്‍, 38 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ ആകെ 43 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്. അതിദാരിദ്രര്‍ക്കുളള മൈക്രോ പ്ലാനുകള്‍, പ്രാദേശിക സാമ്പത്തിക വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍, തെരുവുനായ നിയന്ത്രണത്തിനുള്ള പദ്ധതികള്‍, ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

പദ്ധതി പരിഷ്‌കരണം നടത്തിയിട്ടില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ മാസം 21ന് മുമ്പ് പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നിര്‍വഹണ പുരോഗതി ഉറപ്പു വരുത്തണം. സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലാത്ത എല്ലാ പദ്ധതികള്‍ക്കും എത്രയും വേഗം അവ ലഭ്യമാക്കണം. ത്രിതല പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന സംയുക്ത പദ്ധതികളുടെ പൂര്‍ത്തീകരണം ഉറപ്പാക്കണം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രത്യേക ധനസഹായം ലഭിച്ചിട്ടുള്ള പഞ്ചായത്തുകള്‍ നിര്‍ദ്ദിഷ്ട പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല ആസൂതണ സമിതി അംഗങ്ങളായ സാറാ തോമസ്, രാജി.പി.രാജപ്പന്‍, എസ്.വി. സുബിന്‍, വി.റ്റി. അജോമോന്‍, സി.കെ ലതാകുമാരി, ലേഖ സുരേഷ്, ബീന പ്രഭ, ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍, ആര്‍. അജയകുമാര്‍, ജിജി മാത്യു, രാജി ചെറിയാന്‍, പി.കെ.അനീഷ്, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി.രാധാക്യഷ്ണന്‍, ജില്ല പ്ലാനിംഗ് ഓഫിസര്‍ സാബു.സി.മാത്യു, അസി.ജില്ല പ്ലാനിംഗ് ഓഫിസര്‍ ജി. ഉല്ലാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 21ന്

മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ സിറ്റിംഗ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നവംബര്‍ 21ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു. ഫോണ്‍ : 9447 556 949.

 

ഡെങ്കിപ്പനി വ്യാപിക്കുന്നു അതീവശ്രദ്ധ വേണം: ഡിഎംഒ

ജില്ലയുടെ കൂടുതല്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. കോട്ടാങ്ങല്‍, ഏനാദിമംഗലം, പന്തളംതെക്കേക്കര, പെരിങ്ങര, അരുവാപ്പുലം, പുറമറ്റം, റാന്നി പെരുനാട്, തുമ്പമണ്‍, ആനിക്കാട് പഞ്ചായത്ത് പ്രദേശത്തുനിന്നാണ് ഈ മാസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ കോട്ടാങ്ങലില്‍ ഒരു മരണവും ഉണ്ടായി. ഇടവിട്ട് പെയ്യുന്ന മഴമൂലം വീടിനു ചുറ്റും അലക്ഷ്യമായി കിടക്കുന്ന വസ്തുക്കളില്‍ വെള്ളം കെട്ടി നില്‍ക്കാനും അവയില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് മുട്ടയിട്ട് വ്യാപിക്കാനും ഉള്ള സാഹചര്യമാണുള്ളത്.

 

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

വീടിന്റെ പരിസരത്ത് വെള്ളം ശേഖരിക്കപ്പെടാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, പൊട്ടിയ കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചിരട്ട, മുട്ടത്തോട് തുടങ്ങിയവയിലെ വെള്ളം കളഞ്ഞശേഷം അവ ശേഖരിച്ച് വെള്ളം വീഴാത്ത സ്ഥലത്ത് സൂക്ഷിക്കുകയോ ശരിയായ വിധം ഒഴിവാക്കുകയോ ചെയ്യുക. വീടിനു വെളിയില്‍ ഉപയോഗത്തിലുള്ള ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നില്ലെന്ന് ഉറപ്പു വരുത്തണം. മണിപ്ലാന്റ് വളര്‍ത്തുന്ന പാത്രത്തിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റണം.

ചെടിച്ചെട്ടിയുടെ അടിയിലെ പാത്രത്തില്‍ ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റുക. സ്ഥിരമായി ഉപയോഗിക്കാത്ത ക്ലോസെറ്റിലെ വെള്ളത്തില്‍ മണ്ണെണ്ണ, ഡീസല്‍ തുടങ്ങിയവ ഒഴിച്ച് കൂത്താടി വളരുന്നില്ലെന്ന് ഉറപ്പു വരുത്തുക. വീടിന്റെ മുകള്‍ഭാഗം, സണ്‍ഷെയ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാത്തവിധം വൃത്തിയാക്കുക. ഓവര്‍ ഹെഡ് ടാങ്കുകള്‍ക്ക് ശരിയായവിധം മൂടി ഉണ്ടെന്ന് ഉറപ്പാക്കണം.

കെട്ടിട നിര്‍മ്മാണത്തിനായും വീട്ടാവശ്യത്തിനായും ശേഖരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും ഒഴിവാക്കി ഉള്‍വശം നന്നായി ഉരച്ചു കഴുകിയശേഷം മാത്രം വീണ്ടും വെള്ളം ശേഖരിക്കുക. കക്കൂസ് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ മുകള്‍ഭാഗത്ത് കൊതുക് പുറത്തു വരാത്തവിധം വലകെട്ടുക. ശരീരം പരമാവധി മൂടുന്നവിധം വസ്ത്രം ധരിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക.

 

ജില്ലാ പഞ്ചായത്തിന്റെ സൗജന്യ മരുന്നു വിതരണം: അപേക്ഷ ക്ഷണിച്ചു

അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് സൗജന്യ മരുന്നു വിതരണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിശ്ചയിച്ച പ്രകാരം ആനുകൂല്യം ലഭിക്കേണ്ട ഗുണഭോക്താക്കള്‍ നവംബര്‍ 25ന് മുന്‍പ് ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കരള്‍, കിഡ്നി, ഹൃദയം എന്നിവ ശസ്ത്രക്രിയയിലൂടെ മാറ്റി വെച്ചവര്‍ക്ക് വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അവയവ മാറ്റം നടത്തിയതിന്റെ രേഖകള്‍, വാര്‍ഷിക വരുമാനം തെളിയിക്കുന്ന രേഖകകളും ഹാജരാക്കണം.

 

കേരള മീഡിയ അക്കാദമി: വീഡിയോ എഡിറ്റിംഗ് കോഴ്സ്

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് നവംബര്‍ 25വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറു മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസയോഗ്യത പ്ലസ് ടു. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും.

അപേക്ഷകള്‍ ഓണ്‍ലൈനായി keralamediaacademy.org വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25. ഫോണ്‍: 0484 2 422 275, 9447 607 073.

 

സൗജന്യ മത്സരപരീക്ഷാ പരിശീലനം

അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷന്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്എസ്എല്‍ സി /പ്ലസ് ടു/ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി പരിശീലനം ആരംഭിക്കും. നവംബര്‍ 23ന് ആരംഭിക്കുന്ന സൗജന്യ മത്സരപരീക്ഷാ ക്ലാസുകള്‍ക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 21ന് മുന്‍പായി അടൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0473 4 224 810.

 

പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങള്‍ നടത്തും

ലോകമണ്ണ് ദിനമായ ഡിസംബര്‍ അഞ്ചിന് ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വെട്ടിപ്പുറം ഗവ. എല്‍.പി.എസില്‍ നവംബര്‍ 26ന് രാവിലെ 9.30ന് പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങള്‍ നടത്തും. പെയിന്റിംഗ് (വാട്ടര്‍ കളര്‍ ) യു.പി വിഭാഗത്തിനും ഉപന്യാസ രചന മത്സരം എച്ച്.എസ് വിഭാഗത്തിനുമാണ് നടത്തുന്നത്. മത്സരാര്‍ഥികള്‍ 0468 2323105, 9495 117 874 എന്നീ ഫോണ്‍ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വെബ്സൈറ്റ് : [email protected].

 

കോന്നി മെഡിക്കല്‍ കോളജില്‍ ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പിജി കോഴ്‌സ് ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പി ജി കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം വിദ്യാര്‍ഥികളുടെയും നാടിന്റെയും സ്വപ്ന സാഫല്യമാണ്. ഈ വര്‍ഷം എംബിബിഎസ് ക്ലാസ് ആരംഭിക്കുന്നതിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജിനെ പോസ്റ്റ് ഗ്രാജുവേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനഫലമായാണ് നാടിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ എന്നതിനപ്പുറം സാമൂഹ്യ സേവനമാണ് ആരോഗ്യരംഗമെന്നും മന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു.

വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രവേശനോത്സവത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി അത്യാധുനിക ഉപകരണങ്ങള്‍ ആണ് എത്തിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍ നിന്നാണ് കോന്നി മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമായതെന്നും എംഎല്‍എ പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. കോന്നി ഗവ. മെഡിക്കല്‍ കോളേജ് എംബിബിഎസ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയ 79 വിദ്യാര്‍ഥികളെ ആശുപത്രി കവാടത്തില്‍ വച്ച് മന്ത്രിയും എംഎല്‍എയും കളക്ടറും അടങ്ങുന്ന സംഘം സ്വീകരിച്ചു. ഇനി രണ്ട് അലോട്‌മെന്റുകള്‍ കൂടി നടക്കാനുണ്ട്. കോന്നി മെഡിക്കല്‍ കോളേജില്‍ 100 സീറ്റാണ് അനുവദിച്ചത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, കോന്നി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി,ഡിഎംഇ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.അബ്ദുള്‍ റഷീദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്‍, എന്‍ എച്ച് എം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, കോന്നി ഗവ. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെസി ജോബ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്

മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തുലോക നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ വാര്യാപുരം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിര്‍വ്വഹിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. തോമസ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

കോഴഞ്ചേരി – തിരുവനന്തപുരം ഫാസ്റ്റ് ബസ് യാഥാര്‍ത്ഥ്യമായി

കോഴഞ്ചേരിക്കാരുടെ ചിരകാല ആവശ്യമായ കോഴഞ്ചേരി- തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. കോഴഞ്ചേരി – തിരുവനന്തപുരം ബസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ചേര്‍ന്ന് ഫ്‌ളാഗോഫ് ചെയ്തു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കോഴഞ്ചേരിയിലേയും സമീപ മേഖലകളിലെയും ആളുകള്‍ക്ക് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേയ്ക്ക് എത്താന്‍ ഏക ആശ്രയമായിരുന്ന കോഴഞ്ചേരി – തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസ്. എന്നാല്‍ ഇടക്കാലത്ത് സര്‍വീസ് അവസാനിപ്പിച്ചത് ഇന്നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വീണാ ജോര്‍ജ് നടത്തിയ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇടപെട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിച്ചത്.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി. ഈശോ, ബിജോ പി.മാത്യു, ചെറുകോൽ പഞ്ചായത്ത് അംഗം ജെസി നിർമൽ എന്നിവർ പങ്കെടുത്തു.

error: Content is protected !!