Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (18/11/2022) : Part 1

സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ സജീവമാകണം: നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍

അഭിപ്രായ സ്വാതന്ത്ര്യത്തിനും സാമൂഹിക മുന്നേറ്റത്തിനുമായി സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍. ശ്രീ നാരായണ വനിതാ കോളജില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ നേതൃത്വത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്-ഹിസ്റ്ററി വകുപ്പുകളും ഐ.ക്യു.എ.സിയും സംയുക്തമായി സംഘടിപ്പിച്ച ‘ഇന്ത്യയിലെ സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം; സാധ്യതകളും വെല്ലുവിളികളും’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ സമസ്ത മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കുകയും വേണം. വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം ആര്‍ജിക്കണം. സമൂഹത്തില്‍ ശ്രദ്ധേയസ്ഥാനം നേടിയെടുക്കണം. തുല്യസ്ഥാനങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് ക്യാമ്പസുകളില്‍ നിന്ന് ചര്‍ച്ച തുടങ്ങണം. സ്ത്രീശാക്തീകരണത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. കുടുംബശ്രീ പ്രസ്ഥാനമാണ് ഉത്തമ ഉദാഹരണമാണെന്നും സ്പീക്കര്‍ പറഞ്ഞു.

എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ എ. കെ. സവാദ്, പ്രിന്‍സിപ്പല്‍ ഡോ. ആര്‍. സുനില്‍ കുമാര്‍, ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ എസ്. ശേഖരന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

പാല്‍, മുട്ട, മാംസം, പച്ചക്കറി തുടങ്ങിയവയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തിനാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും പോരുവഴി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന കെപ്‌കോ വനിതാ മിത്രം 1000 കുടുംബങ്ങള്‍ക്ക് കോഴിയും തീറ്റയും പദ്ധതിയുടെ വിതരണോദ്ഘാടനം ദേവഗിരിമലയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന വ്യാപകമായി ബ്ലോക്ക് പഞ്ചായത്തുകളില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ‘100 കോഴിയും കൂടും’, സ്‌കൂളുകളില്‍ ‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’, വിധവകള്‍ക്ക് കൈത്താങ്ങുമായി ‘ആശ്രയ’ എന്നീ പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. പോരുവഴി ഗ്രാമപഞ്ചായത്തില്‍ വനിതാമിത്രം പദ്ധതിക്കായി 14 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയിലൂടെ ആറ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ചു കോഴിയും തീറ്റയും വിതരണം ചെയ്യും. ആശ്രയ പദ്ധതിയിലൂടെ തൊഴില്‍ ഇല്ലാത്ത വീട്ടമ്മമാരായ വിധവകള്‍ക്ക് 10 കോഴിയും മൂന്ന് കിലോ തീറ്റയും നല്‍കും. പോരുവഴി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയില്‍ ഉള്‍പ്പെട്ട 1000 വനിതകള്‍ക്ക് 10 കോഴിയും മൂന്ന് കിലോ തീറ്റയും, മരുന്നും അടങ്ങുന്ന യൂണിറ്റാണ് വിതരണം ചെയ്തത്.

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.കെ. മൂര്‍ത്തി, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കുളമ്പ്‌രോഗ നിര്‍മാര്‍ജനം ലക്ഷ്യം : മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്ത് എട്ട് വര്‍ഷത്തിനുള്ളില്‍ കുളമ്പ്‌രോഗ നിര്‍മാര്‍ജ്ജനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പോരുവഴി ഗ്രാമപഞ്ചായത്തിലെ ദേവഗിരിമലയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ക്ഷീര-മൃഗപരിപാലന മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ സമഗ്ര പദ്ധതികളാണ് നടപ്പാക്കുന്നത്. കാലി-കോഴിത്തീറ്റ നിയന്ത്രണം സംബന്ധിച്ച് നിയമനിര്‍മാണത്തിനായി ഇതര സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി വരികയാണ്.

21 ദിവസത്തെ വാക്‌സിനേഷന്‍ യജ്ഞത്തിനായി സംസ്ഥാനത്ത് 1916 സ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കി. വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് സംബന്ധിച്ച ബോധവല്‍ക്കരണവും, പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടില്ലാത്ത നായ്ക്കളുടെ വിവരശേഖരണവും, ക്ഷീരകര്‍ഷര്‍ സംഘങ്ങള്‍ക്കും വീടുകള്‍ക്കുമായി വിതരണം ചെയ്യുന്ന പാലിന്റെ കണക്ക് ശേഖരിച്ച് പാലിന്റെ ഉദ്പാദന വര്‍ധന കണക്കാക്കും. ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സബ്‌സിഡിയുടെ രണ്ടാംഗഡു സബ്‌സിഡി മൂന്ന് മാസത്തെ ഒരുമിച്ച് നവംബര്‍ അവസാനത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി.

സംസ്ഥാനത്തെ 1341996 പശുക്കളെയും 101504 എരുമകളെയും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്ന പദ്ധതി ഡിസംബര്‍ എട്ടിന് സമാപിക്കും. ജില്ലയില്‍ 119193 പശുക്കളെയും എരുമകളെയും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുകയാണ് ലക്ഷ്യം.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ. അജിലാസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

4000 തൊഴില്‍ അവസരങ്ങള്‍നിയുക്തി 2022- മെഗാ തൊഴില്‍മേള നവംബര്‍ 26ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയ്ബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 26ന് രാവിലെ ഒമ്പത് മണി മുതല്‍ ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ നിയുക്തി -2022 മെഗാ തൊഴില്‍മേള നടത്തും. ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

സ്വകാര്യമേഖലയിലെ 40 സ്ഥാപനങ്ങളിലെ 4000 ഒഴിവുകളിലേക്കാണ് തൊഴില്‍മേള നടത്തുന്നത്. ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ട്‌സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍, എന്‍ജിനീയറിങ്, എച്ച്. ആര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ് എന്നീ വിഭാഗങ്ങളിലുള്ള തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ്.ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, എന്‍ജിനീയറിങ്, പാരാമെഡിക്കല്‍, മാനേജ്‌മെന്റ് യോഗ്യതയുള്ള 35 വയസ് വരെ പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. www.jobfest.kerala.gov.in വെബ്‌സൈറ്റില്‍ നവംബര്‍ 21നകം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍ -0474 2740615, 0474 2746789.

 

ഹരിത കര്‍മസേന സംഗമം സംഘടിപ്പിച്ചു

ഇത്തിക്കര ബ്ലോക്ക് പരിധിയിലെ ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, ചിറക്കര, പൂതക്കുളം, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേന അംഗങ്ങളുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള ഉദ്ഘാടനം ചെയ്തു.

ക്ലാസുകള്‍, സെമിനാറുകള്‍, ഗ്രൂപ്പ് ചര്‍ച്ച, പ്രസന്റേഷന്‍, പ്രദര്‍ശനം, ആരോഗ്യ പരിശോധന എന്നിവ അനുബന്ധമായി സംഘടിപ്പിച്ചു. ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ നാസിംഷാ, ഐ.ആര്‍.റ്റി.സി റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ എം.ലിജു, ജെ.എച്ച്.ഐ സുനിത എന്നിവര്‍ നേതൃത്വ നല്‍കി.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് സരിത പ്രതാപ് അധ്യക്ഷയായി. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

താമസ സൗകര്യം ഏര്‍പ്പെടുത്തി

ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 30 വരെ നടക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് റെയില്‍വേ കമ്മ്യൂണിറ്റി ഹാളില്‍ താമസസൗകര്യം ലഭ്യമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

വയനാട് ഉല്ലാസയാത്ര നാളെ (നവംബര്‍ 17) ബുക്കിംഗ് തുടരുന്നു

ജില്ലാ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 17 ന് രാത്രി 7.30 ന് കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് വയനാട്ടിലേക്ക് ഉല്ലാസയാത്ര നടത്തും. ജംഗില്‍ സഫാരിയും മൂന്നു ദിവസത്തെ സൈറ്റ് സീയിങ്ങും പ്രവേശന ഫീസും ഡോര്‍മെട്രി സൗകര്യവും ഉള്‍പ്പെടെ ഒരാള്‍ക്ക് 4100 രൂയാണ് ഈടാക്കുന്നത്. ആദ്യ ദിവസം ലക്കിടി വ്യൂ പോയിന്റ്, കരിന്തണ്ടന്‍ ക്ഷേത്രം, ചങ്ങല മരം ,’എന്‍ ഊര്’ പൈതൃക ഗ്രാമം ,പൂക്കോട് തടാകം, ഹണി മ്യൂസിയം, കാരപ്പുഴ ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

രണ്ടാം ദിവസം പഴശ്ശി സ്മാരകം, കുറുവാ ദ്വീപ്, ബാണാസുര സാഗര്‍ ഡാം സന്ദര്‍ശിച്ച് മുത്തങ്ങ വന്യജീവി സാങ്കേതിലേക്കും ബത്തേരിയിലെ ഇരുളം വന മേഖലയിലേക്ക് ജംഗിള്‍ സഫാരിയും നടത്തും.

മൂന്നാം ദിവസം വയനാട്ടിലെ ജൈന ക്ഷേത്രം, എടക്കല്‍ ഗുഹ, അമ്പല വയലിലെ ഹെറിറ്റേജ് മ്യൂസിയം, സൂചിപ്പാറ വെള്ളച്ചാട്ടവും സന്ദര്‍ശച്ച് 20 ന് വൈകിട്ട് തിരികെ പുറപ്പെട്ട് പിറ്റേന്ന് രാവിലെ അഞ്ചിന് കൊല്ലം ഡിപ്പൊയില്‍ എത്തിചേരുന്നു. വിവരങ്ങള്‍ക്ക്: 8921950093, 9496675635, 9447721659.

 

നവീകരിച്ച സര്‍ജിക്കല്‍ വാര്‍ഡുകള്‍ നാളെ (നവംബര്‍ 17) തുറക്കും

ജില്ലാ ആശുപത്രിയില്‍ സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കുമായുള്ള നവീകരിച്ച സര്‍ജിക്കല്‍ വാര്‍ഡുകള്‍ നാളെ (നവംബര്‍ 17) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ തുറന്ന് നല്‍കും. 30 ലക്ഷം രൂപ വിനിയോഗിച്ച് ഡോ. ശിവരാമകൃഷ്ണ പിള്ള ചാരിറ്റബിള്‍ ട്രസ്റ്റാണ് വാര്‍ഡുകള്‍ പുനരുദ്ധാരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി. കെ. ഗോപന്‍ അധ്യക്ഷനാകും. രണ്ട് വാര്‍ഡുകളിലായി 90 കിടക്കകളുണ്ട്. ഡോക്ടര്‍ ശിവരാമകൃഷ്ണ പിള്ളയുടെ ഭാര്യ എല്‍. രാധികാ ദേവി, മക്കളായ ഡോ. എസ്. ഉണ്ണികൃഷ്ണന്‍, ഡോ. ലക്ഷ്മി അരുണ്‍ ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

 

ആസൂത്രണ സമിതി യോഗം നാളെ (നവംബര്‍ 17)

വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം നാളെ (നവംബര്‍ 17ന്) ഉച്ചയ്ക്ക് രണ്ടിന് ആസൂത്രണ സമിതി കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

ഉത്സവമേഖല

ചവറ പൊ•ന കാട്ടില്‍മേക്കതില്‍ ശ്രീദേവിക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നവംബര്‍ 17 മുതല്‍ 28 വരെ ക്ഷേത്രവും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കോവിഡ് മാനദണ്ഡം, ഹരിതചട്ടം എന്നിവ പാലിക്കണം. ഭക്ഷ്യസുരക്ഷാ നിയമലംഘനം, ശബ്ദ-പരിസര മലിനീകരണം എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ക്രമസമാധാനപാലനത്തിനും ഗതാഗതനിയന്ത്രണത്തിനും പൊലീസ് സംവിധാനം ഏര്‍പ്പെടുത്തും. അനധികൃത മദ്യവില്‍പന, ലഹരി വസ്തുക്കളുടെ വിതരണം എന്നിവ തടയുന്നതിന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ചുമതല നല്‍കി.

 

പാചകവാതകം നിറച്ച സിലിണ്ടറുകള്‍ പിടിച്ചെടുത്തു

ബില്ലോ അനുബന്ധരേഖകളോ ഇല്ലാതെ വിതരണത്തിനായി കൊണ്ടുപോയ 93 പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. പാചകവാതക ദുരുപയോഗം നടക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പട്ടികജാതി വികസനവകുപ്പിന്റെ അയ്യങ്കാളി ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. മുന്‍ വര്‍ഷത്തെ വാര്‍ഷികപരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം.

ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പറേഷന്‍, പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷാ ഫോം ലഭിക്കും. ജാതി, വരുമാനം (ഒരു ലക്ഷം രൂപയില്‍ താഴെ), ആധാര്‍, ബാങ്ക്പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തതിന്റെ സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പറേഷന്‍, പട്ടികജാതി വികസന ഓഫീസുകളില്‍ നവംബര്‍ 30 നകം സമര്‍പ്പിക്കാം. ഫോണ്‍- 0474 2794996.

 

കൗണ്‍സിലര്‍ ഒഴിവ്

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിധിയിലുള്ള ലൗലാന്റ് ടി. ജി പ്രോജക്ടിലെ കൗണ്‍സിലര്‍ തസ്തികയില്‍ ഒഴിവ്. എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എസ്.സി സൈക്കോളജിയാണ് യോഗ്യത. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി ലൗലാന്റ് ടി. ജി സുരക്ഷ പ്രോജക്ടിന്റെ ശക്തികുളങ്ങരയുള്ള ഓഫീസില്‍ നവംബര്‍ 21 ന് രാവിലെ 10 ന് ഹാജരാകണം. ഫോണ്‍ : 0474 2796606, 7012071615

 

യോഗ പരിശീലനം

മുഖത്തല ബ്ലോക്ക്പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 18നും 45നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമായ വയോജനങ്ങള്‍ക്കും യോഗപരിശീലനം നല്‍കും. അടുത്തുള്ള അങ്കണവാടികളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474 2504411, 8281999106.

 

അറിയിപ്പ്

നവംബര്‍ 17 മുതല്‍ കടപ്പാക്കട കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 1.15 വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മൂന്നു വരെയും മാത്രമേ പ്രവര്‍ത്തിക്കൂവെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

അഭിമുഖം നവംബര്‍ 19 ന്

കൊല്ലം മനയില്‍ക്കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്, ഡ്രസ്സ് മേക്കിംഗ് ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് നവംബര്‍ 19ന് രാവിലെ 11 ന് അഭിമുഖം നടത്തും.

ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനിലുള്ള എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും രണ്ടു വര്‍ഷ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ് ട്രേഡിലുള്ള എന്‍.ടി.സി/ എന്‍.എ.സി യും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ് ട്രേഡിലേക്ക് അപേക്ഷിക്കാം.

ഫാഷന്‍ ആന്‍ഡ് അപ്പാരല്‍ ടെക്നോളജിയിലെ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ഡ്രസ് മേക്കിംഗ് / ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്നോളജി/ കോസ്റ്റ്യൂം ഡിസൈനിംഗിലുള്ള ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ് മേക്കിംഗ് ട്രേഡിലുള്ള എന്‍.ടി.സി /എന്‍.എ.സിയും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവുമാണ് ഡ്രസ് മേക്കിംഗ് ട്രേഡിലേക്കുള്ള യോഗ്യത. അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും ഐ. ടി. ഐയില്‍ ഹാജരാക്കണം. ഫോണ്‍: 0474 2793714.

 

കേബിളുകളില്‍ ടാഗ് സ്ഥാപിക്കണം

കെ.എസ്.ഇ.ബി.എല്‍ കൊല്ലം ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയിലുള്ള പോസ്റ്റുകളില്‍ കേബിള്‍ ടി.വി, ഇന്റര്‍നെറ്റ് കേബിളുകള്‍ വലിച്ചുപയോഗിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നവംബര്‍ 17 നകം സ്ഥാപനത്തിന്റെ ടാഗ് സ്ഥാപിക്കണം. ടാഗ് സ്ഥാപിക്കാത്തപക്ഷം പോസ്റ്റുകളില്‍ നിന്നും കേബിളുകള്‍ ഒഴിവാക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ഫുട്‌ബോള്‍ ലോക കപ്പ് ബിഗ് സ്‌ക്രീനില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘാടക സമിതിയോഗം 19ന്

കാല്‍പന്തുകളിയുടെ ആവേശം കൂറ്റന്‍ സ്‌ക്രീനിലേക്ക് പകര്‍ത്തി ആവേശമുണര്‍ത്താന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടം മുതലുള്ള മത്സരങ്ങളാണ് തത്സമയം എല്‍.ഇ.ഡി വോള്‍ വഴി പ്രദര്‍ശിപ്പിക്കുക. കാണികള്‍ക്ക് ആവേശം പകരാനുള്ള സജ്ജീകരണം ഒരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘാടക സമിതിയോഗം നവംബര്‍ 19ന് നാലു മണിക്ക് ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ ചേരുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണ്സ്റ്റ് അറിയിച്ചു. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1500 ലധികം ക്ലബ്ബുകളുടെ പ്രതിനിധികള്‍, വിവിധ ഫുട്‌ബോള്‍ രാജ്യങ്ങളുടെ ആരാധകരുള്‍പ്പെടുന്ന ഫാന്‍സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍, കായിക പ്രേമികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

 

റേഡിയോ പ്രക്ഷേപണവും മലയാളഭാഷയും’ – സംവാദസദസ് ഇന്ന് (നവംബര്‍ 17)

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലയാളമിഷന്റെയും എസ്.എന്‍ വനിതാ കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘റേഡിയോ പ്രക്ഷേപണവും മലയാള ഭാഷയും’ എന്ന വിഷയത്തിലുള്ള സംവാദസദസ് നവംബര്‍ 17ന് രാവിലെ 10.30 ന് എസ്.എന്‍ വനിതാ കോളജില്‍ നടക്കും. മലയാളമിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം നിര്‍വഹിക്കും. കോളേജ് പ്രിന്‍സിപ്പാല്‍ ഡോ.ആര്‍.സുനില്‍ കുമാര്‍ അധ്യക്ഷനാകും.

മുന്‍കാല ആകാശവാണി വാര്‍ത്താ അവതാരകരായ എം.രാമചന്ദ്രന്‍, സുഷമ, ആകാശവാണിയുടെ പ്രോഗ്രാം എക്സിക്യൂട്ടീവ് മുഖത്തല ശ്രീകുമാര്‍, പുതുതലമുറയിലെ എഫ്.എം. റേഡിയോ ജോക്കിമാരായ ചിഞ്ചു, (റെഡ് എഫ്.എം), വൈശാഖ് (ക്ലബ് എഫ്.എം), എസ്.എന്‍.വനിതാ കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഡി.ആര്‍ വിദ്യ എന്നിവരാണ് പങ്കെടുക്കുക. ഐ.പി.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ സലിന്‍ മാങ്കുഴി മോഡറേറ്ററാകും. കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ നാഫി മുഹമ്മദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ്.ദിലീപ് കുമാര്‍ നന്ദിയും പറയും.

 

‘ബാലനിധി’ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി

വനിതാ-ശിശുവികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘ബാലനിധി സ്വരൂപണ ഫണ്ട്’ ക്യൂ.ആര്‍ കോഡ് പ്രൊമോഷന്‍, ‘കുഞ്ഞാപ്പ്’ മൊബൈല്‍ ആപ്പ്, ലഹരിവിരുദ്ധ ക്യാമ്പയിന്‍ എന്നിവയുടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. പ്രചാരണത്തിന്റെ ഭാഗമായ വാഹനം ‘കുട്ടിപേടകത്തിന്റെ’ ഫ്‌ളാഗ് ഓഫ് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ കളക്ടറേറ്റില്‍ നിര്‍വഹിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ‘കുട്ടിപേടകം’ സഞ്ചരിക്കും.

സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുള്ള ബാലനിധി സ്വരൂപണഫണ്ടിലേക്ക് ക്യാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുകവഴി സംഭാവനകള്‍ നല്‍കാം. ബാലനിധിയുടെ പരിധിയില്‍ വരുന്ന കുട്ടികളുടെ ക്ഷേമം, പുനരധിവാസം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ പണം സ്വരൂപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ. കെ. ജംല റാണി, ലീഗല്‍ ഓഫീസര്‍ ബിജിത എസ്. ഖാന്‍, ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രശ്മി രഘുവരന്‍, ഓ.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ കാര്‍ത്തിക കൃഷ്ണന്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!