Input your search keywords and press Enter.

നായ്പ്രജനന നിയന്ത്രണ പദ്ധതി: പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും

കൊല്ലം: ജില്ലയില്‍ നടപ്പിലാക്കുന്ന നായ്പ്രജനന നിയന്ത്രണ (എ.ബി.സി) പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമാക്കും. പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ 68 പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി നടപ്പിലാക്കുന്ന വന്ധ്യംകരണ നടപടികള്‍ ഇടവേളയില്ലാതെ തുടരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് ധാരണയായി.

രണ്ട് ബ്ലോക്ക്പഞ്ചായത്തുകള്‍ക്ക് ഒന്ന് വീതം ശസ്ത്രക്രിയാനന്തര നായ്‌സംരക്ഷണകേന്ദ്രം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുഖത്തല ബ്ലോക്കില്‍ തുടങ്ങുകയാണ്. നെടുമ്പന, മയ്യനാട്, ഇളമ്പള്ളൂര്‍, കണ്ണനല്ലൂര്‍, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പരിധിയിലുള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സംവിധാനം പ്രയോജനകരമാകും എന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ വ്യക്തമാക്കി.

ഇടതടവില്ലാതെ നടത്തിയാല്‍ മാത്രമേ നായ്‌പെരുപ്പം നിയന്ത്രിക്കാനാകൂ എന്ന് എം. നൗഷാദ് എം. എല്‍. എ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിലവസാനിക്കുന്ന പദ്ധതി എന്നതിന് പകരം തുടരെ തടസ്സമില്ലാതെ തുടരുന്ന രീതിയിലാകണം എ.ബി.സി എന്നും നിര്‍ദ്ദേശിച്ചു.

എ.ഡബ്ല്യു.ബി.എ (ദേശീയ മൃഗക്ഷേമ ബോര്‍ഡ്) നിബന്ധനള്‍ക്ക് അനുസൃതതമായി മുഖത്തല ബ്ലോക്ക്പഞ്ചായത്ത് പരിധിയില്‍ കല്ലട ഇറിഗേഷന്‍ പ്രോജക്റ്റിന്റെ ഭാഗമായി ഒഴിഞ്ഞു കിടക്കുന്ന ഭൂമിയും കെട്ടിടവും താല്‍ക്കാലിക അടിസ്ഥാനത്തില്‍ എ.ബി.സി പദ്ധതിക്ക് ഉപയോഗപ്പെടുത്താനാണ് തീരുമാനം. കെ.ഐ.പി, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സ്ഥലം വിട്ടുനല്‍കാനാണ് നിര്‍ദ്ദേശം.

പദ്ധതി നടപ്പാക്കുന്ന കേന്ദ്രങ്ങളില്‍ ശീതീകരിച്ച മുറികള്‍, അടുക്കള ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, ഇരുമ്പ് കൂടുകളില്‍ നിശ്ചിത എണ്ണം നായ്ക്കളെ പാര്‍പ്പിക്കല്‍ എന്നിവ ഉറപ്പാക്കിയാകും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ. അജിലാസ്റ്റ്, എ.ബി.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍, കെ.ഐ.പി എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ കെ. ജെ. സുരേഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. ഗിരീഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: നായ്പ്രജനന നിയന്ത്രണ (എ.ബി.സി) പദ്ധതി അവലോകന യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍

error: Content is protected !!