Input your search keywords and press Enter.

പാലക്കാട് ജില്ലാ: സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

പാലക്കാട്: ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊല്‍പുള്ളി ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിറ്റൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. രാജഗോപാലന്‍ ക്ലാസെടുത്തു. സേവന, ഉത്പാദന സംരംഭങ്ങള്‍ക്ക് ആകെ മുതല്‍ മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി, ഉത്പാദന സംരംഭങ്ങളുടെ സ്ഥിര നിക്ഷേപത്തിന്റെ 20 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന സംരംഭക സഹായ പദ്ധതി, 10 ലക്ഷം വരെ പദ്ധതി ചെലവ് വരുന്ന ഉത്പാദന, സേവന സംരംഭങ്ങള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ്‌സ് പദ്ധതി, ഫുഡ് പ്രോസസിങ് സംരംഭക പദ്ധതി എന്നിവയെ കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു.

ഇ-സേവന കേന്ദ്രങ്ങള്‍, നിര്‍മാണം, വ്യാപാര സംരംഭക മേഖലകളാണ് കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുന്നത്. സംരംഭകരുടെ സംശയ നിവാരണത്തിനായി ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ പഞ്ചായത്ത് സെക്രട്ടറി ആര്‍. ശിവാനന്ദ്, പഞ്ചായത്തംഗങ്ങളായ ബീന, വനജ എന്നിവര്‍ക്ക് പുറമേ പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് ഇന്റേണ്‍ സി. ഗൗതം ഉള്‍പ്പെടെ 40-ഓളം ഇന്റേണുകള്‍ പങ്കെടുത്തു.

ഫോട്ടോ: പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ സെമിനാര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!