Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (26/11/2022) : Part 1

പ്രസിഡന്റ്സ് ട്രോഫി സി.ബി.എല്‍ മത്സരങ്ങള്‍ ; സംഘാടകസമിതി യോഗം ചേര്‍ന്നു

നവംബര്‍ 26ന് അഷ്ടമുടി കായലില്‍ നടത്തുന്ന പ്രസിഡന്റ്സ് ട്രോഫി സി.ബി.എല്‍ മത്സരങ്ങളുടെ അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ ചേമ്പറില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രചാരണ പരിപാടികള്‍ നടന്നുവരികയാണ്.

മത്സരദിനത്തില്‍ പോലീസ്, ഫയര്‍ഫോഴ്‌സ് വകുപ്പുകള്‍ക്ക് ബോട്ട് സൗകര്യം ഉള്‍പ്പെട്ട അടിയന്തരമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ കമ്മറ്റികളെ യോഗം ചുമതലപ്പെടുത്തി.

എം.എല്‍.എമാരായ എം.മുകേഷ്, എം. നൗഷാദ്, ഡി.ടി.പി.സി സെക്രട്ടറി രമ്യ ആര്‍.കുമാര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

കേരളോത്സവം ഇന്നും നാളെയും (നവംബര്‍ 24,25 )

യുവജനങ്ങളുടെ കലാ-കായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും കൊല്ലം മുനിസിപ്പല്‍ കോപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി (നവംബര്‍ 24, 25) ‘കേരളോത്സവം 2022′ നടത്തും.

കോര്‍പ്പറേഷന്‍തല കലാ-സാഹിത്യ-കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 24) രാവിലെ 10 ന് സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാകും.

നാളെ (നവംബര്‍ 25) വൈകിട്ട് 5.30 ന് സമാപന സമ്മേളനവും സമ്മാനദാനവും സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ എം.നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. എം.മുകേഷ് എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും. ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ മുഖ്യാതിഥിയാകും.

നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ ഹണി, എസ്. ഗീതാ കുമാരി, എസ്.വിജയന്‍, യു.പവിത്ര, ജി.ഉദയകുമാര്‍, എ.കെ.സാവദ്, എസ്.സവിതാദേവി, കൗണ്‍സിലര്‍ ജോര്‍ജ് ഡി.കാട്ടില്‍, യുവജന ക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, കോര്‍പ്പറേഷന്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.

 

ദേശീയ നാച്ചുറോപതി ദിനാചരണം നടത്തി

പ്രകൃതി ചികിത്സയിലൂടെ ജീവിതശൈലി രോഗങ്ങളെ തടയാമെന്ന സന്ദേശം നല്‍കി ദേശീയ നാച്ചുറോപതി ദിനാചരണം. ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്റെ നേതൃത്വത്തില്‍ പുനലൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ദിനാചരണത്തിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം നിര്‍വഹിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി നടന്ന ‘നാച്ചുറോപ്പതിയും ജീവിതശൈലി രോഗങ്ങളും’ ബോധവല്‍ക്കരണ പരിപാടിക്ക് ഡോ. ബിനി എബ്രഹാം നേതൃത്വം നല്‍കി. ഹെല്‍ത്ത് ഡയറ്റ് എക്‌സിബിഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പാചകം ചെയ്ത ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും നടത്തി.

നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ പുഷ്പലത, ഡി. ദിനേശന്‍, സതേഷ്, പുനലൂര്‍ നേച്ചര്‍ ഡിസ്പെന്‍സറി ആര്‍. എം. ഒ ഡോ. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

 

സന്നദ്ധസേനപ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജില്‍ നടന്നു. പരിശീലനത്തിന്റെ ഉദ്ഘാടനം എ.ഡി.എം ആര്‍.ബീനാ റാണി നിര്‍വഹിച്ചു. കോളേജ് എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. ദുരന്തനിവാരണം, അഗ്നിസുരക്ഷാ, പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി.

 

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ മത്സ്യ മേഖലയില്‍ നടപ്പിലാക്കുന്ന ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ കൊല്ലം ജില്ലാ പഞ്ചായത്തിലുളള മത്സ്യ കര്‍ഷക വികസന ഏജന്‍സിയിലും അതാത് മത്സ്യഭവനുകളിലും നവംബര്‍ 30-ന് മുന്‍പ് സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍:0474 2795545.

 

ഏകദിന പരിശീലന ക്ലാസ്

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ ഏകദിന പരിശീലന ക്ലാസ് നവംബര്‍ 30ന് രാവിലെ 10 മുതല്‍ മൂന്നു വരെ കരിക്കോട് റ്റി.കെ.എം എഞ്ചിനീയറിങ് കോളേജില്‍ നടത്തും. 2021ലെ വയര്‍മാന്‍ പരീക്ഷയില്‍ വിജയിച്ച എല്ലാ ഉദ്യോഗാര്‍ത്ഥികളും ഹാള്‍ടിക്കറ്റ് സഹിതം പങ്കെടുക്കണം. ഫോണ്‍ 0474 2953700.

 

സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള ഒ.ബി.സി, മതന്യുനപക്ഷ വിഭാഗക്കാരായ (ക്രിസ്ത്യന്‍ , മുസ്ലിം) 18 നും 55 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു .

മൂന്ന് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും, 10 ലക്ഷം രൂപ വരെ ഏഴ് ശതമാനം പലിശ നിരക്കിലും അതിനു മുകളില്‍ 15 ലക്ഷം രൂപ വരെ എട്ട് ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും.

ഗ്രാമപ്രദേശത്തു താമസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്തു താമസിക്കുന്ന 1,20,000 രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള മത ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. എട്ട് ലക്ഷത്തിനു താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പുരുഷ•ാര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശ നിരക്കിലും പരമാവധി 30 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും പത്തനാപുരം , കോര്‍പറേഷന്റെ ഉപജില്ലാ ഓഫീസിനെ സമീപിക്കാം . ഫോണ്‍: 0475 2963255, 7012998952.

 

ഓംബുഡ്‌സ്മാന്‍ ചുമതലേറ്റ്

പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയുടെ ഓംബുഡ്‌സ്മാനായി എ.സയീദ് ചുമതലേറ്റു. നിലവില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പി.എം.എ.വൈ(ജി)ഭവന പദ്ധതിയുടെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും. ഗ്രാമീണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ എ.സയീദ്, ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, സിവില്‍ സ്റ്റേഷന്‍ കൊല്ലം വിലാസത്തിലോ [email protected] ഇമെയില്‍ വഴിയോ അറിയിക്കാം. ഫോണ്‍ 9995491934.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ചടയമംഗലം കുമ്മിള്‍ സര്‍ക്കാര്‍ ഐ.ടി.ഐ യിലെ സര്‍വേയര്‍ ട്രേഡ് ഈഴവ സംവരണ വിഭാഗത്തില്‍ ഒഴിവുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും. യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ഡിഗ്രി/ഡിപ്ലോമയും സര്‍വേയര്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 28 രാവിലെ 11.30 ന് ഐടിഐയില്‍ ഹാജരാക്കണം. ഫോണ്‍: 0474 2914794.

 

ഭരണഘടന ദിനാചരണം; വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 26ന് സര്‍ക്കാര്‍ ഓഫീസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.

ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 26ന് രാവിലെ 10.30ന് ‘ഭരണഘടനയും ജനാധിപത്യ സമൂഹവും’ , ‘ഭരണഘടനയും ആധുനികതയും ‘ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ സെമിനാറിന്റെ ഉദ്ഘാടനവും ഭരണഘടനയുടെ ആമുഖ അവതരണവും നടത്തും. 11:30ന് ‘സിറ്റിസണ്‍സ് 2022’ പ്രചാരണ ഘോഷയാത്രയും സംഘടിപ്പിക്കും.

ഭരണഘടനാ ദിനത്തില്‍ എല്ലാ ഓഫീസുകളിലും രാവിലെ 11 മണിക്ക് ഭരണഘടന ആമുഖം വായിക്കുകയും സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രസംഗം ലേഖനരചന-ക്വിസ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

മലംഭൂതം’ ക്യാമ്പയിന്‍; ജില്ലാതല പ്രഖ്യാപനം നവംബര്‍ 26ന്

‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘മലംഭൂതം’ ക്യാമ്പയിന്റെ ജില്ലാതല പ്രഖ്യാപനം നവംബര്‍ 26ന് രാവിലെ 10:30 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ എസ്.എന്‍ വനിതാ കോളേജില്‍ നിര്‍വഹിക്കും.

ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനത്തിന്റെയും, ജലസ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കാനാണ് ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ‘മലംഭൂതം’ ക്യാമ്പയിന്‍ ആരംഭിക്കുന്നത് .

 

രജിസ്‌ട്രേഷന്‍ പുതുക്കാം

കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം കൊല്ലം ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും 2023 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പിഴ കൂടാതെ പുതുക്കണം. നവംബര്‍ 30ന് മുന്‍പ് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ www.lcas.lc.kerala.gov.in വെബ്‌സൈറ്റ് വഴിയോ പുതുക്കാം . ഫോണ്‍: 0474 2795177.

 

അഭിമുഖം

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ആഭിമുഖം നവംബര്‍ 26 ന് രാവിലെ 11ന് ഐ.ടി.ഐയില്‍ നടത്തും. യോഗ്യത: കൊമേഴ്‌സ്/ ഹോട്ടല്‍ മാനേജ്‌മെന്റ്/ കാറ്ററിങ് ടെക്‌നോളജിയില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/ കാറ്ററിംഗ് ടെക്‌നോളജി / കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിലുള്ള എന്‍.ടി.സി/എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. വിവരങ്ങള്‍ക്ക് ഫോണ്‍ : 04742793714.

 

യോഗം ഇന്ന് (നവംബര്‍ 24)

കോര്‍പ്പറേഷന്‍ ഭരണസമിതി സാധാരണയോഗം ഇന്ന് (നവംബര്‍ 24ന് )ഉച്ചയ്ക്ക് രണ്ടിന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടത്തും.

 

അരങ്ങും ട്രാക്കും സജീവം കേരളോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും കൊല്ലം കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ കലാപരവും കായികപരവുമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി.

കോര്‍പ്പറേഷനിലെ വിവിധ ഡിവിഷനുകളിലെ പ്രതിഭകള്‍, ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയവ മത്സരങ്ങളില്‍ പങ്കാളികളായി. ടൗണ്‍ഹാളില്‍ കലാ-സാഹിത്യ മത്സരങ്ങളും വെസ്റ്റ് കൊല്ലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായിക മത്സരങ്ങളുമാണ് നടന്നത്. കേരളോത്സവം ഇന്ന് (നവംബര്‍ 25) സമാപിക്കും.

ഉദ്ഘാടന ചടങ്ങില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ എസ്.ഗീതകുമാരി, എസ്. ജയന്‍, യു.പവിത്ര, ജി. ഉദയകുമാര്‍, എ.കെ സവാദ്, ഹണി, എസ്.സവിത ദേവി, കൗണ്‍സിലര്‍ റ്റി. ജി ഗിരീഷ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഷബീര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കെ.എസ്.ആര്‍.ടി.സി ഗ്രാമവണ്ടി: ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 25ന്)

കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെയും, കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുടങ്ങുന്ന ‘കെ.എസ്.ആര്‍.ടി.സി ഗ്രാമവണ്ടി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 25) വൈകിട്ട് നാലിന് കോര്‍പ്പറേഷന്‍ ഓഫീസ് അങ്കണത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും.

ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, എം.എല്‍.എമാരായ എം. നൗഷാദ്, എം.മുകേഷ്, സുജിത് വിജയന്‍പിള്ള, പി.എസ്. സുപാല്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.എം താജുദ്ദീന്‍ സാഹിബ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!