Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (26/11/2022) : Part 1

‘ഭരണഘടനയും മാധ്യമങ്ങളും’ പ്രഭാഷണവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും പുസ്തകപ്രകാശനവും

ഭരണഘടനാദിനമായ നവംബര്‍ 26ന് കേരള മീഡിയ അക്കാദമി പത്രപ്രവര്‍ത്തക യൂണിയനുമായി ചേര്‍ന്ന് തിരുവനന്തപുരം കേസരി ഹാളില്‍ ‘ഭരണഘടനയും മാധ്യമങ്ങളും ‘എന്ന വിഷയത്തില്‍ പ്രഭാഷണവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിക്കും. ചീഫ് സെക്രട്ടറി വി.പി.ജോയ് ഐഎഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘മലയാളമാധ്യമങ്ങളും കാര്‍ട്ടൂണുകളും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചീഫ് സെക്രട്ടറി നിര്‍വഹിക്കും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകുന്ന ചടങ്ങില്‍ ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി.ആചാരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിക്കും.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബു, സംസ്ഥാന ട്രഷറര്‍ സുരേഷ് വെളളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ്, സെക്രട്ടറി അനുപമ ജി. നായര്‍, അക്കാദമി സെക്രട്ടറി അനില്‍ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുക്കും.

 

സ്‌പോട്ട് അഡ്മിഷന്‍ 26ന്

വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുളള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 26ന് നടത്തും. രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും ഇതുവരെ പോളിടെക്‌നിക് അഡ്മിഷനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം. ഫീസ് ഒടുക്കുന്നതിന് എടിഎം കാര്‍ഡ് കൊണ്ടുവരണം. പി.ടി.എ ഫണ്ടിനും ബസ് ഫണ്ടിനും യൂണിഫോമിനും ഉളള തുക പണമായി കൈയ്യില്‍ കരുതണം. പ്രവേശനത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വെബ്‌സൈറ്റ്: www.polyadmission.org. ഫോണ്‍: 0473 5 266 671.

 

സ്‌കോളര്‍ഷിപ്പ് വിതരണം അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറിക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് നല്‍കി വരുന്ന ഉപരിപഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായവര്‍ക്ക് ഹയര്‍സെക്കഡറി തല കോഴ്സുകള്‍ക്കും മെഡിക്കല്‍, എഞ്ചിനിയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കല്‍, പോളിടെക്നിക്ക് ത്രിവത്സര കോഴ്സുകള്‍, ബിരുദ കോഴ്സുകള്‍, ബിരുദാനന്തര ബിരുദ കോഴ്സുകള്‍, എംബിഎ, എംസിഎ തുടങ്ങിയ റെഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും ഉപരിപഠന സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭ്യമാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222709

 

അധ്യാപക ഒഴിവ്

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 28ന് വിദ്യാലയത്തില്‍ നടക്കും. അഭിമുഖത്തില്‍ പങ്കൈടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോപ്പി, ഫോട്ടോ എന്നിവ സഹിതം ഓഫീസില്‍ എത്തണം. രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. വെബ്സൈറ്റ്: www.chenneerkara.kvs.ac.in ഫോണ്‍: 0469 2 256 000.

 

സ്‌കോളര്‍ഷിപ്പ്

വിമുക്ത ഭടന്മാരുടെ തൊഴിലധിഷ്ടിത സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്ന 25 വയസില്‍ താഴെ പ്രായമുള്ള അവിവാഹിതരും തൊഴില്‍ രഹിതരുമായ ആശ്രിതര്‍ക്ക് അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷഫോമിനും ജില്ലാ സൈനീകക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 26. ഫോണ്‍: 0468 2 961 104

 

ഇന്‍ഷുറന്‍സ് പ്രൊപ്പോസല്‍ ഫോറം ഹാജരാക്കണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ക്ക് 2023 വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി പുതിയതായി രജിസ്ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഇതുവരെ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് തരാത്ത തൊഴിലാളികളും ഇന്‍ഷുറന്‍സ് പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഡിസംബര്‍ 10നകം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0469 2 603 074.

 

പ്രതിസന്ധികളെ അതിജീവിച്ച് മഠത്തുംമൂഴി അക്ഷയകേന്ദ്രം

2018 ലെ മഹാപ്രളയത്തില്‍ അക്ഷയ കേന്ദ്രം വെള്ളം കയറി നശിച്ചെങ്കിലും മഠത്തുമൂഴി അക്ഷയ സംരംഭകനായ എന്‍. കൃഷ്ണദാസ് നിരാശനായില്ല. അവശേഷിച്ചവ പുനസംഘടിപ്പിച്ച് പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യം മറ്റൊരാഘാതമായി മാറി. എങ്കിലും 2004 മുതല്‍ അക്ഷയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി നടത്തിയ കഠിനാധ്വാനം പാഴാക്കാന്‍ ഈ സംരംഭകന്‍ തയാറായില്ല. പ്രതിസന്ധികളെ അതിജീവിച്ച് ഇന്ന് ജില്ലയിലെ മികച്ച കേന്ദ്രങ്ങളില്‍ ഒന്നാണ് മടത്തുമൂഴി അക്ഷയ കേന്ദ്രം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അക്ഷയയുടെ സേവങ്ങള്‍ക്ക് പുറമെ ജനോപകാരപ്രദമായ നിരവധി സാമൂഹ്യ സേവങ്ങളും കൃഷ്ണ ദാസ് ഈ കേന്ദ്രത്തിലൂടെ നല്‍കുന്നുണ്ട്. ഏറ്റവും പ്രധാനം ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനമാണ്. എല്ലാ വര്‍ഷവും കൃഷ്ണ ദാസിന്റെ കേന്ദ്രം തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. വിമാനടിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ്, കെഎസ്ആര്‍ടിസി ടിക്കറ്റ്, വെര്‍ച്വല്‍ ക്യു ബുക്കിംഗ് തുടങ്ങി നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്. അക്ഷയ 20 വര്‍ഷം പിന്നിടുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഇക്കാലമത്രയും മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഈ സംരംഭകന്‍. ഭാര്യ ബിന്ദുവും, ജീവനക്കാരും ചേര്‍ന്നുള്ള ഓത്തൊരുമയോടെയുള്ള പ്രവര്‍ത്തനവും, പൊതുജനങ്ങളുടെ സഹകരണവും അക്ഷയകേന്ദ്രത്തിന്റെ വിജയത്തിനു കാരണമായെന്ന് കൃഷ്ണ ദാസ് പറയുന്നു.

 

നിയുക്തി 2022: ഡിസംബര്‍ മൂന്നിന്

2022 ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്യോഗദായകര്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി സര്‍ക്കാര്‍ പോര്‍ട്ടലായ www.jobfest.kerala.gov.in ഉപയോഗിക്കാം. ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യാഗാര്‍ത്ഥികള്‍ക്ക് നാല് ഉദ്യോഗദായകരെ തിരഞ്ഞെടുക്കാവുന്നതും ആയതിലേക്ക് അവരുടെ നാല്‌സെറ്റ് ബയോഡാറ്റാ ഉള്‍പ്പെടെ പരിചയ സമ്പന്നത തെളിയിക്കുന്ന സാക്ഷ്യ പത്രം സഹിതം അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. തൊഴില്‍മേളയില്‍ എസ്.എസ്.എല്‍.സി മുതല്‍ വിവിധ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയും, ഡിഗ്രി, ഡിപ്ലോള, ഐടി.ഐ/ഐ.റ്റി.സി തുടങ്ങിയ എല്ലാ വിധ യോഗ്യതകള്‍ക്കനുസൃതമായി കൂടാതെ ബാങ്കിംഗ്, സെയില്‍സ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി 2500-ല്‍ പരം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

ഗതാഗത നിയന്ത്രണം

ആറന്മുള നിയോജക മണ്ഡലത്തിലെ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വെട്ടത്തുപടി നല്ലതുപടി (ചെമ്പകശ്ശേരി പുച്ചേരിമുക്ക്) റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുന:നിര്‍മ്മാണം നടത്തുന്നതിനാല്‍ നവംബര്‍ 28 മുതല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം തടസപ്പെടുമെന്ന് റീബില്‍ഡ് കേരള അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

ജില്ലാ ആസൂത്രണ സമിതി യോഗം 28ന്

ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 28ന് ഉച്ചയ്ക്ക് ശേഷം 2.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

പാല്‍ ഉത്പാദന രംഗത്ത് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നത് വന്‍ നേട്ടം : ഡെപ്യൂട്ടി സ്പീക്കര്‍

പാല്‍ ഉത്പാദനരംഗത്ത് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നത് വന്‍ നേട്ടമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ക്ഷീരവികസനവകുപ്പ് സംഘടിപ്പിച്ച പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടി അടൂര്‍ ഗേള്‍സ് എച്ച് എസ് എസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷയായിരുന്നു. ക്ഷീരവികസന ഓഫീസര്‍ കെ. പ്രദീപ് കുമാര്‍, എം. അഷറഫ്, ബി. ബിന്ദു, സുരേഖ നായര്‍, റ്റി. അജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

ദുര്‍ബല വിഭാഗങ്ങളുടെ പുരോഗതിക്ക് വേണ്ടി മുന്നിട്ടിറങ്ങുന്ന സേവന തല്‍പരരാകണം എസ്സി പ്രമോട്ടര്‍മാര്‍ : ഡെപ്യൂട്ടി സ്പീക്കര്‍

ദുര്‍ബല വിഭാഗങ്ങളുടെ പുരോഗതിക്കു വേണ്ടി മുന്നിട്ടിറങ്ങുന്ന സേവന തല്‍പരരാകണം എസ് സി പ്രമോട്ടര്‍മാര്‍ എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പട്ടികജാതി വകുപ്പും കിലയും സംയുക്തമായി സംഘടിപ്പിച്ച ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എസ്സി പ്രൊമോട്ടര്‍മാര്‍ക്കും കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കുമുള്ള ത്രൃദിന റസിഡന്‍ഷ്യല്‍ പരിശീലന പരിപാടി പഴകുളം പാസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. ഷാജു അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍. രഘു, ആലപ്പുഴ പട്ടിക ജാതി വികസന ഓഫീസര്‍ ബഞ്ചമിന്‍, ജനകീയാസൂത്രണം പത്തനംതിട്ട ജില്ലാ ഫെസിലിറ്റേറ്റര്‍ എ.ആര്‍. അജീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

കോന്നി ഗവ.മെഡിക്കല്‍ കോളേജ് റോഡ് വികസനം: ഇനിയും സ്ഥലം വിട്ടു നല്കാന്‍ തയാറാകാത്തവരുടെ ഭൂമി നിയമപരമായ നടപടികളിലൂടെ ഏറ്റെടുക്കും

റോഡുനിര്‍മാണം വേഗത്തില്‍ ആരംഭിക്കാന്‍ കഴിയത്തക്ക നിലയില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ. കോന്നി മെഡിക്കല്‍ കോളജ് റോഡ് വികസനം വേഗത്തിലാക്കാന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി. ഇതിനായി വസ്തു ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ഇലക്ട്രിക്ക് പോസ്റ്റുകളും, കുടിവെള്ള പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്യും.

കോന്നി മുരിങ്ങമംഗലം ജംഗ്ഷന്‍ മുതല്‍ വട്ടമണ്‍ വരെയും, പയ്യനാമണ്‍ മുതല്‍ വട്ടമണ്‍ വരെയുമുള്ള 4.5 കിലോമീറ്റര്‍ റോഡ് 12 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. 14 കോടി രൂപയാണ് റോഡ് വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും ഓടയും ഒന്‍പതു മീറ്റര്‍ ടാറിംഗുമാണ് വിഭാവനം ചെയ്യുന്നത്.

225 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ 125 പേരുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയില്‍ 40 പേരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ആധാരം എഴുത്ത് ഓഫീസിലും ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസിലും പുരോഗമിക്കുകയാണ്. തുക അനുവദിച്ചിട്ടും സ്ഥലത്ത് താമസം ഇല്ലാത്ത പത്തുപേരുടെ ഭൂമിയുടെ രേഖകള്‍ അടിയന്തരമായി സംഘടിപ്പിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുവാന്‍ എംഎല്‍എ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നിയമപരമായ അഭിപ്രായം ലഭിക്കുന്നതിനുവേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസില്‍ ഉള്ള ഫയലുകള്‍ തീര്‍പ്പാക്കുവാന്‍ ഗവണ്‍മെന്റ് പ്ലീഡറുടെയും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കും. നിരവധി തവണ ഇടപെട്ട് അഭ്യര്‍ഥിച്ചിട്ടും റോഡ് വികസനത്തിനായി ഇനിയും ഭൂമി വിട്ടു നല്‍കാന്‍ തയാറാകാത്തവരുടെ ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും.

റോഡ് വികസനത്തിന്റെ മുന്നോരുക്കങ്ങളുടെ ഭാഗമായി കെഎസ്ഇബിയുടെ നിലവിലുള്ള മുഴുവന്‍ പോസ്റ്റുകളും മാറ്റി പുനസ്ഥാപിക്കും. കേരള വാട്ടര്‍ അതോറിറ്റിയുടെ കോന്നി താഴം ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കേണ്ടി വരും. ഇതിനായി വിശദമായ എസ്റ്റിമേറ്റ് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാന്‍ കേരളാ വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി അസി. എന്‍ജിനീയര്‍മാര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി.

യോഗത്തില്‍ എംഎല്‍എ യോടൊപ്പം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സ്പെഷ്യല്‍ തഹസീല്‍ദാര്‍ എം.എസ്. വിജു കുമാര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. വിനു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. ബിനു, അസിസ്റ്റന്റ് എന്‍ജിനീയര്‍ രൂപക്ക് ജോണ്‍, കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ അശ്വിനി കുമാര്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്‌കറിയാ മാത്യു, റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പട്ടികജാതി, പട്ടികവര്‍ഗ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണം: ഡെപ്യുട്ടി സ്പീക്കര്‍

പട്ടികജാതി, പട്ടികവര്‍ഗ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല പട്ടികജാതി, പട്ടികവര്‍ഗ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പട്ടികജാതി പട്ടികവര്‍ഗ വികസന ഓഫീസര്‍മാര്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ഏകീകരിച്ചു പ്രവര്‍ത്തിക്കണം. പദ്ധതിക്ക് ആവശ്യമായ തുക കണക്കാക്കി എസ്റ്റിമേറ്റ് തയാറാക്കണം. പിന്നീട് പെപ്രോസല്‍ നഷ്ടമാകാന്‍ ഇടയാകരുതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതികള്‍ വേഗത്തില്‍ ചെയ്ത് ഫെബുവരിയിലേക്ക് തീര്‍ക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പന്തളം തെക്കേക്കര പഞ്ചായത്തിലെ കൈരളി കുടിവെള്ള പദ്ധതി, തുമ്പമണ്‍ പഞ്ചായത്ത് മുട്ടം പട്ടികജാതി കോളനി ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നത്, വിജ്ഞാന്‍ വാടികളുടെ പ്രവര്‍ത്തന ചെലവ്, കുളനട വാര്‍ഡ് അഞ്ച് മുടന്തിയാനിക്കല്‍ ബഥനി മഠം റോഡ് നിര്‍മാണം, കൊടുമണ്‍ വാര്‍ഡ് 11 എരുത്വാകുന്ന് കോളനി കനാലിന് കുറുകെ പാലം, കോന്നി കൊന്നപാറ പട്ടികജാതി കോളനി റോഡ് തുടങ്ങിയ ഏഴ് പദ്ധതികള്‍ പട്ടികജാതി പട്ടികവര്‍ഗ വികസന സമിതി അംഗീകരിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസനം 2022-23 വര്‍ഷത്തെ കോര്‍പ്പസ് ഫണ്ട് പദ്ധതി നിര്‍ദേശങ്ങളില്‍ ചര്‍ച്ചയും പട്ടികജാതി പട്ടികവര്‍ഗ വികസന പദ്ധതികളുടെ പുരോഗതി അവലോകനവും യോഗത്തില്‍ നടന്നു.

എഡിഎം ബി. രാധകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍. രഘു, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

പി.ആര്‍.ഡിയില്‍ വീഡിയോ സ്്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഐ. ആന്‍ഡ്. പി.ആര്‍.ഡി.) വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2022 ഡിസംബര്‍ ഒന്നിന് പകല്‍ അഞ്ചുമണി വരെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷ നല്‍കാം. ഇമെയില്‍ വഴിയുള്ള അപേക്ഷ സ്വീകരിക്കില്ല.

പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മുന്‍പ് എടുത്തു പ്രസിദ്ധീകരിച്ച മൂന്നു വീഡിയോകളുടെ ലിങ്ക് എന്നിവയും ഉള്ളടക്കം ചെയ്യണം. രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തണം. വിശദവിവരത്തിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. 0468-2222657.

യോഗ്യത: പ്രീഡിഗ്രി-പ്ലസ് ടു അഭിലഷണീയം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പരിചയം. പി.ആര്‍.ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താമാധ്യമത്തില്‍ എഡിറ്റിംഗില്‍ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.

മറ്റു നിബന്ധനകള്‍: സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫഷണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വേഗത്തില്‍ വിഷ്വല്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടായിരിക്കണം. പ്രൊഫഷണല്‍ എഡിറ്റ് സോഫ്‌റ്റ്വേര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ്ടോപ് സ്വന്തമായി വേണം. ദൃശ്യങ്ങള്‍ തല്‍സമയം നിശ്ചിത സെര്‍വറില്‍ അയയ്ക്കാനുള്ള സംവിധാനം ലാപ് ടോപില്‍ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, എറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ്, സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധികയോഗ്യതയായി കണക്കാക്കും. തത്സമയ വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി പോര്‍ട്ടബിള്‍ വീഡിയോ ബാക്ക്പാക്ക് പോലുള്ള ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനുള്ളില്‍ വാട്‌സാപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.

അപേക്ഷിക്കുന്ന ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം. പരിപാടി നടക്കുന്ന സ്ഥലത്തുനിന്നുതന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കാനായി അയയ്ക്കുന്നതിനുള്ള മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.

error: Content is protected !!