Input your search keywords and press Enter.

സംസ്ഥാനത്തെ ആദ്യ ട്രാന്‍സിറ്റ്‌ഹോം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്തം: മന്ത്രി ആര്‍.ബിന്ദു

കൊല്ലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുക സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. പാസ്‌പോര്‍ട്ട്, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍, ശിക്ഷാകാലാവധി കഴിഞ്ഞോ പരോളിലോ ജയില്‍മോചിതരാകുന്ന വിദേശികള്‍ എന്നിവരെ പാര്‍പ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ട്രാന്‍സിറ്റ് ഹോമിന്റെ ഉദ്ഘാടനം കൊട്ടിയത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പലകാരണങ്ങളാലും സംസ്ഥാനത്ത് അകപ്പെട്ടുപോയ വിദേശ പൗര•ാരെ വ്യവസ്ഥാപിതമായ രീതിയില്‍ പുനരധിവിസിപ്പിക്കുകയാണ് ട്രാന്‍സിറ്റ്‌ഹോമുകളുടെ ലക്ഷ്യം. പുതിയത് നിര്‍മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതരരാജ്യങ്ങളില്‍ നിന്നെത്തി സംസ്ഥാനത്ത് അകപ്പെട്ടുപോയവര്‍ക്ക് നിയമാനുസൃതമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളോടെയുമുള്ള പുനരധിവാസം ഇത്തരം കേന്ദ്രങ്ങളിലൂടെ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കൊട്ടിയം-മയ്യനാട് റോഡില്‍ അഞ്ച് മുറികളുളള ഇരുനില കെട്ടിടത്തില്‍ 20 പേരെ ഉള്‍ക്കൊള്ളാനാകും. സാമൂഹ്യനീതി വകുപ്പിനാണ് പ്രവര്‍ത്തനചുമതല. എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ആര്‍. ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മ്മല്‍കുമാര്‍, പോലീസ് അഡിഷണല്‍ എസ്. പി സോണി ഉമ്മന്‍ കോശി, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, ജില്ലാ പഞ്ചായത്ത്അംഗം എസ്. സെല്‍വി, മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം വി. സോണി, സാമൂഹികനീതി വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അജയകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോസ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ട്രാന്‍സിറ്റ് ഹോമിന്റെ ഉദ്ഘാടനം കൊട്ടിയത്ത് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കുന്നു

error: Content is protected !!