Input your search keywords and press Enter.

‘ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍’: സ്ത്രീസുരക്ഷയ്ക്ക് കാവലിനായി വിവരശേഖരണം, ക്ലാസുകളും

കൊല്ലം: തൊഴിലിടങ്ങളില്‍ ഉള്‍പ്പടെ ഓരോ സ്ത്രീയും സുരക്ഷിതരാകണമെന്ന സര്‍ക്കാരിന്റെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ സുസജ്ജം. സ്ത്രീകള്‍ക്കെതിരെയുള്ള ലിംഗവിവേചനവും അതിക്രമവും തടയാനും പ്രതിരോധിക്കാനും ആത്മവിശ്വാസം ഉറപ്പിക്കാനും ലക്ഷ്യമിട്ട് വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാമ്പയിന്റെ ഭാഗമായി വനിതാപൊലിസ് രംഗത്ത്. സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിച്ച് സ്ത്രീജീവനക്കാരുടെ വിവരശേഖരണം, ഒപ്പം ആത്മവിശ്വാസം പകരുന്നതിനുള്ള നടപടികളുമാണ് തുടര്‍പ്രക്രിയയാകുന്നത്.

കലക്‌ട്രേറ്റില്‍ തുടങ്ങി വിവിധ ഓഫീസുകളിലേക്ക് നീളുന്ന പ്രവര്‍ത്തനമാണ് ജില്ലാ പൊലിസ് നടത്തുന്നത്. വനിതാസെല്ലിന്റെ സഹകരണത്തോടെ വിവിധ സര്‍ക്കാര്‍ -സ്വകാര്യ-പൊതുമേഖലസ്ഥാപനങ്ങളില്‍ ‘തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെ തിരെയുള്ള ലൈംഗികപീഡനം (തടയലും നിരോധനവും പരിഹാരവും) നിയമം സംബന്ധിച്ച അവബോധ ക്ലാസും വിവരശേഖരണവും നടത്തുകയാണ്. 10 ദിവസത്തെ ക്യാമ്പയിന്റെ ഭാഗമാണിത്. ആവശ്യാനുസരണം ഏകദിന സ്വയംപ്രതിരോധ ക്ലാസും സംഘടിപ്പിക്കും. പരാതി ബോധിപ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കുമായി വനിത സെല്ലിന്റെ 9961042176 നമ്പറിലോ [email protected] ഇ-മെയിലിലോ ബന്ധപ്പെടാം.

പൊതുജനങ്ങള്‍, കോളജ്-സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സാമൂഹികപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ജീവനക്കാര്‍, എന്‍.ജി.ഒകള്‍, സ്ത്രീസംഘടനകള്‍ എന്നിവര്‍ക്കായി വകുപ്പുതല സേവനങ്ങള്‍, സ്ത്രീസുരക്ഷ നിയമങ്ങള്‍, സ്ത്രീധനനിരോധനം, ഗാര്‍ഹികപീഡനം, മറ്റ് അതിക്രമങ്ങള്‍ക്ക് എതിരെയുള്ള നിയമങ്ങള്‍ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുമുണ്ട്. വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികള്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷന്‍ ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ നടത്തി വരുന്ന ‘രക്ഷാദൂത്’ വഴിയും പരാതികള്‍ നല്‍കാനാകും. ‘തപാല്‍’ എന്ന് രേഖപെടുത്തി മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പെടുത്തി തപാലില്‍ അയച്ചാല്‍ സഹായം എത്തിക്കുംവിധമാണ് പ്രവര്‍ത്തനം.

പരാതി നല്‍കുന്നതിനായി വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍: 8281999052, വനിതസെല്‍: 9961042176, മിത്ര ഹെല്‍പ് ലൈന്‍: 181, പോലീസ് എമര്‍ജന്‍സി: 121 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

ഫോട്ടോ: സ്ത്രീസുരക്ഷാ ക്യാമ്പയിനായ ‘ഓറഞ്ച് ദ വേള്‍ഡിന്റെ’ ഭാഗമായി പൊലിസ് വനിതാസെല്ലിലെ ഉദ്യോഗസ്ഥര്‍ കലക്‌ട്രേറ്റിലെ വനിതാഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്നു

error: Content is protected !!