തിരുവല്ല താലൂക്കിന് പ്രാദേശിക അവധി
ചക്കുളത്തുകാവ് പൊങ്കാല ഉത്സവം പ്രമാണിച്ച് ഡിസംബര്‍ ഏഴിന് തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.
ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാമിന്റെ തീയതി നീട്ടി
നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ അല്ലെങ്കില്‍ പ്രവര്‍ത്തനകാര്യക്ഷമത നേടുവാന്‍ കഴിയാത്ത സംരംഭകര്‍ക്കായി ഡിസംബര്‍ ആറു മുതല്‍ 14 വരെ നടത്താനിരുന്ന ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം ചില സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 12 ലേക്ക് മാറ്റിയതായി കീഡ് ഡെപ്യൂട്ടി മാനേജര്‍ അറിയിച്ചു. കീഡ് കളമശേരി ക്യാമ്പസില്‍ ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ www.kied.info സന്ദര്‍ശിച്ച് ഡിസംബര്‍ 10ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി ഉള്‍പ്പടെ 4,130 രൂപ ആണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. ഫോണ്‍ : 0484 2532890/2550322/7012376994.
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
വളളംകുളം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റ് നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്/ബിഎഎംഎസ് /ബിഎന്‍വൈഎസ്, എം എസ് സി (യോഗ), എം ഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് ഡിസംബര്‍ 14 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ വള്ളംകുളം ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ കൊണ്ടു വരണം. ഫോണ്‍ : 9562323306.
ആറന്മുള നിറവ് ഫെസ്റ്റ്: യോഗം ഇന്ന് (ഡിസംബര്‍ 7)
ആറന്മുള നിറവ് ഫെസ്റ്റ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നത് സംബന്ധിച്ച യോഗം ഇന്ന് (ഡിസംബര്‍ 7) പകല്‍ 12 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരും.
നേര്‍ വഴി പദ്ധതി: ജീവിത നൈപുണ്യ പരിശീലന പരിപാടി
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ് യുവകുറ്റാരോപിതര്‍ക്കായി ജീവിത നൈപുണ്യ പരിശീലനവും നിയമ ബോധവത്കരണ ക്ലാസും ഡിസംബര്‍ ഏഴിന് രാവിലെ 10ന് പത്തനംതിട്ട വൈ.എം.സി.എഹാളില്‍ സബ് ജഡ്ജ് ആന്റ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. ഷംനാദ് ഉദ്ഘാടനം ചെയ്യും. 18നും 30നും ഇടയില്‍ പ്രായമുള്ള കോടതി/പോലീസ് ജാമ്യത്തില്‍ നില്‍ക്കുന്നവരെയും, ജയിലില്‍ നിന്നും പുറത്തിറങ്ങിയവരേയും, കോടതി നല്ലനടപ്പില്‍ വിട്ടവരെയും തുടര്‍ന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതെ കൊണ്ടുപോകുന്നതിനും, ഇവരിലെ കുറ്റകൃത്യവാസന കുറയ്ക്കുന്നതിനും ഇവര്‍ക്ക് വ്യക്തിത്വവികസനവും, ലക്ഷ്യബോധവും സാധ്യമാക്കണം. ഇതിനായി ജീവിത നൈപുണ്യ പരിശീലനവും നിയമ ബോധവത്കരണ ക്ലാസും നല്‍കി ഇവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രവണത ലഘൂകരിക്കാനും നിയമവിധേയമായതും ആരോഗ്യകരവുമായ ഒരു സാമൂഹ്യ ജീവിതം സാധ്യമാക്കി ഇവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് നേര്‍ വഴി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന സാമൂഹ്യ പ്രതിരോധ നിയമങ്ങളിലൊന്നായ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് 1958 കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് നേര്‍ വഴി.
വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതി: അപേക്ഷാ തീയതി നീട്ടി
മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട ആശാരിമാര്‍ (മരം, കല്ല്, ഇരുമ്പ്), സ്വര്‍ണപണിക്കാര്‍, മൂശാരികള്‍) 60 വയസ് പൂര്‍ത്തിയായ പരമ്പരാഗത തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രതിമാസ ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 15 വരെ നീട്ടി. നിലവില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകള്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0484- 2983130.
വെബിനാര്‍
കാര്‍ഷിക മേഖലയിലെ സംരംഭകത്വ സാധ്യതകളെകുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്),വ്യവസായവാണിജ്യവകുപ്പ്, അഗ്രിപ്രണര്‍ഷിപ്പ് എന്ന വിഷയത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10.30 മുതല്‍ 12 വരെ ഓണ്‍ലൈന്‍ (സൂം പ്ലാറ്റ്‌ഫോം ) വെബിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കണം. ഫോണ്‍ : 0484 2550322/7012376994.
ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി
സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന ഒ.ഇ.സി / ഒ.ബി.സി (എച്ച്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിനുള്ള പോസ്റ്റ്‌മെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി 2022-23 പ്രകാരം www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടിയതായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ – 0484 2983130.
പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 2022-23 വര്‍ഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നതും കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയും ഉളള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുളള അപേക്ഷകള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ ഡിസംബര്‍ 20 ന് അകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ/മുനിസിപ്പാലിറ്റി/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ബന്ധപ്പെടാം. ഫോണ്‍. 0468 2322712
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കുറ്റപ്പുഴ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്/ബിഎന്‍വൈഎസ്, എം എസ് സി (യോഗ), എം ഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് ഡിസംബര്‍ 14 ന് രാവിലെ 10 മുതല്‍ 11 വരെ കുറ്റപ്പുഴ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോണ്‍ : 04692600262.
ടെന്‍ഡര്‍
പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തില്‍ ചെയ്യേണ്ട വിവിധ പ്രവര്‍ത്തികള്‍ തയാറാക്കുന്നതിനായി സ്ഥാപനങ്ങള്‍, വ്യക്തികള്‍, കരാറുകാര്‍ എന്നിവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15 ന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍: 04734 293955.
അപേക്ഷ ക്ഷണിച്ചു
പ്രമാടം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എല്‍ എസ് ജി ഡി യുടെ കാര്യാലയത്തിലേക്ക് ഒരു ക്ലര്‍ക്കിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനം ( മലയാളം വേര്‍ഡ് പ്രോസസിംഗ് അറിയാവുന്നവര്‍ക്ക് മുന്‍ഗണന ) ഉള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം പ്രമാടം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണം. പ്രമാടം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍:0468 2242215, 2240175.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി – 1991 ല്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. കേരളാ മോട്ടര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 04682- 320158.
പരിഹരിക്കാനുള്ള കേസുകള്‍ സംബന്ധിച്ച് ചര്‍ച്ച
ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പരിഹരിക്കാനുള്ള കേസുകള്‍ സംബന്ധിച്ച് മധ്യസ്ഥത, ചര്‍ച്ച ഇന്ന്(7) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. സബ് ജഡ്ജ് ദേവന്‍ കെ മേനോന്‍ ക്ലാസ് നയിക്കും.
ഗതാഗത നിയന്ത്രണം
കുമ്പഴ- മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം ഡിസംബര്‍ എട്ടു മുതല്‍ ഒരാഴ്ചത്തേക്ക് ഭാഗികമായി നിയന്ത്രിച്ചു. പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴ-കളീയ്ക്കപ്പടി -പ്ലാവേലി വഴിയും മലയാലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി- മാര്‍ക്കറ്റ് ജംഗ്ഷന്‍ – മൈലപ്ര വഴിയും തിരിഞ്ഞു പോകണം.
ബോധവല്‍ക്കരണ പരിപാടി
വനിത ശിശുവികസന വകുപ്പിന്റെ കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളെ പങ്കെടുപ്പിച്ച് ഡിസംബര്‍ എട്ടിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.
അടൂര്‍ പള്ളിക്കലാര്‍ വികസനത്തിന് എട്ടു കോടി രൂപയുടെ പദ്ധതിക്ക് ടെന്‍ഡറിംഗ് നടപടിയായി: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ നിയോജക മണ്ഡലത്തിലെ വലിയതോട് പള്ളിക്കലാറിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് എട്ട് കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് സാങ്കേതിക അനുമതി പൂര്‍ത്തീകരിച്ച് ടെന്‍ഡറിംഗ് നടപടി ആയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് എന്നീ നാല് പഞ്ചായത്തുകളിലുള്ള വലിയ തോടിന്റെ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പള്ളിക്കല്‍ ആറിന്റെ എക്കലും ഇതര മാലിന്യങ്ങളും നീക്കം ചെയ്യുക, ആവശ്യമായിടത്ത് കടവുകള്‍ നിര്‍മിക്കുക, സംരക്ഷണഭിത്തി നിര്‍മിക്കുക, തടയണയുടെ നിര്‍മാണം, പള്ളിക്കല്‍ ആറിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ നെറ്റിംഗ് സംവിധാനം, ശുചിത്വാവബോധം സംബന്ധിച്ച് അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ടൗണ്‍ ഭാഗത്ത് തോടിന്റെ വശങ്ങളിലായി ഇന്റര്‍ലോക്ക് പാകല്‍, നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍ അടക്കമുള്ള സമഗ്ര പുനരുജീവന പ്രവൃത്തികളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പള്ളിക്കല്‍ ആറിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ചാണ് എട്ടു കോടി രൂപയുടെ വിപുല പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
അടൂര്‍ ടൗണ്‍ ഇരട്ടപ്പാലം ഉദ്ഘാടനം ഡിസംബര്‍ 14ന്
അടൂര്‍ ടൗണിലെ പുതിയ ഇരട്ടപ്പാലം ഉദ്ഘാടനം ഡിസംബര്‍ 14ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കിഫ്ബി മുഖേന നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. അടൂര്‍ നഗരമധ്യത്തിലെ ഗതാഗത കുരുക്കിനും ഈ ഭാഗത്ത് മഴമൂലം ഉണ്ടാകുന്ന വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാണ് ഈ പദ്ധതിയെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.