Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (8/12/2022)

ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി അടിയന്തര യോഗം വിളിക്കും: ജില്ലാ കളക്ടര്‍

ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. അടിയന്തരയോഗം ചേര്‍ന്ന് ഹ്രസ്വ-ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. തടാകത്തിന്റെ സ്ഥിതിവിവരം പരിശോധിക്കുന്നതിനായി സന്ദര്‍ശനം നടത്തവെയാണ് സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള പദ്ധതികളുടെ സാധ്യതകള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സാന്നിദ്ധ്യത്തില്‍ തടാകം സംരക്ഷണത്തിനുള്ള പുതുമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

ശാസ്താംകോട്ട ക്ഷേത്രക്കടവ്, കോളേജ്‌റോഡ്, പുന്നമൂട് കായല്‍ ബണ്ട്, ആദിക്കാട് തുടങ്ങിയ സ്ഥലങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. ജലവിതരണ പദ്ധതിക്കായി ഇറക്കിയ പൈപ്പുകളിലെ മാലിന്യം തടാകത്തില്‍ കലരുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ജലത്തിന്റെ സാംപിള്‍ വിനിയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

കായല്‍സംരക്ഷണത്തിനായി വേലികെട്ടല്‍, ടൂറിസം വികസനം, റവന്യു ഭൂമിസംരക്ഷണം, മാലിന്യപ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും പരിശോധന നടത്തി. ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗീത, തഹസില്‍ദാര്‍മാരായ എസ്.ചന്ദ്രശേഖര്‍, സുനില്‍ ബേബി, ശാസ്താംകോട്ട ഡി.വൈ.എസ്.പി എസ്.ഷരീഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

 

മികച്ച ജാഗ്രതാസമിതിക്ക് പുരസ്‌കാരം – വനിതാ കമ്മീഷന്‍

മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജാഗ്രതാസമിതികള്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. സമിതികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ചു. മികവുറ്റ പ്രവര്‍ത്തനത്തിലൂടെ കുടുംബപ്രശ്‌നങ്ങള്‍ ഉള്‍പ്പടെ രമ്യമായി പരിഹരിക്കാനാകും. കമ്മീഷനു മുന്നിലെത്താതെയുള്ള പരിഹാര മാര്‍ഗത്തിനാണ് ഇങ്ങനെ വഴിതുറക്കുക. ആവശ്യമായ കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്ക് ഒരുക്കാനാകാണം.

ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ച 88 പരാതികളില്‍ 20 എണ്ണം തീര്‍പ്പാക്കി. 67 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരു പരാതി കൗണ്‍സിലിംഗിന് അയച്ചു.

കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍, കമ്മീഷന്‍ ഡയറക്ടര്‍ എ. ബി. രാജീവ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ ആര്‍. സരിത, ജയ കമലാസന്‍, ബെച്ചികൃഷ്ണ, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

 

കാടകുഞ്ഞുങ്ങളെ വാങ്ങാം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ ഒരുദിവസം പ്രായമായ പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ അഞ്ച് രൂപ നിരക്കില്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഒരു ദിവസം പ്രായമായ ജാപ്പനീസ് കാടക്കുഞ്ഞുങ്ങളെ എട്ടുരൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും വിതരണം ചെയ്യും. കര്‍ഷകര്‍ 0479 2452277 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

 

മസ്റ്ററിംഗ് നടത്തണം

ജില്ലാ കെട്ടിടനിര്‍മാണ ക്ഷേമബോര്‍ഡില്‍ നിന്നും 2019 ഡിസംബര്‍ 31 വരെ പെന്‍ഷനായ മസ്റ്ററിംഗ് നടത്താതെ പെന്‍ഷന്‍ മുടങ്ങിയവര്‍ക്ക് സ്വന്തംചെലവില്‍ മസ്റ്റര്‍ ചെയ്യുന്നതിനും, മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് പൂര്‍ത്തിയാക്കുന്നതിനും എല്ലാമാസവും ഒന്ന് മുതല്‍ 20 വരെ സമയം അനുവദിച്ചു. ഫോണ്‍: 0474 2791032.

 

ടെന്‍ഡര്‍ ക്ഷണിച്ചു

കൊല്ലം അര്‍ബന്‍ 2 ഐ.സി.ഡി.എസ് പ്രോജക്റ്റ് പരിധിയിലെ 179 അങ്കണവാടികളിലേക്കും അഞ്ചാലുംമൂട് ഐ.സി.ഡി.എസ് പ്രോജക്റ്റ് പരിധിയിലെ 36 അങ്കണവാടികളിലേക്കും ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ (സ്ഥാപനങ്ങള്‍/വ്യക്തികള്‍) നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 21ന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് കൊല്ലം അര്‍ബന്‍ 2 ഐ.സി.ഡി.എസ് പ്രോജക്ട്, സ്റ്റേഡിയം കോംപ്ലക്‌സ്. ഫേണ്‍: 0474 2740590, 9188959663.

 

കരട് വോട്ടര്‍ പട്ടിക തിരുത്തല്‍; അപേക്ഷാതീയതി 18 വരെ നീട്ടി

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി.

അര്‍ഹരായവരെ പട്ടികയില്‍ ചേര്‍ക്കുന്നതിനും അനര്‍ഹമായി ഉള്‍പെട്ടവരെ ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അന്തിമ വോട്ടര്‍പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

 

അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കും, ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന കോണ്ടാക്ട് ക്ലാസ്സുകളിലേക്ക് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.

അവസാന തീയതി ഡിസംബര്‍ 31. വിവരങ്ങള്‍ക്ക്: www.srccc.in സെന്റര്‍ ഫോര്‍ കരിയര്‍ റിസര്‍ച്ച് ഡെവലപ്‌മെന്റ് സെന്റര്‍, കിളിക്കൊല്ലൂര്‍, കൊല്ലം-691004 ഫോണ്‍: 9447462472.

 

പന്ത്രണ്ടുമുറി-മയിലാടുംപാറ റോഡ് നവീകരിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടാഴി ഗ്രാമഞ്ചായത്തിലെ പന്ത്രണ്ടുമുറി-മയിലാടുംപാറ വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പന്ത്രണ്ടുമുറി-കലയപുരം-മയിലാടുംപാറ റോഡ് സഞ്ചാരയോഗ്യമാക്കി.

20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പന്ത്രണ്ടുമുറി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി. അനന്തു നിര്‍വഹിച്ചു. ചടങ്ങില്‍ പട്ടാഴി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ സജീവ് കല്ലൂര്‍ അധ്യക്ഷനായി. പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അശോകന്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പട്ടാഴി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഹിന്ദി അധ്യാപക പരിശീലനം

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17-35 വയസ്.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും. ഡിസംബര്‍ 12 നകം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍-0473 4296496, 8547126028.

 

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മോണ്ടിസോറി/പ്രീ സ്‌കൂള്‍ ടി. ടി. സി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍: 0474 2731061.

 

കുടുംബശ്രീ ആശാപ്രവര്‍ത്തകര്‍ക്കായുള്ള ദുരന്തനിവാരണ പരിശീലനം ഇന്ന് ( ഡിസംബര്‍ 9)

പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങള്‍ക്കെതിരെ സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി ഇന്ന് (ഡിസംബര്‍ 9)രാവിലെ 10 മണി മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രകൃതിക്ഷോഭത്തിലെ നാശനഷ്ടങ്ങളും ജീവഹാനിയും പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. ഓരോ 100 പേരിലും പരിശീലനം ലഭിച്ച ഒരു പ്രവര്‍ത്തകന്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജില്ലയിലെ മൂന്നു താലൂക്കുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് ദുരന്തനിവാരണം, അഗ്‌നിസുരക്ഷ, പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

 

സംരംഭകത്വ വര്‍ക്ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ബേക്കറി ഉല്‍പ്പന്നനിര്‍മാണത്തില്‍ സംരംഭകത്വ വര്‍ക്ക്ഷോപ്പ് ഡിസംബര്‍ 20 മുതല്‍ 24 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ സംഘടിപ്പിക്കും. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജി.എസ്. ടി ഉള്‍പ്പെടെ 1800 രൂപയാണ് ഫീസ്. www.kied.info ല്‍ ഓണ്‍ലൈനായി ഡിസംബര്‍ 14നകം അപേക്ഷ സമര്‍പ്പിക്കണം. 35 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2532890, 0484 2550322.

 

തീയതി നീട്ടി

ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ 2023 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 30 വരെ നീട്ടി. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം), കോഴ്സിലേക്ക് 25 സീറ്റാണുള്ളത്. യോഗ്യത ബിടെക്-സിവില്‍എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ് 200 രൂപ.

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) കോഴ്സിലേക്ക് 40 സീറ്റാണുള്ളത്. (50 ശതമാനം വിശ്വകര്‍മ്മ വിഭാഗത്തിന്), പ്രായപരിധി 35 വയസ്സ്, യോഗ്യത – എസ്.എസ്.എല്‍.സി. അപേക്ഷ ഫീസ് 100 രൂപ.

ചുവര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് 25 സീറ്റാണ് ഉള്ളത്. യോഗ്യത- എസ്.എസ്.എല്‍.സി, പ്രായപരിധിയില്ല. അപേക്ഷ ഫീസ് 200 രൂപ. www.vasthuvidyagurukulam.com മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യ ഗുരുകുലം, ആറ•ുള, പത്തനംതിട്ട -689533. ഫോണ്‍: 0468 2319740, 9847053294, 9847053293, 9947739442, 9188089740.

error: Content is protected !!