Input your search keywords and press Enter.

കെ.എസ്.ഇ.ബി.എല്‍: ജില്ലാതല മെഡിക്കല്‍ ക്യാമ്പ് ‘തേജസ്സ്’ സമാപിച്ചു

2500 – ഓളം ജീവനക്കാര്‍ പങ്കെടുത്തു

പാലക്കാട്: കെ.എസ്.ഇ.ബി.എല്‍ പാലക്കാട് സര്‍ക്കിള്‍, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ‘തേജസ്സ്’ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. ഒരു മാസം നീണ്ടു നിന്ന ക്യാമ്പില്‍ ജീവിതശൈലീ രോഗ നിര്‍ണ്ണയം, നേത്ര- ക്യാന്‍സര്‍ പരിശോധന, മനഃശാസ്ത്രജ്ഞ സേവനം എന്നിവ ഒരുക്കിയിരുന്നു. ക്യാമ്പിനോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് യു.എച്ച്. ഐഡി കാര്‍ഡ് രജിസ്ട്രേഷന്‍, വിതരണം എന്നിവയും നടന്നു. കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍, കോണ്‍ട്രാക്ടര്‍മാര്‍, പെറ്റി കോണ്‍ട്രാക്ടര്‍മാര്‍ (ദിവസവേതനക്കാര്‍) എന്നിവര്‍ക്ക് സംസ്ഥാനതലത്തില്‍ ആരോഗ്യ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചത്. പാലക്കാട്, ഷൊര്‍ണ്ണൂര്‍ സര്‍ക്കിളുകളിലായി ജില്ലയിലെ 2500 ഓളം ജീവനക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെ കെ.എസ്.ഇ.ബി ആദരിച്ചു.

കെ.എസ്.ഇ.ബി.എല്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ നടന്ന ക്യാമ്പിന്റെ സമാപനം ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.കെ ബൈജു അധ്യക്ഷനായി. ആലത്തൂര്‍ ഡിവിഷന്‍ എക്്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ശിവകുമാര്‍, ചിറ്റൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.ഇ മിനി, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിന്ദു പി. കുറുപ്പ്, ഡോക്ടര്‍മാരായ ഡോ. ദീപു(ഓങ്കോളജിസ്റ്റ്), ഡോ. അമൃത(ഒഫ്താല്‍മോളജിസ്റ്റ്), ഡോ. സനോജ്, ഡോ. ടിന്റു(മനോരോഗ വിദഗ്ദന്‍), പാലക്കാട് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.വി ശ്രീരാം, പാലക്കാട് സര്‍ക്കിള്‍ പി.എം.യു എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഷീബ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍ക്കുള്ള ജില്ലാതല മെഡിക്കല്‍ ക്യാമ്പ് സമാപന യോഗം ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ശെല്‍വരാജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

error: Content is protected !!