പത്തനംതിട്ട: ശബരിമലയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കി സംരക്ഷിക്കുന്നതിനായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പ്ലാസ്റ്റിക്ക് രഹിത ശബരിമല കാമ്പയിന് മാതൃകാപരമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്ലാസ്റ്റിക്ക് രഹിത ശബരിമല കാമ്പയിന്റെ ഭാഗമായ തുണിസഞ്ചി വിതരണ ഉദ്ഘാടനം ളാഹയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പയിന്റെ ഭാഗമായി വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ തയാറാക്കിയ തുണിസഞ്ചി പെരുനാട് ഗ്രാമപഞ്ചായത്തിലെ ളാഹ, കണമല പ്രദേശങ്ങളില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയും അവരില്‍ നിന്നും പ്ലാസ്റ്റിക്ക് കവറുകളും ബോട്ടിലും ശേഖരിച്ച് സംസ്കരണത്തിന് ശുചിത്വമിഷന് മുഖേന കൈമാറുകയും ചെയ്യും. ഇതോടൊപ്പം വിവിധ ഭാഷകളില്‍ പ്ലാസ്റ്റിക്ക് രഹിത കാമ്പയിനെ സംബന്ധിച്ചു തയാറാക്കിയ ബ്രോഷര്‍ നല്‍കുകയും ശബ്ദസന്ദേശം കേള്‍പ്പിക്കുകയും ചെയ്യും.
ജില്ലയിലെ ഓരോ കുടുംബശ്രീ സിഡിഎസില്‍ നിന്നും 15 പേര് അടങ്ങുന്ന സംഘമാണ് വരും ദിവസങ്ങളില്‍ തുണിസഞ്ചി വിതരണത്തിനായി തയാറായിരിക്കുന്നത്. ജില്ലാ ഭരണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്ലാസ്റ്റിക്ക് രഹിത ശബരിമല കാമ്പയിനില്‍ കുടുംബശ്രീ ജില്ലാമിഷനോടൊപ്പം വനം വന്യജീവി വകുപ്പ്, ആരോഗ്യവകുപ്പ്, ശുചിത്വമിഷന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹിന്ദുസ്ഥാന്‍ മാസാ കമ്പനി എന്നിവരും സഹകരിക്കുന്നു.
വിതരണ ഉദ്ഘാടന ചടങ്ങളില്‍ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ എലിസബത്ത്.ജി.കൊച്ചില്‍, ടി. കെ. ഷാജഹാന്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ, ആര്. ജിജിന, കെ.എസ്. സജീഷ്, റിഷി സുരേഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജനി ബാലന്, ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. മുകേഷ് കുമാര്‍, പി.കെ. ബിജു, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ: കുടുംബശ്രീ മിനിസ്റ്റര്‍ എം.ബി. രാജേഷ്- പ്ലാസ്റ്റിക്ക് രഹിത ശബരിമല കാമ്പയിന്റെ ഭാഗമായ തുണിസഞ്ചി വിതരണ ഉദ്ഘാടനം ളാഹയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കുന്നു.