പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു, പോലീസെത്തി തീയണച്ചു. തൃശൂർ സ്വദേശി രഞ്ജിത്ത് ഓടിച്ചുവന്ന ബുള്ളറ്റിനാണ് പന്തളത്ത് വച്ച് തീപിടിച്ചത്. ഭാര്യ ശ്രീലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. ശ്രീലക്ഷ്മിയുടെ കാരക്കാട്ടുള്ള വീട്ടിലേക്ക് വരുംവഴിയാണ് സംഭവം. ബൈക്കിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ രഞ്ജിത്തും ഭാര്യയും ഇറങ്ങി ഓടിമാറിയതിനാൽ ആപത്തിൽ നിന്നും രക്ഷപ്പെട്ടു. പിന്നീട് ബൈക്ക് കത്തുകയായിരുന്നു. തിരക്കേറിയ റോഡിലുണ്ടായ സംഭവം പരിഭ്രാന്തി പരത്തി.
വിവരമറിഞ്ഞ പന്തളം പോലീസ് ഉടനെ സ്ഥലത്തെത്തി പൈപ്പിൽ നിന്നും മറ്റും വെള്ളം ശേഖരിച്ച് തീ അണച്ചു. പന്തളം എസ് എച്ച് ഓ എസ് ശ്രീകുമാർ ഫയർഫോഴ്സിനെ അറിയിച്ച ശേഷം പോലീസ് സംഘത്തെസ്ഥലത്തേക്ക് ഉടനടി അയക്കുകയായിരുന്നു. എസ് ഐ ബി അനിൽകുമാർ, സി പി ഓ എസ് അൻവർഷ, ഹോം ഗാർഡ് അജയൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനത്തിലൂടെ തീ അണച്ചത്. അടൂരിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റെത്തിയെങ്കിലും, അതിനുമുമ്പ് തന്നെ പോലീസ് ശ്രമകരമായി അപകടം ഒഴിവാക്കി. ബൈക്കിൽ നിറയെ പെട്രോൾ ഉണ്ടായിരുന്നതായും, പോലീസിന്റെ സന്ദർഭോചിത ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായതെന്നും പറഞ്ഞ യാത്രികർ പോലീസിന് നന്ദി പറയാനും മറന്നില്ല.