Input your search keywords and press Enter.

ജല്‍ജീവന്‍ മിഷന്‍; ജലശുചിത്വ സമിതി യോഗം

കൊല്ലം: ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ എം.എല്‍.എമാരായ സുജിത്ത് വിജയന്‍ പിള്ള, സി.ആര്‍ മഹേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനത്ത് കൊല്ലം ജില്ല തുടരുകയാണ്.

നിലവിലെ പുരോഗതി, അംഗീകാരം നല്‍കിയ കണക്ഷനുകളുടെ വിവരങ്ങള്‍, പുതിയ ഇടങ്ങളില്‍ ആരംഭിക്കാനുള്ള നടപടിക്രമം എന്നിവ ചര്‍ച്ച ചെയ്തു. കൊട്ടാരക്കര നഗരസഭയും, നെടുവത്തൂര്‍, തൃക്കരുവ, ഏരൂര്‍, വെട്ടിക്കവല പഞ്ചായത്തുകളിലും സ്വകാര്യഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തും. ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ടിംഗ് ഏജന്‍സി, സ്വകാര്യ ഭൂമി ഉടമസ്ഥര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരെയുള്‍പ്പെടുത്തി ജനുവരി ആദ്യവാരം യോഗം ചേരും. മണ്‍ട്രോത്തുരുത്ത്, നീണ്ടകര, വെസ്റ്റ് കല്ലട, ആലപ്പാട് എന്നിവിടങ്ങളില്‍ ഹര്‍ ഘര്‍ ജല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

പദ്ധതിനിര്‍വഹണത്തില്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ പറഞ്ഞു. പൊളിച്ചിട്ട റോഡുകള്‍ പുനഃസ്ഥാപിക്കുന്നത് ഊര്‍ജിതമാക്കണമെന്ന് സി. ആര്‍ മഹേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമെങ്കില്‍ എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുമെന്ന് എം. മുകേഷ് എം.എല്‍.എയുടെ പ്രതിനിധി വ്യക്തമാക്കി.

2023 അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായി അതിവേഗ നടപടികള്‍ വേണമെന്ന് യോഗം നിര്‍ദേശിച്ചു. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രതിനിധി എസ്. സന്ദീപ്, തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ എം.എല്‍.എ മാരായ സുജിത്ത് വിജയന്‍ പിള്ള, സി.ആര്‍ മഹേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം.

error: Content is protected !!