Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (10/1/2023)

സംസ്ഥാനത്തെ പ്രീപ്രൈമറി സ്‌കൂളുകള്‍ രാജ്യാന്തര നിലവാരത്തിലാക്കും: മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്തെ എല്ലാ പ്രീപ്രൈമറി സ്‌കൂളുകളും രാജ്യാന്തര നിലവാരത്തിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഓച്ചിറ വലിയകുളങ്ങര സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ സമഗ്രശിക്ഷ കേരള സ്റ്റാര്‍സ് ഫണ്ട് ഉപയോഗിച്ചു നവീകരിച്ച ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം 44 കോടി രൂപ സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലാക്കുന്നതിന് ചിലവഴിക്കും. കുട്ടികള്‍ക്ക് സ്‌കൂളുകള്‍ സന്തോഷം നല്‍കുന്ന കേന്ദ്രങ്ങള്‍ ആകണം. വിനോദവും കലയും ശാസ്ത്രവും ഒന്നിക്കുന്നത് ആകണം സ്‌കൂളുകള്‍. അടിച്ചേല്‍പ്പിക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ ഉണ്ടാകരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

സി.ആര്‍. മഹേഷ് എം.എല്‍.എ അധ്യക്ഷനായി. ശാസ്ത്രഇടത്തിന്റെ ഉദ്ഘാടനം എ. എം.ആരിഫ് എം.പി നിര്‍വ്വഹിച്ചു. ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, ഡി.പി.സി ജി.കെ.ഹരികുമാര്‍, പ്രഥമാധ്യാപിക ജെ.ജയലക്ഷ്മി, മുന്‍ എം.എല്‍.എ ആര്‍.രാമചന്ദ്രന്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്‍മുഖന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അധ്യാപകന്‍ പഠിപ്പിക്കുന്നില്ലന്നും ക്ലാസ്സില്‍ നന്നായി പെരുമാറില്ലെന്നും കാണിച്ച് ഉദ്ഘാടന സമ്മേളനത്തിനിടെ ലഭിച്ച പരാതി പരിശോധിച്ച മന്ത്രി ഉടന്‍ തന്നെ, അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരേ ചുമതപ്പെടുത്തി. വിദ്യാര്‍ഥികളുടെ പരാതികള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

സംസ്ഥാനത്തെ ഏറ്റവും വലിയ സാമൂഹിക മുന്നേറ്റമാണ് ലഹരിവിരുദ്ധ ബോധവത്ക്കരണം: മന്ത്രി കെ. എന്‍ ബാലഗോപാല്‍

സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ സാമൂഹിക മുന്നേറ്റമാണ് ലഹരിവിരുദ്ധ ബോധവത്ക്കരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. എഴുകോണ്‍ ശ്രീ നാരായണഗുരു സെന്‍ട്രല്‍ സ്‌കൂളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണം ജില്ലാതല പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ലഹരി വിമുക്തമാക്കുന്നതിനുള്ള സജീവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെയാണ് ഈ വലിയ ക്യാമ്പയിന്‍ വഴി ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്തുന്നത്. ക്യാമ്പയിന്റെ ഒരു ഘട്ടത്തിന്റെ സമാപനവും മറ്റൊരുഘട്ടത്തിന്റെ തുടക്കവുമാണിത്. ഏറ്റവും മോശപ്പെട്ട വ്യവസായമാണിത്. കിരാതമായ കൊലപാതകങ്ങള്‍ക്കും മയക്ക് മരുന്ന് കാരണമാകുന്നു. ലഹരിയുടെ അപകടങ്ങള്‍ തിരിച്ചറിയുന്നതിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുതല്‍ ബോധവത്ക്കരണം അനിവാര്യമാണ്. കുട്ടികള്‍ അപകടങ്ങള്‍ തിരിച്ചറിയുകയും മറ്റുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യണം. മറ്റുള്ളവരെ മാറ്റിയെടുക്കേണ്ടതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശികനിരീക്ഷണം ശക്തമാക്കും. പൊതുജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനൊപ്പം സമാധാനജീവിതവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ വി. റോബര്‍ട്ട് ക്ലാസ് നയിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. എസ് ശിവപ്രസാദ് അധ്യക്ഷനായി. എഴുകോണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോണ്‍സണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ് കുമാര്‍, സ്‌കൂള്‍ മാനേജര്‍ കെ. സുരേഷ് കുമാര്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ എന്‍. അജയബാബു, പ്രിന്‍സിപ്പല്‍ പ്രിയ രാജന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സംസ്ഥാന പൊതു വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാര്‍ ടൗണ്‍ യു.പി.എസ് സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകള്‍, ലൈബ്രറികള്‍ ഹൈടെക് സ്‌കൂളുകള്‍ തുടങ്ങി പൊതുവിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് മൂവായിരം കോടി രൂപയുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും പത്തര ലക്ഷത്തിലധികം പുതിയ വിദ്യാര്‍ഥികളാണ് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയത്. അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റമാണ് സംസ്ഥാനം കാഴ്ചവെക്കുന്നത്. പാഠപുസ്തക വിതരണവും, പരീക്ഷാ തീയതിയുടെ പ്രഖ്യാപനവും അധ്യാപക പരിശീലനവുമെല്ലാം അക്കാദമിക പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയേയും സംസ്ഥാന സ്‌കൂള്‍ കലാ-കായികോത്സവങ്ങളുടെ വിജയം അക്കാദമികേതര പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

എം.മുകേഷ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.സവിതാദേവി, ഡി.ഡി.ഇ കെ.ഐ.ലാല്‍, എ.ഇ.ഒ ആന്റണി പീറ്റര്‍, ടൗണ്‍ യു.പി.എസ് ഹെഡ്മാസ്റ്റര്‍ ജെ.യേശുദാസന്‍, പി.ടി.എ പ്രസിഡന്റ് കെ.സി റന്‍സിമോള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അന്തര്‍ദേശീയ നിലവാരത്തിലുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും തുടങ്ങുന്നത് പരിഗണനയില്‍: മന്ത്രി വി. ശിവന്‍കുട്ടി

അന്തര്‍ദേശീയ നിലവാരത്തിലുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും തുടങ്ങുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മരുതൂര്‍കുളങ്ങര സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവുമാണ് സര്‍ക്കാര്‍ ലക്ഷ്യം. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുന്നതോടൊപ്പം ഓരോ അധ്യാപകനും കുട്ടികളുടെ രക്ഷകര്‍ത്താക്കളായി മാറി വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. സി.ആര്‍ മഹേഷ് എം.എല്‍.എ അധ്യക്ഷനായി. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഒരു കോടി രൂപയാണ് ബഹുനില കെട്ടിടത്തിന്റെ പദ്ധതി തുക.

നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു, മുന്‍ എം.എല്‍.എ ആര്‍ രാമചന്ദ്രന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സുനിമോള്‍, ഹെഡ്മിസ്ട്രസ് റ്റി.രാഗിണി, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പി.ടി.എ ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല ലോകനിലവാരത്തിലേക്ക്: മന്ത്രി വി.ശിവന്‍കുട്ടി

അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളൊരുക്കിയതിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകനിലവാരത്തിലേക്ക് ഉയര്‍ന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. നബാര്‍ഡ് അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ചവറ സര്‍ക്കാര്‍ എച്ച്.എസ്.എസിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മൂന്നാം നില കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹൈസ്‌കൂള്‍ വിഭാഗത്തിന് മൂന്നു കോടി പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചാല്‍ മാത്രമേ അക്കാദമിക സൗകര്യം മെച്ചപ്പെടുത്താനാവൂ.. അക്കാദമിക നിലവാരത്തില്‍ ഉണ്ടാകുന്ന ഗുണപരമായ മാറ്റം നാടിന്റെ വളര്‍ച്ചയ്ക്ക് വേഗത കൈവരിക്കാന്‍ സഹായകമാകും. ഈ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് മാതൃകയാണ്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയതോടെ വിദ്യാര്‍ഥികളുടെ പഠനനിലവാരവും ഉയര്‍ന്നു. പ്രശംസാര്‍ഹമായ നിലയിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവ നടത്തിപ്പ് സാധ്യമാക്കിയത്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ വരുംവര്‍ഷങ്ങളില്‍ കലോത്സവം നടത്തുമെന്നും മന്ത്രി പറഞ്ഞു.

സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷനായി. എന്‍. കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂളില്‍ തുടക്കമിട്ട വെതര്‍ സ്റ്റേഷന്‍, വാട്ടര്‍ ടെസ്റ്റിംഗ് ലാബ്, കരിയര്‍ കോര്‍ണര്‍ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി.കെ. ഗോപന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി. പി. സുധീഷ് കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു. പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷെമി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ ലാല്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെ.തങ്കമണി, ചവറ എ.ഇ.ഒ എല്‍.മിനി, ഹെഡ്മിസ്ട്രസ് ടി.കെ അനിത, പ്രിന്‍സിപ്പല്‍ പി. അര്‍ച്ചന, ഗ്രാമപഞ്ചായത്ത്, അംഗങ്ങള്‍, പി.ടി.എ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നോതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ശാസ്ത്രീയ പാഠ്യപദ്ധതി സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി വി.ശിവന്‍കുട്ടി

ശാസ്ത്രീയ പാഠ്യപദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തഴവ ആദിത്യ വിലാസം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷകളും സമ്മര്‍ദ്ധങ്ങളും പരമാവധി കുറയ്ക്കുന്ന ശാസ്ത്രീയ പാഠ്യപദ്ധതിയാണ് ആവശ്യം. സ്‌കൂളുകള്‍ അധ്യാപകരുടെ മാത്രം ഉത്തരവാദിത്തം അല്ല. പഞ്ചായത്ത് മുതല്‍ പി.ടി.എ വരെ ഉള്ളവര്‍ക്ക് അതില്‍ ചുമതലകളുണ്ട്.

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത സ്‌കൂളുകള്‍ ഇപ്പോഴില്ല. സന്തോഷപൂര്‍വമായ പഠനാന്തരീക്ഷം ഒരുക്കാന്‍ അധ്യാപകര്‍ മാറ്റത്തിനൊപ്പം നില്‍ക്കണം. ഭൂരിപക്ഷം അധ്യാപകരും ഇക്കാര്യത്തില്‍ മാതൃകയാണ്. എന്നാല്‍ ചില അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സി.ആര്‍.മഹേഷ് എം.എല്‍.എ അധ്യക്ഷനായി. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവന്‍, മുന്‍ എം.എല്‍.എ ആര്‍.രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനില്‍.എസ്.കല്ലേലിഭാഗം, പി.കെ.ഗോപന്‍, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനം ഏറെ മുന്നില്‍ : മന്ത്രി വി.ശിവന്‍കുട്ടി

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനം ഏറെ മുന്നിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ചിറ്റൂര്‍ ഇടപ്പള്ളികോട്ട സര്‍ക്കാര്‍ യു.പി എസിലെ നവീകരിച്ച ആധുനിക പ്രീപ്രൈമറി ക്ലാസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മികച്ച ഭൗതിക സാഹചര്യങ്ങളും പഠന രീതിയിലെ നൂതന മാറ്റവും പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിച്ച് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന നിലയിലേക്ക് വളര്‍ന്നു. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് അധ്യാപകരും തയ്യാറെടുക്കണം. പ്രീ പ്രൈമറി സ്‌കൂളുകളെ ശാക്തീകരിക്കുന്ന നടപടികള്‍ ദ്രുതഗതിയിലാക്കുമെന്നും കാലാനുസൃതമായ മാറ്റങ്ങളിലൂടെ പൊതുവിദ്യാഭ്യാസ മേഖല ഉന്നത നിലവാരത്തിലേക്ക് ഉയരുകയാണെന്നും മന്ത്രി പറഞ്ഞു.

ഡോ.സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.

ഹൈടെക് ക്ലാസ് മുറി, പ്രീ -പ്രൈമറി പാര്‍ക്ക്, തുമ്പൂര്‍മുഴി എന്നിവയുടെ ഉദ്ഘാടനവും എല്‍.എസ്.എസ് – യു.എസ്.എസ് പ്രതിഭകളെ ആദരിക്കലും, ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി സുധീഷ് കുമാര്‍, പ•ന പഞ്ചായത്ത് പ്രസിഡന്റ് എം. ഷെമി, വൈസ് പ്രസിഡന്റ് മാമൂലയില്‍ സേതുക്കുട്ടന്‍, കെ.എം.എം.എല്‍ ജനറല്‍ മാനേജര്‍ വി.അജയകൃഷ്ണന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍, രാഷ്ട്രീയകക്ഷി നോതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഉപതിരഞ്ഞെടുപ്പ് :അവലോകന യോഗം ചേര്‍ന്നു

ജില്ലയിലെ ജി 20 വിളക്കുടി ഗ്രാമപഞ്ചായത്തിലെ 01 കുന്നിക്കോട് വടക്ക് (ജനറല്‍) ജി 30 ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ 04 തേവര്‍തോട്ടം (ജനറല്‍), സി 02 കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 03 മീനത്ത്‌ചേരി (പട്ടികജാതി) എന്നിവിടങ്ങളിലെ ആകസ്മിക ഒഴിവുകള്‍ നികത്തുന്നതിനായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 21ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് ജനുവരി 30.നകം അപ്‌ഡേഷന്‍ നടത്തണം. തുടര്‍ന്ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

പോളിംഗ്-കൗണ്ടിംഗ് സ്റ്റേഷനുകളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉപതിരഞ്ഞെടുപ്പിനായി പ്രവാസി കളുടെ വോട്ടര്‍പട്ടിക പ്രത്യേകം തയ്യാറാക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ കമ്മീഷന്റെ www.lsgelection.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിക്കകം നേരിട്ടോ തപാലിലൂടെയോ ലഭിക്കുന്ന അപേക്ഷകളുടെ പകര്‍പ്പുകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കണം. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി ആര്‍ അഹമ്മദ് കബീര്‍ അധ്യക്ഷനായി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനം നാളെ (ജനുവരി 12)

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 12) വൈകിട്ട് 3:30ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിക്കും. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ കര്‍ബല റോഡില്‍ പ്രവര്‍ത്തനം തുടങ്ങുന്ന മന്ദിരത്തിലെ ഉപഭോക്തൃ സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.എസ് സുപാല്‍ എം.എല്‍.എയും നിര്‍വഹിക്കും. എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയാകും, മേയര്‍ പ്രസന്ന ഏണസ്റ്റ് ഉപഭോക്ത്യ സന്ദേശം നല്‍കും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കൗണ്‍സിലര്‍ എ.കെ. സവാദ്, സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് സുരേന്ദ്ര മോഹന്‍, സെക്രട്ടറി ആര്‍. അനില്‍ രാജ്, ജനപ്രതിനിധികള്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ടെക്‌നോളജി ക്ലിനിക്; ശില്പശാല സംഘടിപ്പിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.എസ്.ഐ.എ ഹാളില്‍ ‘ടെക്‌നോളജി ക്ലിനിക്’ ദ്വിദിന സാങ്കേതിക ശില്‍പശാല സംഘടിപ്പിച്ചു. ഡിജിറ്റല്‍/ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് സംരംഭകരില്‍ അവബോധം നല്‍കുകയാണ് ശില്പശാലയുടെ ലക്ഷ്യം. മാര്‍ക്കറ്റിംഗ് ആമുഖവും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ നേട്ടവും, ബിസിനസ് വളര്‍ത്താം ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിലൂടെ, ബിസിനസില്‍ സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം, ഓട്ടോമേഷന്‍ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് നയിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, മാനേജര്‍മാരായ എസ്. കിരണ്‍, ആര്‍. ദിനേശ്, തോമസ് ജോണ്‍, ഇ.ബനഡിക്ട് നിക്സണ്‍, ഉപജില്ല വ്യവസായ ഓഫീസര്‍ കെ.എസ്. സജീവ് കുമാര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

രേഖകള്‍ ഉണ്ടായിട്ടും വിവരം നല്കിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ

രേഖകള്‍ ഫയലില്‍ ഉണ്ടായിരുന്നിട്ടും വിവരം മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ. കടയ്ക്കല്‍ പഞ്ചായത്ത് സെക്രട്ടറി പി എസ് രാജമോഹന്നന്‍ നായര്‍ ഇടുക്കി ആലക്കോട് പഞ്ചായത്തില്‍ ആയിരുന്നപ്പോഴാണ് വീഴ്ചവരുത്തിയത്. ഇ.ആര്‍.സജീവ് എന്നയാളുടെ വിവരാവകാശ അപേക്ഷക്ക് കൃത്യമായ വിവരം നല്കാതിരുന്നതിനാണ് 10,000 രുപ പിഴ അടയ്ക്കാന്‍ സംസ്ഥാ വിവരാവകാശ കമ്മിഷണര്‍ എ.എ.ഹക്കിം ഉത്തരവായത്. പിഴ തുക ജനുവരി 30 നകം അടയ്ക്കണമെന്ന് ഉറപ്പു വരുത്താന്‍ കൊല്ലം ജില്ലയിലെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോടും നിര്‍ദേശിച്ചിട്ടുണ്ട്.

 

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന റിസോഴ്സ് സെന്റര്‍ കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ പ്രോഗ്രാമിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറുമാസവുമാണ് കാലാവധി. 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അവസാന തീയതി ജനുവരി 31. വിവരങ്ങള്‍ക്ക് www.srccc.in , അക്കാദമി ഓഫ് ഇന്നൊവേറ്റീവ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ്, കൊല്ലം. ഫോണ്‍ : 7560952138, 9349883702.

 

ടെന്‍ഡര്‍ ക്ഷണിച്ചു

ചവറ ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കാര്‍/ ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 16 ഉച്ചയ്ക്ക് ഒരു മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 0476 2680719.

 

ടെന്‍ഡര്‍ ക്ഷണിച്ചു

പോരുവഴി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷയുടെ കവറിന് പുറത്ത് പോരുവഴി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ലബോറട്ടറി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ്’ എന്ന് രേഖപ്പെടുത്തണം. ജനുവരി 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പോരുവഴി, ശൂരനാട് പി.ഓ, കൊല്ലം – 690522 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 9497175147.

 

അഭിമുഖം ജനുവരി 13ന്

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ജനുവരി 13ന് രാവിലെ 10:30ന് അഭിമുഖം നടത്തും. പ്ലസ് ടു അടിസ്ഥാന യോഗ്യത ഉള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ 8281359930, 7012212473.

error: Content is protected !!