Input your search keywords and press Enter.

കൊടുമൺ പോലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീൻ മോഷ്ടിച്ച പ്രതിയെ പിടികൂടി

 

പത്തനംതിട്ട : കൊടുമൺ പോലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീൻ മോഷ്ടിച്ചുകൊണ്ടുപോയ പ്രതിയെ പിടികൂടി. ഏനാദിമംഗലം ഇളമണ്ണൂർ മരുതിമൂട് എബി ഭവനം വീട്ടിൽ ജോണിന്റെ മകൻ എബി ജോൺ (28) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 27 ന് രാത്രി എട്ടേമുക്കാലിനാണ് ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് സ്റ്റേഷനിൽ നിർത്തിയിരുന്ന പ്രതി മെഷീൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടന്നത്. മോഷണവിവരം
മനസ്സിലാക്കിയ ഉടനെ അന്നത്തെ ജി ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തി, മോഷണത്തിന് ഈമാസം ഒന്നിന് കേസെടുത്തു. സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് 27 ന് രാത്രി ഏട്ടമുക്കാലിന്
എബി മെഷീൻ മോഷ്ടിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുപോകുന്നത് വ്യക്തമായി. തുടർന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തിൽ മരുതിമൂട് നിന്നും ഇന്നലെ രാത്രി എട്ടുമണിക്ക് പോലീസ് പ്രതിയെ പിടികൂടി.

 

വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ
കുറ്റം സമ്മതിച്ചു, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. വിരലടയാളം എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ പോലീസ്, മെഷീൻ ഉപേക്ഷിച്ചുവെന്ന് ഇയാൾ പറഞ്ഞ സ്ഥലത്ത് തെരഞ്ഞപ്പോൾ കിട്ടിയ ഭാഗം ബന്തവസ്സിലെടുത്തു. ഇയാളുടെ വീട്ടിൽ പരിശോധന
നടത്തിയപ്പോൾ കുറെയേറെ ഇലക്ട്രോണിക് സാധനങ്ങൾ കണ്ടെത്തി. കമ്പ്യൂട്ടർ ഡിപ്ലോമ നേടിയ എബി ഈ വിഷയത്തിൽ വിദഗ്ദ്ധനാണ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പോലിസിലെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗം വിദഗ്ദ്ധരും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.

ജി ഡി ചാർജ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന സമയത്തിനിടയിൽ ഞൊടിയിടെയാണ് യുവാവ് മോഷണം നടത്തിയത്. ക്രിമിനൽ മനോനിലയുള്ള പ്രതി നിമിഷനേരം കൊണ്ട് അതിവിദഗ്ദ്ധമായാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. മോഷണത്തിന് പുറമെ, പൊതുമുതലിനു നാശനഷ്ടം വരുത്തിയതായി കണ്ടെത്തിയതിനെതുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്താണ് അന്വേഷണം തുടരുന്നത്. കൊടുമൺ ബീവറേജസിൽ ബഹളമുണ്ടാക്കിയതിന് ജീവനക്കാർ
വിളിച്ചുപറഞ്ഞതുപ്രകാരം പിടിച്ചുകൊണ്ടുവന്ന് കേസ് രജിസ്റ്റർ ചെയ്തശേഷം സ്റ്റേഷനിൽ
നിർത്തിയിരുന്നപ്പോഴാണ് എബി ഇ പോസ്സ് മെഷീൻ മോഷ്ടിച്ചുകടന്നത്. പോലീസുമായും തർക്കത്തിൽ ഏർപ്പെട്ട ഇയാളെ വളരെ ശ്രമകരമായി കീഴ്പ്പെടുത്തിയാണ് സ്റ്റേഷനിലെത്തിച്ചത്. ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം ശല്യമുണ്ടാക്കുന്ന പ്രകൃതമാണ് ഇയാളുടേതെന്ന്,
പോലീസ് അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!