Input your search keywords and press Enter.

കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12ന് തുറക്കും

 

കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്ര നട ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ചിന് തുറക്കും.

 

ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരും.

 

തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന 12ന് പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. അന്ന് രാത്രി 10ന് നട അടയ്ക്കും. കുംഭം ഒന്നായ 13ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം. 7.30ന് ഉഷപൂജ. 13 മുതല്‍ 17 വരെയുള്ള അഞ്ചു ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ചു ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട 17 ന് രാത്രി 10ന് ഹരിവരാസനം പാടി അടയ്ക്കും. മീന മാസ പൂജകള്‍ക്കായി ക്ഷേത്രനട മാര്‍ച്ച് 14 ന് വൈകുന്നേരം തുറക്കും. മാര്‍ച്ച് 19ന് രാത്രി നട അടയ്ക്കും. ഉത്രം ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട മാര്‍ച്ച് 26ന് തുറന്ന് ഏപ്രില്‍
അഞ്ചിന് അടയ്ക്കും. മാര്‍ച്ച് 27 നാണ് കൊടിയേറ്റ്. ഏപ്രില്‍ അഞ്ചിന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും.

error: Content is protected !!