Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 01/03/2023)

മെഗാ തൊഴില്‍മേള  (മാര്‍ച്ച് രണ്ട്)
കൊല്ലം കോര്‍പ്പറേഷന്‍, കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള  ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്  കോളജില്‍  (മാര്‍ച്ച് രണ്ട്) രാവിലെ 10ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. വന്‍കിട ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, സംരംഭകര്‍, വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിങ്, ഐ ടി, ടൂറിസം ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ നിന്നും തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 4436/2023)

ഉപതിരഞ്ഞെടുപ്പ് ഫലം
ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ഫെബ്രുവരി 28ന് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.
വിളക്കുടി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുന്നിക്കോട് നോര്‍ത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍ അനില്‍കുമാര്‍ (സി പി എം) വിജയിച്ചു. 878 വോട്ടുകള്‍ ആണ് ലഭിച്ചത്. മറ്റു സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ – സലീം സൈനുദ്ദീന്‍  (ഐ എന്‍ സി) 637 വോട്ട്, ജി സതീശന്‍ (ബി ജെ പി) 19, അനീസ് അന്‍സാരി (ആം ആദ്മി) 11.
ഇടമുളയ്ക്കല്‍ നാലാംവാര്‍ഡ് തേവര്‍തോട്ടത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി അനില്‍കുമാര്‍ (സി പി എം) വിജയിച്ചു. 595 വോട്ടുകളാണ് ലഭിച്ചത്. മറ്റു സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍: ജെ ബാബു (ഐ എന്‍ സി) 260, എം അശോക് കുമാര്‍ (ബി ജെ പി) 333.
കൊല്ലം കോര്‍പ്പറേഷന്‍ മൂന്നാം ഡിവിഷന്‍ മീനത്തുചേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ദീപു ഗംഗാധരന്‍ല (ആര്‍ എസ് പി വിജയിച്ചു. 2099 വോട്ടുകളാണ് ലഭിച്ചത്. മറ്റു സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍: സന്ധ്യാ രാജു നീലകണ്ഠന്‍ (സി പി എം) 1465, പി. എസ് പ്രീതി (ബി ജെ പി) 47.

വേനല്‍ കനക്കുന്നു;
ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാം

വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജലജന്യരോഗങ്ങളായ ഷിഗല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പുറത്ത് നിന്നുള്ള ഭക്ഷണം, ശീതളപാനീയങ്ങള്‍, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് നല്‍കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍, പച്ചവെള്ളമോ തിളച്ച വെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്തോ കുടിക്കുന്ന ശീലം, ശുചിത്വക്കുറവ് തുടങ്ങിയവ ജലജന്യരോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നുണ്ട്.
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം  മരണകാരണമായേക്കാം.  വയറിളക്കരോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ ആര്‍ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കിയ നാരങ്ങാവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഒരു ഗ്ലാസിന്  ഒരു സ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും എന്ന കണക്കില്‍ ചേര്‍ത്ത പാനീയവും നല്‍കാം. കുട്ടികള്‍ക്ക് അര മണിക്കൂര്‍ ഇടവിട്ട് ആവശ്യത്തിനും, മുതിര്‍ന്നവര്‍ക്ക് ഓരോ ഗ്ലാസ് വീതവും നല്‍കണം. ഇതു കൂടാതെ ഓരോ പ്രാവശ്യവും വയറിളകുമ്പോള്‍ അധികമായി പാനീയം നല്‍കണം. ഛര്‍ദി കൂടി ഉണ്ടെങ്കില്‍ കുറേശ്ശെ വീതം പാനീയം കൂടെക്കൂടെ നല്‍കണം.
മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കവും ഛര്‍ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, കുഞ്ഞുങ്ങളുടെ തലയിലെ പതിപ്പ് കുഴിഞ്ഞിരിക്കുക, അപസ്മാരം, തുടങ്ങിയവ ഉണ്ടായാല്‍ പാനീയ ചികിത്സ തുടരുകയും അടിയന്തര ചികിത്സ തേടുകയും വേണം.

പ്രതിരോധമാര്‍ഗങ്ങള്‍
• ചടങ്ങുകളില്‍ വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കുക. അഥവാ ശുദ്ധമായ വെള്ളവും ഐസും ഉപയോഗിച്ചാണ് തയ്യാറാക്കുന്നതെന്ന് ഉറപ്പാക്കണം.

• പച്ചവെള്ളം കുടിക്കരുത്. നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

• തിളച്ച വെള്ളത്തില്‍ പച്ചവെള്ളം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കരുത്.

• പുറമേ നിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക, കൈയില്‍ കുടിവെള്ളം കരുതുക.

• കിണര്‍ വെള്ളം പതിവായി ക്ലോറിനേറ്റ് ചെയ്യുക.

• ആഹാരസാധനങ്ങള്‍ പാകം ചെയ്ത് ചൂടോടെ കഴിക്കുക

• പഴകിയ ഭക്ഷണം കഴിക്കരുത്.

• ഈച്ച കടക്കാതെ ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക.

• ആഹാരത്തിന് മുന്‍പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും രോഗീ പരിചരണത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക.

കെ എസ് ആര്‍ ടി സി ഉല്ലാസയാത്ര
കെ എസ് ആര്‍ ടി സി, ബജറ്റ് ടൂറിസം സെല്ല്, കൊല്ലം യൂണിറ്റില്‍ നിന്നും മാര്‍ച്ച് നാലിന് ഗവിയിലേക്ക് യാത്ര നടത്തുന്നു. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 10.30 ന് തിരികെ എത്തും. അഞ്ചു ഡാമുകളിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് പാഞ്ചാലിമേട്ടില്‍ എത്തിച്ചേരുന്ന യാത്രയില്‍ എന്‍ട്രി ഫീസ്, ഉച്ചഭക്ഷണം, ബോട്ട് യാത്ര എന്നിവ ഉള്‍പ്പെടെ 1650 രൂപയാണ് ഒരാള്‍ക്ക് ചെലവ്.
മാര്‍ച്ച് ഏഴിന് രാവിലെ 10ന് ലോ ഫ്ളോര്‍ എ സി ബസില്‍ കൊച്ചിയിലെത്തി, രാത്രി 12.30ന് തിരിച്ചെത്തുന്ന തരത്തില്‍ അഞ്ചുമണിക്കൂര്‍ കപ്പല്‍ യാത്ര നടത്തുന്നു. മുതിര്‍ന്നവര്‍ക്ക് 3500 രൂപയും 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 1800 രൂപയുമാണ് നിരക്ക്. തല്‍സമയ സംഗീതം, നൃത്തം, ബൂഫേ ഡിന്നര്‍, മ്യൂസിക് വിത്ത് അപ്പര്‍ ഡക്ക് ഡിജെ, കുട്ടികളുടെ കളിസ്ഥലം, വിഷ്വലൈസിംഗ് ഇഫക്ട് എന്നീ സവിശേഷതകളോട് ആണ് കപ്പല്‍ യാത്ര.
മാര്‍ച്ച് 11 ന് ആലപ്പുഴ കുമരകം ഹൗസ് ബോട്ട് യാത്ര സംഘടിപ്പിക്കുന്നു. എ സി ലോഫ്ളോര്‍ ബസില്‍ രാവിലെ ആറിന് പുറപ്പെട്ട് കുമരകത്തെത്തി, 11 മുതല്‍ വൈകിട്ട് നാലുവരെയാണ് ഹൗസ് ബോട്ട് യാത്ര.  ഉച്ചഭക്ഷണം, വെല്‍ക്കം ഡ്രിങ്ക്, ചായ  എന്നിവ ഉള്‍പ്പെടെ 1450 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനും: 9496675635, 9447721659.

അറിയിപ്പ്
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) (കാറ്റഗറി നം.397/2021) തസ്തികയുടെ ഒ എം ആര്‍ പരീക്ഷാസമയം മാര്‍ച്ച് നാലിന് രാവിലെ 07.15 മുതല്‍ 09.15 വരെയായി പുനക്രമീകരിച്ചു. പുതുക്കിയ പ്രവേശന ടിക്കറ്റ് പ്രൊഫൈലില്‍ ലഭിക്കും.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ
മാനസിക വെല്ലുവിളി നേരിടുന്ന വനിതകളുടെ പുനരധിവാസത്തിനായി വെളിയം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രിയാ ഹോമിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് മാര്‍ച്ച് 14ന് രാവിലെ 10.30ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ആയ തസ്തികയിലേക്ക്  ഏഴാംക്ലാസ്/തത്തുല്യം.  ഏതെങ്കിലും സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. സ്ത്രീകള്‍ക്ക് മാത്രമാണ് അവസരം.
കുക്ക് തസ്തികയിലേക്ക് ഏഴാംക്ലാസ്/തത്തുല്യം. രണ്ടുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ക്ലാര്‍ക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് പത്താം ക്ലാസ്/ തത്തുല്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
വാച്ച്മാന്‍ തസ്തികയിലേക്ക് ഏഴാംക്ലാസ്/ തത്തുല്യം. വിമുക്തഭടന്‍മാര്‍ക്ക് മുന്‍ഗണന. പുരുഷന്‍മാര്‍ മാത്രം അപേക്ഷിക്കുക.
നഴ്‌സ് തസ്തികയിലേക്ക് പ്ലസ്.ടു/  പ്രീ-ഡിഗ്രി (സയന്‍സ്)/ വി എച്ച് എസ് ഇ (സയന്‍സ്)/ അംഗീകൃത സര്‍വകലാശാലയുടെ ഡൊമസ്റ്റിക് നഴ്‌സിംഗില്‍ വി എച്ച് എസ് ഇ / തത്തുല്യം, ഒരു അംഗീകൃത സര്‍വകലാശാലയുടെ ബി എസ് സി നഴ്‌സിംഗ്/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്, കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് (സ്ത്രീകള്‍ക്ക് മാത്രം).
കെയര്‍ടേക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ്, പ്ലസ് ടു/ പ്രീ-ഡിഗ്രി/ തത്തുല്യം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലെ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്. നല്ല കായിക ക്ഷമത ഉണ്ടായിരിക്കണം. (സ്ത്രികള്‍ക്ക് മാത്രം)
വിവരങ്ങള്‍ക്ക്: ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍:  0474 2790971.

അദാലത്ത്
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശിക വരുത്തി റവന്യൂ റിക്കവറി  നടപടി നേരിടുന്നവര്‍ക്ക് കൊല്ലം തഹസില്‍ദാര്‍, റവന്യൂ റിക്കവറി അധികാരികളും മാര്‍ച്ച് നാലിന് കൊല്ലം താലൂക്ക് ഓഫീസില്‍ അദാലത്ത് നടത്തും.   പിഴപ്പലിശ, നോട്ടീസ് ചാര്‍ജ് എന്നിവയില്‍ 100 ശതമാനം ഇളവ് നല്‍കും.  ഫോണ്‍ : 9447710022, 0474 2766276, 0474 2763353.

എം ബി എ പ്രവേശനം
പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (ഐ എം ടി) യില്‍ എം ബി എ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 0477 2267602, 9526118960, 9188067601, 9747272045, 9746125234.

സര്‍ട്ടിഫിക്കറ്റ് വിതരണം
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വ മിഷനും ട്രാക്ക് ടി കെ എം ഇന്‍സ്‌ററിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ചിരങ്കാവ്, കരുവേലില്‍ എന്‍ എന്‍ എസ് യൂണിറ്റ്, നെഹ്‌റു യുവകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷനില്‍ നടത്തിയ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ജില്ലാ കളക്ടര്‍  അഫ്‌സാന പര്‍വീണ്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഐ ഇ സി രതീഷ്‌കുമാര്‍, പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ്, ട്രാക്ക് പ്രസിഡന്റ് ശരത്ത് ചന്ദ്രന്‍, സെക്രട്ടറി ഡോ.ആതുരദാസ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍, വോളന്റിയര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രജിസ്‌ട്രേഷന്‍ റദ്ദാക്കി
       കൊല്ലം താലൂക്കിലെ 11 വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി.  ഈ സംഘങ്ങളില്‍ നിന്നും എന്തെങ്കിലും തുകകള്‍ ലഭിക്കാന്‍ ഉള്ളവര്‍ 15 ദിവസത്തിനകം ലിക്വിഡേറ്ററുമായി ബന്ധപ്പെടണം. തീയതിക്കുശേഷം വരുന്നവ പരിഗണിക്കില്ല.
കൈതക്കുഴി ഐ സി എസ് ലിമിറ്റഡ് നം എസ് ഐ എന്‍ ഡി ക്യു 7,  വെസ്റ്റ് കൊല്ലം ഐ സി എസ് ലിമിറ്റഡ് നം എസ് ഐ എന്‍ ഡി ക്യു 97, ക്വയിലോണ്‍ ടൗണ്‍ ജനറല്‍ എഞ്ചിനീയറിങ് വര്‍ക്കേഴ്‌സ് ഐ സി എസ് ലിമിറ്റഡ് നം എസ് ഐ എ ഡി ക്യു 116, ഓട്ടോ മാബൈല്‍ എഞ്ചിനീയറിങ് വര്‍ക്കേഴ്‌സ് ഐ സി എസ് ലിമിറ്റഡ് നം എസ് ഐ എന്‍ ഡി ക്യു 117, കേരളാ കാഷ്യൂ  വര്‍ക്കേഴ്‌സ് ഐ സി എസ് ലിമിറ്റഡ് നം എസ് ഐ എന്‍ ഡി ക്യു 119, പോര്‍ട്ട് കൊല്ലം മഹിളാ കോട്ടേജ് വര്‍ക്കേഴ്‌സ്  ഐ സി എസ് ലിമിറ്റഡ് നം എസ് ഐ എന്‍ ഡി ക്യു 231, ക്വയിലോണ്‍ താലൂക്ക് ഫാര്‍മസ്യൂട്ടിക്കല്‍ വര്‍ക്കേഴ്‌സ് ഐ സി എസ് ലിമിറ്റഡ് നം എസ് ഐ എന്‍ ഡി ക്യു 277,  വെസ്റ്റ് ക്വയിലോണ്‍ വനിതാ ഐ സി എസ് ലിമിറ്റഡ് നം എസ് ഐ എന്‍ ഡി ക്യു 322,  ഉളിയക്കോവില്‍ വനിതാ ഐ സി എസ് ലിമിറ്റഡ് നം എസ് ഐ എന്‍ ഡി ക്യു 331, കൊല്ലം ജില്ലാ മറൈന്‍ പ്രോഡക്ട്‌സ്  ഐ സി എസ് ലിമിറ്റഡ് നം എസ് ഐ എന്‍ ഡി ക്യു 359, ഗുരു നഗര്‍ ശ്രീ നാരായണാ വനിതാ  ഐ സി എസ് ലിമിറ്റഡ് നം എസ് ഐ എന്‍ ഡി ക്യു 387.  ഫോണ്‍ 9496721959.

നീന്തല്‍ പരീക്ഷ
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ ഫയര്‍ വുമണ്‍  (ട്രെയിനി)  (കാറ്റഗറി നമ്പര്‍ 245/2020) തസ്തികയുടെ നീന്തല്‍ പരീക്ഷ മാര്‍ച്ച് 10ന്  തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് ഹബ് സ്വിമ്മിങ് പൂളില്‍  നടത്തും. പ്രവേശന ടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ നീന്തല്‍ പരീക്ഷയ്ക്ക്  പങ്കെടുക്കുന്നതിനാവശ്യമായ വസ്ത്രങ്ങള്‍ എന്നിവ സഹിതം നിശ്ചിത സമയത്ത് പരീക്ഷാകേന്ദ്രത്തില്‍ എത്തണം. എസ് എം എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

 വാഹനം ആവശ്യമുണ്ട്
പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന്  വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 14  ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍:  0474 2548111.

error: Content is protected !!