വന്യജീവി ആക്രമണത്തിന് പരിഹാരമായി 150 ലക്ഷത്തിന്റെ പദ്ധതികള്‍
പട്ടികവര്‍ഗ്ഗ-പട്ടികജാതി-മറ്റ് വനവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനും ജീവിത നിലവാരം മെപ്പെടുത്താനും സര്‍ക്കാര്‍ വിവിധ മേഖലകളില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. സംസ്ഥാന വനം-വന്യജീവി വകുപ്പ്, മണ്ണാര്‍ക്കാട് വന വികസന ഏജന്‍സിയുടെ കീഴില്‍ അട്ടപ്പാടി-മുക്കാലിയില്‍ ആരംഭിച്ച ചെറുകിട വനവിഭവ സംസ്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ആദിവാസി വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തും. വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിന് മണ്ണാര്‍ക്കാട് മേഖലയില്‍ 87. 40 കി.മീ സോളാര്‍ ഫെന്‍സിംഗ്, 7.7 കി.മീ എലിഫെന്റ് ട്രഞ്ച്, 19 കി.മീ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ്, ആര്.ആര്.ടി ടീമുകള്‍ക്ക് പരിശീലനം എന്നിവക്കായി 150 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനത്തിനകത്ത് തീറ്റ, വെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഒരേ സമയം വനവാസികളുടെ ജീവിത സൗകര്യം ഉറപ്പാക്കി, വനമേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ജനങ്ങളും വനം വകുപ്പും തമ്മില്‍ മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്താന്‍ വനം വകുപ്പിന് ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ പഠനം നടക്കുന്നതായും മന്ത്രി അറിയിച്ചു. പരിപാടിയുടെ ഭാഗമായി വനാമൃതം പദ്ധതി രണ്ടാംഘട്ട വിപണനോദ്ഘാടനം, പാലക്കാടന്‍ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ തീം സോങ്ങ് പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. മുക്കാലിയില്‍ നടന്ന പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന് അധ്യക്ഷയായി. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, വാര്‍ഡംഗം കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ നോയല്‍ തോമസ്, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് മണ്ണാര്‍ക്കാട് എഫ്.ഡി.എ ചെയര്മാന് കെ.വിജയാനന്ദന്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പാലക്കാട് മുനിസിപ്പല്‍ ബസ് ടെര്‍മിനല്‍ നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് ആറിന് വൈകിട്ട് 4.30 ന് വി.കെ ശ്രീകണ്ഠന് എം.പി നിര്‍വഹിക്കും. മുനിസിപ്പല്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനമാണ് ആരംഭിക്കുക. പദ്ധതിക്കായി എം.പി ഫണ്ടില്‍ നിന്നും രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന് അധ്യക്ഷയാവുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര, നഗരസഭാ വൈസ് ചെയര്മാന് അഡ്വ. ഇ.കൃഷ്ണദാസ് എന്നിവര്‍ മുഖ്യാതിഥികളാവും. പരിപാടിയില്‍ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ന്മാരായ പ്രമീള ശശിധരന്, ടി.ബേബി, പി.സ്മിതേഷ്, ടി.എസ് മീനാക്ഷി, പി.സാബു, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്, വാര്‍ഡ് കൗണ്‍സിലര്‍ സൈയ്തു മീരാന്‍ ബാബു, നഗരസഭാ സെക്രട്ടറി ടി.ജി അജേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും
വനിതാ ശിശു വികസന വകുപ്പ് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായ പദ്ധതിയായ പടവുകള്‍ ഗുണഭോക്ത ലിസ്റ്റ് തയ്യാറാക്കുന്നതിന് മാര്‍ച്ച് ആറിന് രാവിലെ 11 ന് എ.ഡി.എം കെ. മണികണ്ഠന്റെ ചേംബറില്‍ യോഗം ചേരുമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മാര്‍ച്ച് 10 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു.
69-മത് സീനിയര്‍ കബഡി ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11 ന് രാവിലെ ഒന്‍പതിന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാതല കബഡി സീനിയര്‍ വനിതാ ടീം (വനിത – 75 സഴ) സെലക്ഷന് ട്രയല്‍സ് നടത്തുന്നു. താത്പര്യമുള്ള മത്സരാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡ്, മൂന്ന് ഫോട്ടോ എന്നിവയുമായി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എത്തണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497145438, 0491-2505100 ബന്ധപ്പെടാം.
കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ എക്സ്റേ മെഷീന് (50 കിലോ ഹെര്‍ട്സ് ഹൈ ഫ്രീക്വന്‍സി എക്സ്റേ ജനറേറ്റര്‍, 30 കിലോ വാട്ട് കാണ്‍സ്റ്റന്റ് പവര്‍ ഔട്ട്പുട്ട് ), 1.5 ടണ്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷണര്‍ ( 5 സ്റ്റാര്‍) സ്റ്റെബിലൈസര്‍ വാങ്ങുന്നതിന് യോഗ്യരായ നിര്‍മ്മാതാക്കള്‍ / വിതരണക്കാരില്‍ നിന്നും ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് നാല് വരെ സ്വീകരിക്കും. മാര്‍ച്ച് ഒന്‍പതിന് വൈകിട്ട് നാലിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 0466-2267276.
പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് എന്‍.സി.എ – എസ്.സി കാറ്റഗറി നമ്പര്‍ 133/2002 തസ്തികയിലേക്ക് 2022 ഡിസംബര്‍ 28 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശ നല്കിയതിനാല് 2023 ജനുവരി 28 റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ചിറ്റൂര്‍ താലൂക്ക് ഒഴലപ്പതി വില്ലേജില്‍ ബ്ലോക്ക് 25, റീസര്‍വ്വെ നമ്പര്‍ 27/6 ലെ മിച്ചഭൂമിയില്‍ നിന്നും അനധികൃതമായി മുറിച്ചുമാറ്റിയ പലജാതി മരങ്ങളുടെ ലേലം മാര്‍ച്ച് 15 ന് രാവിലെ 11 ന് ഒഴലപ്പതി വില്ലേജ് ഓഫീസില്‍ നടക്കുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവെക്കണം. ഫോണ്‍ – 04923-224740
ചിറ്റൂര്‍ മണ്ഡലത്തില്‍ 1700 കോടിയുടെ വികസനം
കൊഴിഞ്ഞാമ്പാറ ഫയര്സ്റ്റേഷന് രണ്ട് കോടി രൂപ അനുവദിച്ച് ഡി.പി.ആര് നടപടികള്‍ ആരംഭിച്ചതായും ചിറ്റൂര്‍ മണ്ഡലത്തില്‍ 1700 കോടിയുടെ വികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതായും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ നിയോജകമണ്ഡലം എം.എല്‍.എയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ചിറ്റൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് അനുവദിച്ച ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചിറ്റൂരിന്റെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി കൂടുതല്‍ വെതര്‍ സ്റ്റേഷനുകള്‍ അനുവദിച്ചതായും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വെതര്‍ സ്റ്റേഷനുകളുള്ളത് ചിറ്റൂരിനാണെന്നും മന്ത്രി പറഞ്ഞു. വെതര്‍ സ്റ്റേഷനുകള്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെടുത്തി പദ്ധതി ആവിഷ്കരിക്കുന്നതായും കാലാവസ്ഥാ വ്യതിയാനത്താല്‍ കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടത്തിന് ഇതിലൂടെ നഷ്ടപരിഹാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂര്‍ ഫയര്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ടി. അനൂപ് അധ്യക്ഷനായി. ചിറ്റൂര്‍- തത്തമംഗലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എല്‍ കവിത മുഖ്യാതിഥിയായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. മുരുകദാസ്, പെരുമാട്ടി, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റിഷാ പ്രേംകുമാര്‍, ഡി.ജോസി ബ്രിട്ടോ, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജയ്സണ്‍ ഹിലാരിയോസ്, ചിറ്റൂര്‍ ഫയര്‍ സ്റ്റേഷന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ. സത്യപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ (പാലിയേറ്റീവ് കെയര്‍) സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമന കൂടിക്കാഴ്ച നടത്തുന്നു. നൂറണി എന്‍.എച്ച്.എം ഓഫീസില്‍ മാര്‍ച്ച് 10 ന് രാവിലെ 9.30 ന് കൂടിക്കാഴ്ച നടക്കുമെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. യോഗ്യത -ജനറല്‍ നഴ്സിംഗ് പരിശീലനം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് പരിശീലനം(ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ്) ബി.സി.സി.പി.എന്‍ പരിശീലനം-കെ.എന്‍.എം.സി രജിസ്ട്രേഷന് നിര്‍ബന്ധം. പ്രായപരിധി 2023 മാര്‍ച്ച് ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ -0491-2504695
ഒറ്റപ്പലാം താലൂക്ക് ആശുപത്രിയില്‍ 2017 ഏപ്രില്‍ മുതല്‍ 2023 ജനുവരി വരെ നടന്ന പ്രസവം, സിസേറിയന് എന്നിവയ്ക്ക് ജനനി സുരക്ഷാ യോജന പദ്ധതി മുഖേന ധനസഹായത്തിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഗുണഭോക്താവിന്റെ പേര്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ഡിസ്ചാര്‍ജ് കാര്‍ഡ് പകര്‍പ്പുമായി മാര്‍ച്ച് എട്ടിനകം ആശുപത്രിയില്‍ നേരിട്ടോ, സൂപ്രണ്ട്, താലൂക്ക് ആശുപത്രി, ഒറ്റപ്പാലം-679102 വിലാസത്തിലോ നല്‍കണം.
കോഴിക്കോട് -പാലക്കാട് ദേശീയപാത 966-ല്‍ ചുണ്ണാമ്പുത്തറ പാലം മുതല്‍ വിക്ടോറിയ കോളേജ് വരെ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 5) ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മലമ്പുഴ ഗിരിവികാസില്‍ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല യുവ ഉത്സവ് വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ യുവ ഉത്സവത്തോടനുബന്ധിച്ച് കവിതാ രചന, പ്രസംഗമത്സരം, മൊബൈല്‍ ഫോട്ടോഗ്രാഫി, സംഘനൃത്തം മത്സരങ്ങള്‍ നടന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍സ്, എക്സൈസ്, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷന്, ലീഡ് ബാങ്ക് തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളുടെ പ്രദര്‍ശനവും നടന്നു. നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ്, വിമുക്തി അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.മധു, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം.സ്മിതി, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ആര്.പി ശ്രീനാഥ്, ജില്ലാ യൂത്ത് ഓഫീസര്‍ സി.ബിന്‍സി, പ്രോഗ്രാം ഓഫീസര്‍ എന്‍. കര്‍പകം തുടങ്ങിയവര്‍ സംസാരിച്ചു. യുവ ഉത്സവ് സമാപന യോഗം അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത് ഉദ്ഘടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന് അധ്യക്ഷയായ പരിപാടിയില്‍ ദീപ റോസ്, സേവക് പ്രൊജക്റ്റ് മാനേജര്‍ സജിന എന്നിവര്‍ സംസാരിച്ചു. മത്സര വിജയികള്‍ക്ക് അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത് സര്‍ട്ടിഫിക്കറ്റ്, ട്രോഫി വിതരണം ചെയ്തു
സൈനികക്ഷേമ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പുനരധിവാസ പദ്ധതികള്‍, സ്കോളര്‍ഷിപ്പ് സ്കീം, സ്വയം തൊഴില്‍ ടോപ് അപ്പ് സബ്സിഡി സ്കീമുകള്‍ സംബന്ധിച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് എട്ടിന് രാവിലെ 10.30 ന് ജൈനിമേട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടക്കുന്ന സെമിനാറില്‍ ജില്ലയിലെ എല്ലാ വിമുക്തഭടന്മാരും വിധവകളും പങ്കെടുക്കണമെന്ന് സൈനിക ക്ഷേമ വെല്‍ഫെയര്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് അറിയിച്ചു. ഫോണ്‍- 0491- 2971633
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷന് തൃശൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടത്തും. മാര്‍ച്ച് ഒന്‍പതിന് രാവിലെ 10.30 ന് നടത്തുന്ന തെളിവെടുപ്പില്‍ ജില്ലയിലെ മുന്നാക്ക സംഘടന പ്രതിനിധികള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാമെന്ന് കമ്മീഷന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ കഴിവ് പ്രോത്സാഹിപ്പിക്കല്‍, പാരമ്പര്യ, പാരമ്പര്യേതര തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ചര്‍ച്ച സംഘടിപ്പിച്ചു. പാലക്കാട് കെ.ജി.ഒ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ വനിതകള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമുള്ള വിവിധ സ്റ്റാര്‍ട്ട് അപ്പ സംരംഭങ്ങള്‍, സര്‍ക്കാര്‍ ധനസഹായങ്ങള്‍, തൊഴില്‍ പരിശീലന കോഴ്സുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. പരിപാടിയില്‍ ജില്ലാ ശിശു വികസന ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ പി.ഉണ്ണികൃഷ്ണന്, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് ജില്ലാ കോ-ഓഡിനേറ്റര്‍ ബി.എസ് സുജിത്ത്, അസാപ്പ് പ്രോഗ്രാം മാനേജര്‍മാരായ പി.ഷൈനി, പി.ഗോപകുമാര്‍, ജന്ശിക്ഷന് സദന് സന്സ്ഥാന് ഡയറക്ടര്‍ സിജു മാത്യു, ജില്ലയിലെ വിവിധ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ചിറ്റൂര്‍ കൊങ്ങന്‍പട, മണ്ണാര്‍ക്കാട് പൂരം, ചിനക്കത്തൂര്‍ പൂരം എന്നിവയോടനുബന്ധിച്ച് ചിറ്റൂര്‍ താലൂക്കിലെ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ പരിധിയിലും മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്ക് പരിധിയിലും ഒറ്റപ്പാലം നഗരസഭാ, ലക്കിടി പേരൂര്‍ പഞ്ചായത്ത് പരിധികളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് ആറിന് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ചിറ്റൂര്‍ കോളേജ് പരിസരത്ത് മെയിന്‍ റോഡിലെ മൂന്ന് മഴ മരങ്ങളുടെ ശിഖരം, എഴ് മരങ്ങള്‍ മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ചിറ്റൂര്‍ കോളേജില്‍ ലേലം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ -8078042347