Input your search keywords and press Enter.

തിരുവല്ലയില്‍ ഒരു കോടിയുടെ ലഹരി വസ്തു ശേഖരം പിടികൂടി: രണ്ടു പേര്‍ പിടിയില്‍ 

 

തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജു    പരിസരത്ത് പോലീസിന്റെ വന്‍ ലഹരി മരുന്ന് വേട്ട. ഒരു ലക്ഷത്തിലധികം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇതിന് ഒരു കോടിയിലധികം വില വരും. രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ഡാന്‍സാഫ് സംഘവും ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ വാടക വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സ്, കൂള്‍ എന്നീ ഇനങ്ങളില്‍പ്പെട്ട 1,06,800 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ജില്ലയില്‍ ഇതാദ്യമാണ് ഇത്രയും തുകയുടെ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടുന്നത്. ചങ്ങനാശേരി പായിപ്പാട് ഓമണ്ണില്‍ വീട്ടില്‍ ജയകുമാര്‍ (56), ഇയാള്‍ക്കൊപ്പം താമസിക്കുന്ന ആശ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അബ്കാരി കേസില്‍ പ്രതിയാണ് ജയകുമാര്‍.

പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പിന്നിലെ വാടകവീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. തിരുവല്ല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. സമ്പന്നരുടെ വീടുകള്‍ നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഒരു വര്‍ഷമായി വീട് വാടകയ്‌ക്കെടുത്ത് ഇത്തരത്തില്‍ വന്‍ തോതില്‍ ലഹരിഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുകയും ചെറുകിടകച്ചവടക്കാര്‍ക്ക് വില്പന നടത്തുകയും ചെയ്തുവന്നത് സമീപവാസികള്‍ പോലുമറിഞ്ഞില്ല എന്നത് നിഗൂഢമാണ്.

ദിവസങ്ങളായി ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വീടും പരിസരവും. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ലോക്കല്‍ പോലീസുമായി ചേര്‍ന്ന് സംഘം വീടുവളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. വലിയ ചാക്കുകളില്‍ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. കമ്പനികളില്‍ നിന്നും വലിയ തോതില്‍ എത്തിച്ചശേഷം സ്വന്തം വാഹനത്തില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വില്പന നടത്തുകയാണ് പതിവ്. പരിശോധന മണിക്കൂറുകള്‍ നീണ്ടു. ആഴ്ചയില്‍ ലോഡ് കണക്കിനാണ് ഇവ വിറ്റഴിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

സമീപവാസികള്‍ക്കോ മറ്റോ യാതൊരു സംശയവും ഉണ്ടാവാത്ത വിധം വളരെ തന്ത്രപരമായാണ് വില്പന നടത്തിവന്നത്. വെളളി രാത്രി തന്നെ റെയ്ഡിനുള്ള നീക്കം ആരംഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ കിട്ടിയ രഹസ്യവിവരം നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിക്ക് കൈമാറിയത്തിനെതുടര്‍ന്നാണ് പരിശോധന നടന്നത്. കഴിഞ്ഞയാഴ്ച്ച നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്ന്‌പേരെ പിടികൂടിയിരുന്നു. തിരുവല്ലയിലെ ഒരു കടയില്‍ നിന്നും കച്ചവടത്തിന് ബാഗില്‍ സൂക്ഷിച്ച രണ്ട് യുവാക്കളില്‍ നിന്നുമാണ് ഹാന്‍സ് ഇനത്തില്‍പ്പെട്ട പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനെതുടര്‍ന്ന് സ്രോതസ്സിനെപ്പറ്റിയും ഇവര്‍ക്ക് ഇവ ലഭിക്കുന്നതിനെ കുറിച്ചും നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് ഇപ്പോള്‍ വന്‍ ലഹരിമരുന്ന് വേട്ട നടന്നിരിക്കുന്നത്.

റെയ്ഡില്‍ തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണ, എസ്.ഐമാരായ ഷാജി, അനീഷ്, ഹുമയൂണ്‍, ഡാന്‍സാഫ് എസ്.ഐ അജി സാമുവല്‍, എ എസ് ഐ അജികുമാര്‍, സി പി ഓമാരായ മിഥുന്‍ ജോസ്, അഖില്‍, സുജിത്, ബിനു, ശ്രീരാജ്, തിരുവല്ല പോലീസ് സ്‌റ്റേഷന്‍ എസ് സി പി ഓമാരായ സുനില്‍, മനോജ്, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!