Input your search keywords and press Enter.

പാലക്കാട് ജില്ല :അറിയിപ്പുകള്‍

വാണിയംകുളം ഗ്രാമ പഞ്ചായത്തില്‍ മെഗാ ക്ലീന്‍ ക്യാമ്പയിന്‍
 ക്ലീന്‍ കേരള 50 ടണ്‍ മാലിന്യം നീക്കം ചെയ്തു

വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ ‘സമ്പൂര്‍ണ്ണ മാലിന്യനിര്‍മാര്‍ജ്ജന യജ്ഞം’ ‘വലിച്ചെറിയല്‍ മുക്ത കേരളം ‘ ‘ശുചിത്വമിത്രോത്സവം ‘ എന്നിവയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന മെഗാ ക്ലീന്‍ ക്യാമ്പയിനില്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ 50 ടണ്‍ നിഷ്‌ക്രിയ മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുകയും ക്ലീന്‍ കേരള കമ്പനി സമയബന്ധിതമായി നീക്കം ചെയ്യുകയും ചെയ്തു. ‘വൃത്തിയുള്ള വാണിയംകുളം’ എന്ന പ്രത്യേക മാലിന്യ പരിപാലന ക്യാമ്പയിന്‍ ഫെബ്രുവരി 15 ന് പനയൂര്‍ മിനിപ്പടിയില്‍ നിന്നാണ് ആരംഭിച്ചത്. ക്യാമ്പയിനിന്റെ ഭാഗമായി വീടുകളില്‍ നിന്നും ഹരിത കര്‍മ്മ സേനാഗംങ്ങള്‍  മാലിന്യം ശേഖരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍, സ്ഥാപനങ്ങളില്‍ നിന്നുള്ള അജൈവ മാലിന്യങ്ങള്‍ കലണ്ടര്‍ പ്രകാരം  ശേഖരിക്കുകയും കൂടാതെ ക്യാമ്പയിന്റെ  ഭാഗമായി നിലവിലെ മുഴുവന്‍ മാലിന്യങ്ങളും ശേഖരിച്ച് നീക്കം ചെയ്യലും ഊര്‍ജിതമാക്കിയാണ് മെഗാ ക്യാമ്പയിന്‍ പൂര്‍ത്തിയാക്കിയത്.   ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, പേപ്പര്‍, ഇരുമ്പ് സാധനങ്ങള്‍, ബള്‍ബ്, കുപ്പി,ചെരുപ്പ്, ബാഗ് തുടങ്ങിയവ വീട്ടുകാര്‍ ചാക്കില്‍ സൂക്ഷിക്കുകയും നിശ്ചയിച്ച ദിവസങ്ങളില്‍ വീടുകളില്‍ എത്തുന്ന ഹരിത സേനാംഗങ്ങള്‍ക്ക്  എല്ലാ മാസങ്ങളിലും നിശ്ചിത യൂസര്‍ ഫീസോടെ  മാലിന്യങ്ങള്‍ കൈമാറുകയും ചെയ്യുന്ന പതിവ് പ്രകിയ തുടരുന്നതാണെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു.  വാണിയംകുളം പഞ്ചായത്തിലെ 18 വാര്‍ഡുകളിലും മാലിന്യ പരിപാലന പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  മെഗാ ക്യാമ്പയിന്‍ സമാപനത്തിന്റെ   ഭാഗമായി വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ നടന്ന ‘ശുചിത്വ സംഗമം’ പരിപാടി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മ സേന ശേഖരിച്ച മാലിന്യങ്ങളും ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്യുന്ന പ്രക്രിയയുടെ  ഫ്ളാഗ് ഓഫ് പ്രസിഡന്റ് നിര്‍വഹിച്ചു. വാര്‍ഡ് അംഗം വി. സിന്ധു അധ്യക്ഷയായ പരിപാടിയില്‍ മെമ്പര്‍മാരായ സുജിത്ത് പി. രാജ്, ശങ്കരനാരായണന്‍, സെക്രട്ടറി എ.കെ വിനോദ്, അസിസ്റ്റന്റ് സെക്രട്ടറി ആര്‍. ബിന്ദു, ക്ലീന്‍ കേരള ജില്ലാ ആര്‍.പി. പി.വി. സഹദേവന്‍, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം ഭാരവാഹികളായ എം.എ ശ്രീലത, കെ. ഗീത എന്നിവര്‍ സംസാരിച്ചു.


അന്താരാഷ്ട്ര വനിതാദിനം എട്ടിന്

നൈറ്റ് വാക്കും നൈറ്റ് ട്രാവലും സംഘടിപ്പിക്കും

വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും എന്ന ആശയത്തില്‍ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ ഗവ. വിക്ടോറിയ കോളെജില്‍ പരിപാടി സംഘടിപ്പിക്കുന്നു. രാത്രി കാലങ്ങളില്‍ പൊതു ഇടങ്ങള്‍ സ്ത്രീ സുരക്ഷിതം ആക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം രാത്രി 10 മുതല്‍ 11.30 വരെ നിശായാനം-2023 നൈറ്റ് വാക്കും നൈറ്റ് ട്രാവലും നടത്തുമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാരംഭിച്ച് പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ നൈറ്റ് വാക്കും നൈറ്റ് ട്രാവലും അവസാനിക്കും.

 നൈറ്റ് വാക്ക്- നൈറ്റ് ട്രാവല്‍ റൂട്ട്മാപ്പ്

ഗവ വിക്ടോറിയ കോളേജ്-താരേക്കാട്-റെയില്‍വേ മേല്‍പ്പാലം- ശകുന്തള ജംഗ്ഷന്‍- ടൗണ്‍ ബസ് സ്റ്റാന്റ്- കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്

ഗവ വിക്ടോറിയ കോളേജ്-താരേക്കാട് -സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍-ജില്ലാ ആശുപത്രി-റോബിന്‍സണ്‍ റോഡ്- കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്

സ്റ്റേഡിയം ബസ് സ്റ്റാന്റ്-ഐ.എം.എ ജംഗ്ഷന്‍- സിവില്‍ സ്റ്റേഷന്‍- പാലാട്ട് ജംഗ്ഷന്‍- എസ്.ബി.ഐ ജംഗ്ഷന്‍- കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്

യാക്കര തങ്കം ഹോസ്പിറ്റല്‍ ജംഗ്ഷന്‍- തോട്ടുപാലം- ജില്ലാ പോലീസ് ഓഫീസ്- കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്

മേഴ്സി കോളേജ്-നൂറണി-കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്

 
കള്ള് ചെത്ത് : ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ചിറ്റൂര്‍  മേഖലയില്‍ നിന്ന് കള്ള് ചെത്തുന്നതിന് തെങ്ങിന്‍ തോപ്പുകളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട തോപ്പുകളില്‍ നിന്ന് മാത്രമേ ഏപ്രില്‍ ഒന്ന് മുതല് കള്ള് ചെത്തുന്നത് അനുവദിക്കുകയുള്ളൂ. 2022 -23 രണ്ടാം അര്‍ദ്ധവര്‍ഷത്തേയ്ക്ക് കള്ള് ചെത്തുന്നതിനു അനുമതി നല്‍കിയിട്ടുള്ള തോപ്പുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ട തോപ്പുകളില്‍ നിന്ന് ആവശ്യമെങ്കില്‍ തുടര്‍ന്നും കള്ള് ചെത്തുന്നതിന് അനുമതിയെന്ന് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ചിറ്റൂര്‍ റേഞ്ച് ഓഫീസ്, കൊല്ലങ്കോട് റേഞ്ച് ഓഫീസ് , മേനോന്‍ പാറ എഫ്.എല്‍  ഒന്‍പത് വെയര്‍ ഹൗസിലെ എക്‌സൈസ് ഓഫീസ്, എരുത്തേമ്പതി , വടകരപ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട, കൊല്ലങ്കോട്  എന്നീ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലുമുള്‍പ്പെട്ട അക്ഷയ കേന്ദ്രങ്ങളിലും പ്രസിദ്ധീകരിച്ച തോപ്പുകളുടെ ലിസ്റ്റ് പരിശോധനയ്ക്കായി ലഭിക്കും.

പ്രസിദ്ധീകരിച്ചിട്ടുള്ള ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും, എന്നാല്‍ തെങ്ങ് ചെത്തി കള്ള് ഉത്പാദിപ്പിക്കുന്നതിന് തോപ്പുകള്‍ പാട്ടത്തിനു നല്‍കാന്‍ തയ്യാറുള്ളവരുമായ തോപ്പുടമകള്‍ പ്രസ്തുത ഡാറ്റാ ബാങ്കില്‍ തോപ്പുകള്‍ ഉള്‍പ്പെടുത്തുന്നതിനായി പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷയുടെ മാതൃക ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ചിറ്റൂര്‍ റെയ്ഞ്ച് ഓഫീസ്, കൊല്ലങ്കോട് റെയ്ഞ്ച് ഓഫീസ്, മേനോന്‍പാറ എഫ്.എല്‍ ഒന്‍പത് വെയര്‍ ഹൗസിലെ എക്‌സൈസ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.

ഇന്‍ഷുറന്‍സ് പദ്ധതി : രേഖകള്‍ നല്‍കണം

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2023 വര്‍ഷത്തെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിന് നിശ്ചിത പ്രപോസല്‍ ഫോറം നല്‍കണം. പ്രൊപോസല്‍ ഫോറത്തോടൊപ്പം തൊഴിലാളിയുടെ രജിസ്‌ട്രേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും 2022-23 കാലയളവിലെ വേതന പട്ടികയും പാലക്കാട് വെല്‍ഫയര്‍ ഫണ്ട് ഓഫീസില്‍ മാര്‍ച്ച് 15 നകം ഹാജരാക്കണമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ക്ഷേമ നിധി കുടിശ്ശിക 31 വരെ അടയ്ക്കാം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ക്ഷേമനിധി കുടിശ്ശിക ഒന്‍പത് ശതമാനം പലിശ ഉള്‍പ്പടെ 2023 മാര്‍ച്ച് 31 വരെ അടയ്ക്കാമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അഞ്ച് വര്‍ഷം വരെയുള്ള കുടിശ്ശിക ജില്ലാ ഓഫീസിലും അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തൊഴില്‍ ഉടമയുടെയും, ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും സാക്ഷ്യപത്രം ലഭ്യമാക്കിയ ശേഷം ബോര്‍ഡിന്റെ അനുമതിക്ക് വിധേയമായും ഒടുക്കു വരുത്താവുന്നതാണ്. ഫോണ്‍ – 0491 2547437

മെഡിക്കല്‍ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
ധനസഹായ കരട് പട്ടിക പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്  മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായ പദ്ധതി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.bcdd.kerala.gov.inwww.egrantz.gov.in  ലും ലഭിക്കും. വിവിധ കാരണങ്ങളാല്‍ ഇ-ഗ്രാന്റ്സ് മുഖേന റിവേര്‍ട്ട് ചെയ്ത അപേക്ഷകളിലെ ന്യുനത പരിഹരിച്ച്  മാര്‍ച്ച് 10 നകം ഓണ്‍ലൈനായി തിരികെ നല്‍കണം. ജില്ലയില്‍ നിന്നുള്ളവര്‍ക്ക് കരട് പട്ടികയില്‍ ആക്ഷേപമുണ്ടെകില്‍ ബന്ധപ്പെട്ട രേഖയുമായി മാര്‍ച്ച് 14 നകം പാലക്കാട് മേഖലാ ഓഫീസിലോ [email protected] ലോ അറിയിക്കാം. തിയതി കഴിഞ്ഞുള്ള  അവകാശ വാദങ്ങള്‍ പരിഗണിക്കുന്നതല്ലെന്ന് മേഖലe ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു  ഫോണ്‍ – 0491 2505663

വര്‍ണ്ണകൂടാരം- ബാലവേദി ശില്പശാല സമാപിച്ചു.

സംസ്ഥാന ലെബ്രറി കൗണ്‍സില്‍ മുണ്ടൂര്‍ യുവക്ഷേത്രയില്‍ സംഘടിപ്പിച്ച വര്‍ണ്ണ കൂടാരം ബാലവേദി ശില്പശാല സമാപിച്ചു. കവി പി. രാമന്‍ വായനയുടെ ഈണവും താളവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.  കളിത്തട്ട്, കിലുക്കം, വര്‍ത്താനം, ചങ്ങാത്തം എന്നീ ഗ്രൂപ്പുകള്‍ ശില്പശാലയില്‍ അവതരണം നടത്തി.  സമാപന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു.  പ്രൊഫ. ഗംഗാധരന്‍, വിജയകുമാര്‍, സിനി, വി.കെ ജയപ്രകാശ്, ടി.കെ. നാരായണദാസ്, പി.എന്‍ മോഹനന്‍, എം.ഉണ്ണികൃഷ്ണന്‍ എന്നിവര്‍  സംസാരിച്ചു.

കോഴിമുട്ട വില്പനയ്ക്ക്

മലമ്പുഴ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഭക്ഷ്യയോഗ്യമായ കോഴിമുട്ടകള്‍ വില്പനക്ക്. ആവശ്യക്കാര്‍ 8590663540, 9526126636 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

വിജ്ഞാപനം റദ്ദാക്കി

ജില്ലയില്‍ ആയൂര്‍വേദ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നം 435/2022) എട്ടാമത് എന്‍.സി.എ-എസ്.സി.സി.സി തസ്തിക തെരഞ്ഞെടുപ്പിനായി 2022 ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്ന വിജ്ഞാപനം നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

പുനഃദര്‍ഘാസ്

ഒറ്റപ്പാലം താലൂക്ക്  ആശുപത്രിയിലെ വിവിധ പദ്ധതികളായ ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, ആരോഗ്യ കിരണം, കാസ്പ്, മെഡിസെപ്പ് പദ്ധതികളുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ ആശുപത്രി/സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത ലാബ് പരിശോധന ചെയ്യുന്നതിന് പുനഃദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം മാര്‍ച്ച് 14 ന് ഉച്ചയ്ക്ക് ഒന്ന് വരെ ലഭിക്കും. മാര്‍ച്ച് 15 ന് രാവിലെ 11 വരെ പൂരിപ്പിച്ച ഫോറം സ്വീകരിക്കും. അന്ന് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍ – 0466 2344053

ട്രസ്റ്റി നിയമനം

ചിറ്റൂര്‍ താലൂക്ക്, കൊല്ലങ്കോട്, പുതുഗ്രാമം ശ്രീ.വിശ്വനാഥസ്വാമി ദേവസ്വത്തിലും കല്ലഞ്ചിറ ശ്രീ സൗണ്ടമ്മാള്‍ ക്ഷേത്രത്തിലും തികച്ചും സന്നദ്ധ സേവനത്തില്‍ ട്രസ്റ്റിമാരായി നിയമിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 15 ന് വൈകീട്ട് അഞ്ചിനകം നിശ്ചിത ഫോറത്തില്‍   അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ലഭിക്കും. ഫോണ്‍ – 0491-2505777

error: Content is protected !!