ളാഹ മഞ്ഞത്തോട് ആദിവാസി മേഖലയില്‍ ഈ മാസം 31 ന് അകം വൈദ്യതീകരണം നടത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും മാര്‍ച്ച് 31 ന് അകം വൈദ്യുതി നല്‍കണം എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ജില്ലയിലെ ളാഹ മഞ്ഞത്തോട് മേഖലയിലെ വൈദ്യൂതീകരണം സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വൈദ്യുതീകരണത്തിന്റെ 80 ശതമാനം തുക വൈദ്യുതി ബോര്‍ഡും, 20 ശതമാനം തുക പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പും വഹിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. വൈദ്യൂതി നല്‍കുന്നതിന് വനപ്രദേശത്തു കൂടി ലൈന്‍ വലിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി കെഎസ്ഇബിക്ക് ആവശ്യമായിട്ടുണ്ട്. വൈദ്യുതീകരണം സംബന്ധിച്ച് യാതൊരു വിധ കാലതാമസവും ഉണ്ടാകാതെ നടപടികളുമായി മുന്‍പോട്ട് പോകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കി കൊണ്ട് മഞ്ഞത്തോട്ടില്‍ 22 കണക്ഷനുകളാണ് നല്‍കേണ്ടത്. വീടുകള്‍ക്ക് കണക്ഷന്‍ നല്‍കുന്നതോടൊപ്പം കോളനികള്‍ക്കുള്ളിലെ പൊതുവഴികളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കും.
യോഗത്തില്‍ തിരുവല്ല ആര്‍ഡിഒ ഇന്‍ചാര്‍ജ് ആര്‍. രാജലഷ്മി, കെഎസ്ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍. പ്രസാദ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, റാന്നി തഹസില്‍ദാര്‍. കെ. മഞ്ജുഷ, കോന്നി എല്‍ആര്‍ തഹസീല്‍ദാര്‍ ടി. ബിനുരാജ്, റാന്നി ആര്‍എഫ്ഒ കെ.എസ്. മനോജ്, ഡെപ്യുട്ടി തഹസീല്‍ദാര്‍ അജിന്‍ ഐപ്പ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.