Input your search keywords and press Enter.

കോന്നി ഇളകൊള്ളൂരില്‍ അപകടമുണ്ടാക്കിയ കെഎസ്ആര്‍ടിസി ബസിന് ജിപിഎസും സ്പീഡ് ഗവര്‍ണറുമില്ല

 

കോന്നി ഇളകൊള്ളൂരില്‍ അപകടമുണ്ടാക്കിയ കെഎസ്ആര്‍ടിസി ബസ് ഓടിയിരുന്നത് ഗതാഗത നിയമങ്ങള്‍ ലംഘിച്ച്. അമിത വേഗതയില്‍ വളവില്‍ ഓവര്‍ടേക്ക് ചെയ്ത് അപകടമുണ്ടാക്കിയ ബസിന് ജിപിഎസും സ്പീഡ ഗവര്‍ണറും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ഇരുവാഹനങ്ങള്‍ക്കും അമിത വേഗമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എങ്കിലും അപകടത്തില്‍പ്പെട്ട സൈലോ കാറിന്‍റെ ഡ്രൈവര്‍ തന്‍റെ സൈഡിലൂടെ കൃത്യമായാണ് വന്നിരുന്നത്. വളവോട് കൂടിയ ഇളകൊള്ളൂര്‍പള്ളിക്ക് മുന്നില്‍ മുന്‍പില്‍ പോയ കാറിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആര്‍ടിസി ബസിന് നിയന്ത്രണം നഷ്ടമാവുകയും എതിരേ വന്ന സൈലോ കാര്‍ ഇടിച്ച് തകര്‍ത്ത് കിഴവള്ളൂര്‍ പള്ളിയുടെ കമാനവും കാണിക്ക വഞ്ചിയും ഇടിച്ച് തകര്‍ത്ത് നില്‍ക്കുകയുമായിരുന്നു.

അപകടത്തില്‍ 17 പേര്‍ക്കാണ് പരുക്കേറ്റത്. രണ്ടു പേരുടെ നില ഗുരുതരമാണ്.കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജയകുമാര്‍, കാര്‍ ഓടിച്ചിരുന്ന ജോണോറാം ചൗധരി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1.50 ന് പത്തനംതിട്ടയില്‍ നിന്നും പുനലൂര്‍ വഴി തിരുവനന്തപുരത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ട ഭാഗത്തെക്ക് വരികയായിരുന്ന സൈലോ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

തെറ്റായ വശത്ത് കുടി വേഗത്തില്‍ മറ്റൊരു കാറിനെ മറികടന്ന് വന്ന കെഎസ് ആര്‍ടിസി ബസ് അശ്രദ്ധമായും വേഗത്തിലുമെത്തിയ സൈലോ കാറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് കിഴവള്ളൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ കുരിശടിയോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് കമാനം ഇടിച്ച് തകര്‍ത്ത് ഉള്ളില്‍ കയറിയാണ് നിന്നത്. കമാനത്തിന്റെ ഭാരമേറിയ കോണ്‍ക്രീറ്റ് ബീമുകള്‍ മുകളില്‍ വീണ് ബസ് പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വരുന്ന ഭാഗത്ത് റോഡിന്റെ ഇടതു വശത്ത് മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതു കാരണം അടുത്ത ട്രാക്കിലേക്ക് കാര്‍ കയറിയ സമയത്താണ് ഇടിയുണ്ടായത്.

ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരുക്കേറ്റ 17 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍ മാര്‍ക്ക് പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കോന്നി-മുവാറ്റുപുഴ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇരു വാഹനങ്ങളും ക്രെയിന്‍ ഉപയോഗിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

error: Content is protected !!