Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ഓമല്ലൂര്‍ വയല്‍ വാണിഭം കാര്‍ഷിക വിപണന മേളയും സെമിനാറും

ചരിത്ര പ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍ വാണിഭത്തോട് അനുബന്ധിച്ച് കാര്‍ഷിക വിപണന മേളയും കാര്‍ഷിക സെമിനാറും  സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും  മീനമാസം ഒന്നിന് ആരംഭിച്ച് ഒരു മാസക്കാലം  നീണ്ടു നില്‍ക്കുന്ന വിപണന മേളയാണ് നടക്കുന്നത്.  പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. എസ് . മനോജ് കുമാര്‍, ഷാജി തോമസ്, സാലി തോമസ്, പാടശേഖര സമിതി പ്രസിഡന്റ് പി.ആര്‍ പ്രസന്നകുമാരന്‍ നായര്‍, കൃഷി ഓഫീസര്‍ റ്റി.സ്മിത എന്നിവര്‍ പ്രസംഗിച്ചു. മീനമാസം ഒന്നിന് ആരംഭിച്ച് ഒരു മാസക്കാലം  നീണ്ടു നില്‍ക്കുന്ന  വാണിഭത്തിന്റെ വിപണന മേളയില്‍ ചേന, കാച്ചില്‍, കിഴങ്ങു വര്‍ഗങ്ങള്‍, ഫലവൃക്ഷങ്ങളുടെ നടീല്‍ വസ്തുക്കള്‍, വെങ്കല പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി  നിരവധി ഇനങ്ങളാണ് ലഭ്യമാവുന്നത്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് വയല്‍ വാണിഭം സംഘടിപ്പിക്കുന്നത്.

അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു.  അഞ്ചാം ക്ലാസു മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്കാണ് അവസരം.  പി.എച്ച്.പി, പൈതണ്‍, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്സ്, വീഡിയോ സര്‍വൈലന്‍സ് തുടങ്ങി പതിനെട്ടോളം കോഴ്സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങള്‍വഴി പരിശീലനം നല്‍കുന്നത്. ഏപ്രില്‍ ഒന്നിനു ക്ലാസുകള്‍ ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്റ്റഡി മെറ്റീരിയലും, സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും. പരിശീലനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും.  രജിസ്ട്രേഷന്‍ ആരംഭിച്ചു.  ഫോണ്‍: 0471 2322100/ 2321360. ഇ-മെയില്‍: [email protected]  വെബ് : www.tet.cdit.org

കോമളം പുതിയ പാലം: അധികരിച്ച നിരക്കിന് മന്ത്രിസഭയുടെ പ്രത്യേക അനുമതി
വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കോമളം പാലത്തിന്റെ  സ്ഥലത്ത് സാങ്കേതിക മികവുള്ള പുതിയ പാലം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ നടപടികളും  പൂര്‍ത്തീകരിച്ചുവെന്നും, ടെന്‍ഡറില്‍ പങ്കെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ്  സൊസൈറ്റിക്ക്  അവര്‍ ക്വോട്ട്  ചെയ്ത അധികരിച്ച നിരക്കില്‍ പാലം പണി ഏല്‍പ്പിച്ച് നല്‍കുവാന്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതി ലഭ്യമായെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ഇനി ഈ പ്രവര്‍ത്തി നിയമക്കുരുക്കില്‍ പെടുത്തിയിടാതെ  പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുന്നതിന് ഏവരുടെയും പിന്തുണ എംഎല്‍എ അഭ്യര്‍ഥിച്ചു.
ഒഴുകിപ്പോയ സമീപനപാത പുനര്‍ നിര്‍മിച്ച്  പഴയപാലം ഉപയോഗപ്രദമാക്കി  നല്‍കണമെന്ന് എംഎല്‍എയുടെ നിയമസഭയിലെ ആവശ്യത്തോട് പ്രതികരിച്ച് ചീഫ് എന്‍ജിനീയര്‍മാരുടെ ഒരു സംഘത്തെ പൊതുമരാമത്ത് മന്ത്രി കോമളത്തേക്ക് അയച്ചിരുന്നു. സമീപന പാത പുനര്‍നിര്‍മിച്ചാലും വീണ്ടും ഒഴുകിപ്പോകുവാന്‍ എല്ലാ സാധ്യതയും ഉണ്ടെന്നും തടികളും മറ്റും വന്ന് അടിയുന്ന സാഹചര്യം ഒഴിവാക്കി വെന്‍ഡ് വേ വലുതാക്കി സബ്മേഴ്സിബിള്‍  പാലത്തിന് പകരം  പുതിയപാലം നിര്‍മിക്കുക മാത്രമാണ്  പോംവഴിയെന്ന് വിദഗ്ധ സംഘം വിലയിരുത്തി.
പുതിയ പാലം നിര്‍മാണത്തിന് 2022 ലെ ബജറ്റില്‍ മതിയായ തുക വകയിരുത്തി ടെന്‍ഡര്‍ വിളിച്ചുവെങ്കിലും രണ്ടുതവണ ആരും പങ്കെടുത്തില്ല. തുടര്‍ന്ന് മൂന്നാമത്തെ ടെന്‍ഡറില്‍ ഊരാളുങ്കല്‍  ലേബര്‍ സൊസൈറ്റി 23 ശതമാനം അധികരിച്ച നിരക്കില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കുകയായിരുന്നു. 10 ശതമാനത്തില്‍  കൂടുതല്‍ അധികരിച്ച നിരക്ക് ചീഫ് എന്‍ജിനീയര്‍മാരുടെ സമിതിക്ക് അംഗീകരിക്കാന്‍ ആവാത്തതിനാല്‍ സര്‍ക്കാരിന്റെ അനുമതിക്ക് അയയ്ക്കുകയായിരുന്നു. ഇന്നലെ കൂടിയ മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കി.
ഇതിന് മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനോടും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോടും ഇടപെടലുകള്‍ നടത്തിയ എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തോടും എംഎല്‍എ നന്ദി അറിയിച്ചു.

ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2023-24 കാലയളവില്‍ കെഎഎസ്പി /ജെഎസ്വൈ /ജെഎസ്എസ്‌കെ/ ആര്‍ ബിഎസ് കെ /ട്രൈബല്‍ /എകെ എന്നീ വിഭാഗത്തില്‍പെടുന്ന ശബരിമല ഗുണഭോക്താക്കളായ  രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത എംആര്‍ഐ/ സിടി സ്‌കാന്‍ /എക്കോ കാര്‍ഡിയോ ഗ്രാം/ അള്‍ട്രാ സൗണ്ട് /  ഡിജിറ്റല്‍ എക്സ്റേ/ ഡെന്റല്‍ എക്സ്റേ/ ഇസിജി/ഇഇജി /എന്‍ഡോസ്‌കോപി /മാമോഗ്രാം എന്നിവ ലഭ്യമാക്കുന്നതിന് ആശുപത്രിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുളള സ്‌കാനിംഗ് സെന്ററുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.
ഫോണ്‍ : 0468 2222364, 9497713258.   
ടെന്‍ഡര്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2023-24 കാലയളവില്‍ കെഎഎസ്പി /ജെഎസ്വൈ /ജെഎസ്എസ്‌കെ/ ആര്‍ ബിഎസ് കെ /ട്രൈബല്‍ /എകെ എന്നീ വിഭാഗത്തില്‍പെടുന്ന ശബരിമല ഗുണഭോക്താക്കളായ  രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍  ലഭ്യമാക്കുന്നതിന് ആശുപത്രിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുളള സ്‌കാനിംഗ് സെന്ററുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 0468 2222364, 9497713258.
സ്‌കോള്‍ കേരള ഡിസിഎ ഏഴാം ബാച്ച് പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി
സ്‌കോള്‍ കേരള ഡിസിഎ ഏഴാം ബാച്ചിന്റെ 2022 നവംബര്‍, ഡിസംബര്‍, 2023 ജനുവരി മാസങ്ങളില്‍ നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി. ഉത്തരകടലാസ് , പുനര്‍നിര്‍ണയം, സ്‌ക്രൂട്ടിണി, ഫോട്ടോ കോപ്പി എന്നിവയ്ക്ക് മാര്‍ച്ച് 25 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scolekerala.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471 2342950,2342369.
 
കോന്നി ബ്ലോക്ക് പഞ്ചായത്ത് – ബഡ്ജറ്റ് 2023-24 അവതരിപ്പിച്ചു
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റ് കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ  നീതു ചാര്‍ളി അവതരിപ്പിച്ചു. 54,23,86,210 രൂപ വരവും 52,69,04,000 രൂപ ചെലവും 1,54,82,210 രൂപ നീക്കിബാക്കിയും നില്‍ക്കുന്നതാണ് ബഡ്ജറ്റ് .  ബഡ്ജറ്റില്‍ എല്ലാ മേഖലകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു. കൃഷി, കുടിവെള്ളം, പാര്‍പ്പിടം, പട്ടികജാതി, പട്ടികവര്‍ഗക്ഷേമം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, റോഡ് വികസനം, വൈദ്യുതീകരണം, ജല സംരക്ഷണം, ക്ഷീര വികസനം, ഘടകസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം, വജ്രജൂബിലി ഫെലോഷിപ്പ് നല്‍കുന്നതിലൂടെ കലയെ കൈവിടാതിരിക്കുവാനും ബഡ്ജറ്റില്‍ പ്രത്യേകം ശ്രദ്ധ നല്‍കിയിട്ടുണ്ട്.  ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലോത്സവം, പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കിച്ചണ്‍ എന്നിവയ്ക്ക്  ബഡ്ജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.യോഗത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി പി.താര. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഗതാഗത നിയന്ത്രണം
പൂങ്കാവ്-പത്തനംതിട്ട റോഡില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുളള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. പൂങ്കാവ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കുമ്പഴ-മല്ലശ്ശേരി റോഡ് വഴി പത്തനംതിട്ടയ്ക്കും, പത്തനംതിട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പ്രമാടം അമ്പലംജംഗ്ഷന്‍-വാഴമുട്ടം ഈസ്റ്റ് വഴി പൂങ്കാവിലേക്കും എത്തിചേരണമെന്ന് പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.    

യോഗം മാറ്റി വെച്ചു
മാര്‍ച്ച് 17 ന് ചേരുവാന്‍ നിശ്ചയിച്ചിരുന്ന ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം മാറ്റി വെച്ചതായി ജില്ലാ കള്കടര്‍ ഡോ.ദിവ്യാ എസ് അയ്യര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മെഗാജോബ് ഫെസ്റ്റ് മാര്‍ച്ച് 25ന്
നാഷണല്‍ എപ്ളോയ്മെന്റ് സര്‍വീസി (കേരളം)ന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി മെഗാജോബ്  ഫെസ്റ്റ് 2023 സംഘടിപ്പിക്കും.  സ്വകാര്യ മേഖലയിലെ അമ്പതില്‍പരം ഉദ്യോഗദായകര്‍ മാര്‍ച്ച് 25 ന്  വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജ് കാമ്പസില്‍ നടക്കുന്ന മെഗാജോബ് ഫെസ്റ്റില്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി ,ഡിപ്ലോമ,  ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.inഎന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്ന  സ്ഥാപനങ്ങളുടെ ഒഴിവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്  0468 2222745 (  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,പത്തനംതിട്ട) 0471 27417131, 0471 2992609 (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തിരുവനന്തപുരം) എന്നീ നമ്പറുകളില്‍  ബന്ധപ്പെടുക.                                                                                

സീറ്റൊഴിവ്
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ആരംഭിച്ച മൂന്നു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് സര്‍വേയിംഗ് എന്ന ഹ്രസ്വകാല കോഴ്സില്‍ ഒഴിവുള്ള  സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്സ് ഫീസ് – 10,000 രൂപ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഐ ടി ഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0479 2452210, 2953150 , 9446079191.

അധിവര്‍ഷാനുകൂല്യം-രേഖകള്‍ ഹാജരാക്കണം
കേരള കര്‍ഷകതൊഴിലാളി  ക്ഷേമനിധി  പദ്ധതിയില്‍ അംഗങ്ങളായി 60 വയസ് പൂര്‍ത്തീകരിച്ച് 2017 ഡിസംബര്‍ വരെ അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ രേഖകള്‍ നല്‍കാത്തവര്‍  ആധാര്‍കാര്‍ഡ്, സീറോ ബാലന്‍സ് അല്ലാത്ത സിംഗിള്‍ അക്കൗണ്ടുളള ബാങ്ക് പാസുബുക്ക്, സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പുകളും അംഗത്തിന്റെ ഫോണ്‍ നമ്പറും ഹാജരാക്കണം. മരണമടഞ്ഞ അംഗങ്ങളുടെ അവകാശികള്‍ മരണ സര്‍ട്ടിഫിക്കറ്റ്,  റേഷന്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന മറ്റു രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും രണ്ടു രേഖകളുടെ  പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. പേരിലോ വിലാസത്തിലോ വ്യത്യാസമുളളവര്‍ വാര്‍ഡ്  മെമ്പറുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

error: Content is protected !!