Input your search keywords and press Enter.

ലഹരിക്കെതിരെ കേരളാ പോലീസ്: 244 പേര്‍ അറസ്റ്റില്‍

 

മയക്കുമരുന്നുകള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സംസ്ഥാനതല ആന്‍റി നര്‍കോട്ടിക് ടാസ്ക്ഫോഴ്സ് മേധാവി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് ആവിഷ്കരിച്ചത്. സോണ്‍ ഐ.ജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.

സംസ്ഥാനത്ത് 1373 പേരെയാണ് പോലീസ് പരിശോധിച്ചത്. വിവിധ ജില്ലകളിൽ നിന്നായി 81.46 ഗ്രാം എം.ഡി.എം.എയും 10.352 കിലോഗ്രാം കഞ്ചാവും പിടികൂടി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കൊച്ചി സിറ്റിയിലാണ് – 61 പേര്‍. ആലപ്പുഴയില്‍ 45 പേരും ഇടുക്കിയില്‍ 32 പേരും അറസ്റ്റിലായി. തിരുവനന്തപുരം സിറ്റിയില്‍ 21 പേരും തിരുവനന്തപുരം റൂറലില്‍ എട്ടു പേരുമാണ് പോലീസ് പിടിയിലായത്.

ഏറ്റവും കൂടുതല്‍ എം.ഡി.എം.എ പിടിച്ചെടുത്തത് കൊല്ലം സിറ്റിയില്‍ നിന്നാണ് – 37.41 ഗ്രാം. തിരുവനന്തപുരം റൂറലില്‍ നിന്ന് 22.85 ഗ്രാം എം.ഡി.എം.എ പിടികൂടി.

കൊച്ചി സിറ്റിയില്‍ മാത്രം 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴയില്‍ 44 ഉം ഇടുക്കിയില്‍ 33 ഉം തിരുവനന്തപുരം സിറ്റിയില്‍ 22 ഉം തിരുവനന്തപുരം റൂറലില്‍ ആറും കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മയക്കുമരുന്ന് ശേഖരിക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു.

error: Content is protected !!