പത്തനംതിട്ട : ഏഴംകുളം നെടുമണ്ണിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ
കണ്ടെത്തിയ സംഭവത്തിൽ ഇളയ സഹോദരനെയും സുഹൃത്തിനെയും അടൂർ പോലീസ്
അറസ്റ്റ് ചെയ്തു. കൊലപാതകമാണെന്ന് അന്വേഷണത്തിൽ
വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ്.
അടൂർ ഏഴംകുളം നെടുമൺ ഓണവിള
പുത്തൻ വീട്ടിൽ അനീഷ് ദത്ത(52) നെയാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ടിന്
വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അനീഷ്
ദത്തന്റെ ഇളയസഹോദരൻ മനോജ് ദത്തൻ (ജോജോ-46), വാണേക്കാട് പള്ളി ബിനു
ഭവനിൽ ബിനു (42) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി മൂന്ന് പേരും വീട്ടിലിരുന്ന് ഒരുമിച്ച് മദ്യപിച്ചിരുന്നു.
തുടർന്ന് പരസ്പരം വഴക്കും അടിപിടിയും ഉണ്ടായതായി അനീഷിന്റെ അമ്മ
ശാന്തമ്മ അന്വേഷണസംഘത്തിന് മൊഴിനൽകിയിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.
പിറ്റേന്ന് പുലര്‍ച്ചെ രണ്ടിന് ശാന്തമ്മയാണ് വീട്ടിലെ മുറിയിൽ നിലത്ത്
അനീഷിനെ ചലനമറ്റനിലയിൽ കണ്ടത്. അപ്പോഴേക്കും ഇയാൾ
മരണപ്പെട്ടിരുന്നു. അനീഷും അമ്മയും സഹോദരനും മാത്രമാണ് വീട്ടിൽ താമസം.
സംഭവദിവസം ഒരുമിച്ചിരുന്ന് മദ്യപിച്ച ബിനുവും ഇവിടെ തന്നെയാണ് കിടന്നത്.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസിന് വ്യക്തമായിരുന്നു. ജില്ലാ
പോലീസ് മേധാവി വി.അജിത്തിൻ്റെ നിർദ്ദേശാനുസരണം അടൂർ ഡിവൈഎസ്പി
ആർ ജയരാജിൻ്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ, എസ്
ഐമാരായ ശ്യാമകുമാരി, ജലാലുദ്ദീൻ റാവുത്തർ, സിപിഓമാരായ റോബി ഐസക്ക്,
എം.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. കോടതിയിൽ
ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.