Input your search keywords and press Enter.

പത്തനംതിട്ട ജില്ല : കെഎസ് ഇബി മുന്നറിയിപ്പ്

പത്തനംതിട്ട ജില്ല : കെഎസ് ഇബി മുന്നറിയിപ്പ്

ക്രിസ്തുമസ് നവവത്സര ഉത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോള്‍ വൈദ്യുത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാത്ത പക്ഷം വൈദ്യുത അപകടങ്ങള്‍ സംഭവിക്കും.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ.
താത്ക്കാലിക ആവശ്യത്തിന് എടുക്കുന്ന വൈദ്യുത കണക്ഷന്റെ തുടക്കത്തില്‍ തന്നെ പ്രവര്‍ത്തനക്ഷമായ 30 മില്ലി ആമ്പിയര്‍ സെന്‍സിറ്റിവിറ്റിയുളള എര്‍ത്ത് ലീക്കേജ് സുരക്ഷാസംവിധാനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കൂടുതല്‍ സര്‍ക്യൂട്ടുകള്‍ ഉണ്ടെങ്കില്‍, ഓരോ സര്‍ക്യൂട്ടിനും ഈ സംവിധാനം നല്‍കുന്നത് ഉചിതമാണ്.

യാതൊരു കാരണവശാലും മെയിന്‍ സ്വിച്ചില്‍ നിന്നോ എനര്‍ജി മീറ്ററിനുശേഷമുളള ഫ്യൂസ്, ന്യുട്രല്‍ലിങ്ക് ഇവയില്‍ നിന്നോ നേരിട്ട് വൈദ്യുതി എടുക്കാതിരിക്കുക.

വൈദ്യുതാലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഗുണനിലവാരം ഉളളതും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതും ആണെന്ന് ഉറപ്പു വരുത്തുക.

വിലക്കുറവ് നോക്കി വഴിയോരങ്ങളില്‍നിന്നും ഓണ്‍ലൈന്‍വഴിയും വാങ്ങുന്ന ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുന്നത് മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കും. ആയതിനാല്‍ വൈദ്യുത സാമഗ്രികളില്‍ ഐഎസ്ഐ മുദ്രണം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

സിംഗിള്‍ ഫേസ് വൈദ്യുതി എടുക്കുന്നതിന് മൂന്ന് കോര്‍ ഉളള ഡബിള്‍ ഇന്‍സുലേറ്റഡ് കേബിള്‍ / വയര്‍ മാത്രമേ ഉപയോഗിക്കാവൂ. ജോയിന്റ് / കേടായ കേബിള്‍ / വയറുകള്‍ ഉപയോഗിക്കരുത്. വൈദ്യുതി എടുക്കുന്നതിന് ത്രീ പിന്‍ പ്ലഗ്ഗുകള്‍ ഉപയോഗിക്കണം.

ജനല്‍, വാതില്‍ മറ്റ് ലോഹങ്ങള്‍ എന്നിവയില്‍ മുട്ടുന്ന രീതിയില്‍ വയറുകള്‍ വലിക്കരുത്. കൈ എത്തുന്ന അകലത്തില്‍ വയറുകളോ ഉപകരണങ്ങളോ ഇല്ല എന്ന് ഉറപ്പുവരുത്തണം.പിണഞ്ഞുളള പ്ലാസ്റ്റിക് വയറുകള്‍ വൈദ്യുതി എടുക്കുന്നതിനോ അലങ്കാരത്തിനോ ഉപയോഗിക്കരുത്. ഇത് തീ പിടുത്തം ഉണ്ടാകുന്നതിന് കാരണമാകും.

ഫേസില്‍ അനുയോജ്യമായ ഫ്യൂസ്/ എംസിബി ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഔട്ട്ഡോര്‍ ഉപയോഗത്തിന് എന്ന് രേഖപ്പെടുത്തിയ ഉപകരണങ്ങള്‍ മാത്രമേ ഔട്ട്ഡോറില്‍ ഉപയോഗിക്കാവൂ.ഏതെങ്കിലും സാഹചര്യത്തില്‍ ഫ്യൂസ് പോവുകയോ എംസിബി/ ആര്‍സിസിബി ട്രിപ്പ് ആകുകയോ ചെയ്താല്‍ ആയതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചതിനുശേഷം മാത്രം വീണ്ടും ചാര്‍ജ്ജ് ചെയ്യുക.

വൈദ്യുതി ഉപയോഗിച്ചിട്ടുളള പ്രവ്യത്തികള്‍ ഒറ്റയ്ക്ക് ചെയ്യരുത്.
എര്‍ത്തിംഗ് സംവിധാനം ശരിയായ രീതിയില്‍ പരിപാലിക്കപ്പെടുന്നു എന്ന് ഉറവപ്പുവരുത്തണം.വൈദ്യുത സംബന്ധമായ ഏതു പ്രവ്യത്തിയും സര്‍ക്കാര്‍ അംഗീക്യത ലൈസന്‍സുളള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴിമാത്രം ചെയ്യുകയും, ആയതിന് ബന്ധപ്പെട്ട കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ സെക്ഷന്‍ ഓഫീസില്‍ നിന്ന് അനുമതി നേടുകയും ചെയ്യണം.

കെഎസ്ഇബി യുടെ വൈദ്യുതി ഉളള സ്ഥലങ്ങളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ചെയ്ഞ്ച് ഓവര്‍ സ്വിച്ച് നിര്‍ബന്ധമായും സ്ഥാപിക്കണം.വൈദ്യുത ദീപാലങ്കാരങ്ങളും കമാനങ്ങളും വൈദ്യുത ലൈനുകള്‍, ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷന്‍ ഇവയുടെ സമീപത്ത് സ്ഥാപിക്കരുത്. ഫോണ്‍ : 0468-2223123.

error: Content is protected !!