സന്ദീപ് പണിക്കർ
വാഷിംഗ്ടൺ ഡി.സി: മാനവരാശിക്ക് വേണ്ടിയുള്ള സേവനമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളുടെ കാതൽ. നിസ്വാർത്ഥ സേവനത്തിലാണ് യഥാർത്ഥ ആത്മീയത എന്ന് അദ്ദേഹം വിശ്വസിച്ചു. ഗുരുവിന്റെ തത്ത്വചിന്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അസംഖ്യം സാമൂഹിക സേവന സംഘടനകൾ ആ പാരമ്പര്യത്തെ നിലനിർത്തുന്നു.
മനുഷ്യരാശിയുടെ ക്ഷേമമാണ് നമ്മുടെ പരിശ്രമങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതോടൊപ്പം, ആ മഹാ ഗുരുവിന്റെ അഗാധ ജ്ഞാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ അനുകമ്പയുള്ളതും എല്ലാവരേയും ഉൾക്കൊള്ളുന്നതും പ്രബുദ്ധവുമായ ഒരു ലോകത്തിനായി കൂട്ടായി പ്രവർത്തിക്കാം എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി ശ്രീനാരായണ മിഷൻ സെന്റർ (SNMC) നിലകൊള്ളുന്നു.
ഡിസംബർ പത്താം തീയതി, മെരിലാൻഡിൽ നടന്ന വാർഷിക പൊതുയോഗത്തിൽ 2024 വർഷത്തിലേക്കുള്ള 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് , ശ്രീ. ശ്യാം ജി.ലാൽ (പ്രസിഡന്റ്), ഡോ. മുരളീ രാജൻ മാധവൻ(വൈസ് പ്രസിഡന്റ്), ശ്രീമതി സതി സന്തോഷ് (സെക്രട്ടറി), ശ്രീമതി മധുരം ശിവരാജൻ (ജോയിന്റ് സെക്രട്ടറി ), ശ്രീ. എ.വേണുഗോപാലൻ (ട്രഷറർ), ശ്രീ. സന്ദീപ് പണിക്കർ (ജോയിന്റ് ട്രഷറർ), എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ -ശ്രീ. ജയരാജ് ജയദേവൻ, ശ്രീ. കേശവൻ ശിവരാജൻ, ശ്രീമതി നൻമ ജയൻ വക്കം, ശ്രീ. സജി വേലായുധൻ, ശ്രീമതി ഷീബ സുമേഷ്, ശ്രീമതി കാർത്ത്യായനി രാജേന്ദ്രൻ, ശ്രീ. അനൂപ് ഗോപി, മാസ്റ്റർ കാർത്തിക്ക് ജയരാജ്, ശ്രീമതി രത്നമ്മ നാഥൻ എന്നിവരെ തിരഞ്ഞെടുത്തു.
സത്യസന്ധമായ ഓരോ ശ്രമവും സമൂഹത്തിന് പുരോഗതി സംഭാവന ചെയ്യുന്നുവെന്ന ഗുരു വചനത്തെ ഉൾക്കൊണ്ട് മാനവികതയ്ക്കുള്ള സേവനത്തിന് ശക്തമായ പ്രാധാന്യം നല്കാൻ ഒരു പരിധിവരെ കഴിഞ്ഞ കമ്മിറ്റിക്ക് സാധിച്ചത്, എല്ലാ കുടുംബാംഗങ്ങളുടേയും അകമഴിഞ്ഞ സഹകരണം ഒന്നു കൊണ്ട് മാത്രമായിരുന്നു എന്ന് പ്രസിഡന്റ് ശ്രീമതി മധുരം ശിവരാജൻ ഈ അവസരത്തിൽ ഓർമപ്പെടുത്തി.
ഗുരുവിന്റെ ഉപദേശങ്ങൾ ചരിത്രത്തിന്റെ താളുകളിൽ ഒതുങ്ങുന്നില്ല; അവ കാലത്തിന്റെ ഇടനാഴികളിലൂടെ പ്രതിധ്വനിക്കുന്നു. സമൂഹത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ള, സത്യസന്ധവും ആത്മാർത്ഥവുമായ ഒരു സേവനം കാഴചവെക്കാൻ പുതിയ കമ്മിറ്റി ശ്രമിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ശ്രീ. ശ്യാം ജി.ലാൽ വ്യക്തമാക്കി. 2023 കമ്മിറ്റിയുടെ കർമ്മനിരതമായ പ്രവർത്തനങ്ങൾ വിലയിരുത്തിയും പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നും വാർഷിക പൊതുയോഗം സമാപിച്ചു.