Input your search keywords and press Enter.

ജല മലിനീകരണം: പമ്പാ നദി തീരങ്ങളില്‍ വ്യാപക പരിശോധന

ജല മലിനീകരണം: പമ്പാ നദി തീരങ്ങളില്‍ വ്യാപക പരിശോധന

ജലാശയങ്ങൾ മലിനപ്പെടുത്തിയതിന് 1,05,000 രൂപ പിഴ ചുമത്തി

പത്തനംതിട്ട ജില്ലയിലെ ജലാശയങ്ങളിലെ മലിനീകരണം കണ്ടെത്തുന്നതിന് പമ്പാനദിയുടെ തീരങ്ങളില്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നു. ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ 22 സ്ഥലങ്ങളിൽ മാലിന്യങ്ങളും മലിനജലവും ജലാശയത്തിൽ തള്ളുന്നതായി കണ്ടെത്തിയ വീടുകൾക്കും സ്ഥാപനങ്ങൾക്കും 1,05,000 രൂപ പിഴ ചുമത്തി.

റാന്നി പെരിനാടിൽ ആറും നാറാണമൂഴിയിൽ അഞ്ചും ആറന്മുളയിൽ നാലും കോഴഞ്ചേരിയിലും തോട്ടപ്പുഴശ്ശേരിയിലും രണ്ടും മല്ലപ്പള്ളിയിലും നിരണത്തും റാന്നിയിലും ഒരു സ്ഥലത്തുമാണ് പിഴ ചുമത്തിയത്. പമ്പാനദിയുടെയും കൈവഴിയുടെയും സമീപത്തുള്ള 18 പഞ്ചായത്തുകളിലാണ് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പരിശോധിച്ചത്.

ജലമലിനീകരണത്തിന് കാരണമാകുന്ന തരത്തിലുള്ള മാലിന്യ നിക്ഷേപം, വീടുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും മലിനജലം ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്നത്, സുഗമമായ നീരൊഴുക്ക് തടസപ്പെടുന്നതു മൂലമുള്ള ജലമലിനീകരണം തുടങ്ങിയവ പരിശോധിച്ചു. മാലിന്യ നിക്ഷേപം ഒഴിവാക്കുന്നതിനു സോക്ക് പിറ്റ് ഉൾപ്പടെ നിർമ്മിച്ച് മലിന ജലം ജലാശയങ്ങളിൽ കലരുന്നത് തടയുന്നതിനും നിർദ്ദേശം നൽകി. ഇവ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന വിജിലൻസ് സ്ക്വാഡും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും ഉറപ്പ് വരുത്തും.

വേനല്‍ക്കാലത്തെ ജലാവശ്യങ്ങള്‍ നിറവേറ്റുന്നതും ജലാശയങ്ങള്‍ മലിനപ്പെടാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എടുക്കുന്നതും ജലാശയങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൊതുജനങ്ങളിലൂടെ സാമൂഹിത മേല്‍നോട്ടം ഉറപ്പു വരുത്തുന്നതും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്നതെന്നും പരിശോധനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോള്‍ പറഞ്ഞു.

കേരള പഞ്ചായത്ത് മുനിസിപ്പാലിറ്റി മാലിന്യ സംസ്‌ക്കരണ ഭേദഗതി ഓഡിനന്‍സ് 2023 പ്രകാരം പൊതുസ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും മലിനജലം ഒഴുക്കി വിട്ടാല്‍ പതിനായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ പിഴയും ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കാം.
പൊതുജലാശയങ്ങള്‍ മലിനമാക്കല്‍, പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍, പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കത്തിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ തെളിവുകള്‍ സഹിതം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികവും ലഭിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ സംയുക്തമായ നടത്തിയ പരിശോധനയില്‍ പ്രത്യേക ചുമതല നല്‍കിയ ജില്ലാതല ഉദ്യോഗസ്ഥരും പഞ്ചായത്ത് വിജിലന്‍സ് സ്‌ക്വാഡും പങ്കെടുത്തു.

error: Content is protected !!