Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 07/02/2024 )

ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം നടത്തി

ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍  ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്ന് യോഗത്തില്‍ കളക്ടര്‍ പറഞ്ഞു.

 

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദേശീയ വിരവിമുക്ത ദിനം, ജലജന്യ രോഗനിയന്ത്രണം, സാംക്രമിക രോഗനിയന്ത്രണം, കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (8) ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി പറഞ്ഞു.

 

ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികളിലും വിദ്യാലയങ്ങളിലും വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. വയറിളക്ക രോഗ നിയന്ത്രണ വാരാചരണം ഫെബ്രുവരി 14 മുതല്‍ 28 വരെ ആചരിക്കും. അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒആര്‍എസ്, സിങ്ക് എന്നിവയുടെ ലഭ്യതയും ഉപയോഗവും മെച്ചപ്പെടുത്തി കുട്ടികളുടെ പ്രതിരോധവും പരിപാലനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ പ്രതിരോധ മരുന്നുകള്‍ നല്‍കും.

 

അഞ്ചാംപനി, റൂബെല്ല നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്സിന്‍ എടുക്കാത്ത അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികളെ കണ്ടെത്തി എംആര്‍സിവി (മീസില്‍സ് ആന്‍ഡ് റുബെല്ല കണ്ടെയിനിഗ് വാക്സിന്‍) നല്‍കും. ആരോഗ്യജാഗ്രത, കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ഡോ. ഐപ്പ് ജോസഫ്, എന്‍എച്ച്എം ഡിപിഎം ഡോ.എസ് ശ്രീകുമാര്‍, ആര്‍സിഎച്ച് കെ കെ ശ്യാം കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ലൈസന്‍സ് സബ്സിഡി മേള നടത്തി
വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ല താലൂക്ക് ഓഫീസിന്റെയും നേതൃത്വത്തില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സംരംഭകര്‍ക്കുള്ള ലോണ്‍ ലൈസന്‍സ് സബ്സിഡി മേള നടത്തി. സംരംഭക വര്‍ഷം 2.0 യുടെ ഭാഗമായുള്ള മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് ഉദ്ഘാടനം ചെയ്തു. ആറ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,നാല് കെസ്വിഫ്റ്റ് അംഗീകാരങ്ങള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു.  റാന്നി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ജെ.എല്‍ ലിജു, വെച്ചൂച്ചിറ ഇഡിഇ മാരായ അഞ്ജലി, സീതത്തോട് ഇഡിഇ ദീപക്, പെരുനാട് ഇഡിഇ ഗോകുല്‍ തുടങ്ങി 28 പേര്‍ പങ്കെടുത്തു

പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്‍വന്‍ഷന് അനിവാര്യം :ഡപ്യൂട്ടി സ്പീക്കര്‍
പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്‍വന്‍ഷന് അനിവാര്യമാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 129-ാമത് മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

 

പരിസ്ഥിതിയും ജലസംരക്ഷണവും മനുഷ്യനിലനില്‍പ്പിന് അനിവാര്യമാണ്. പ്രകൃതിയുടെ സംരംക്ഷണം ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്.മാര്‍ത്തോമാ സുവിശേഷം പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫീലക്സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാര്‍ത്തോമാ സഭ ഇക്കോളജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ് മാത്യൂസ് മാര്‍ സെറാഫീ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണവും ഡോ. സാംസണ്‍ മാത്യു മുഖ്യ പ്രഭാഷണവും മലയാള മനോരമ പത്തനംതിട്ട അസിസ്റ്റന്റ് എഡിറ്റര്‍ വര്‍ഗീസ് സി തോമസ് വിഷയാവതരണവും നടത്തി.

 

സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ ജോഷ്വാ, ലേഖക സെക്രട്ടറി പ്രൊഫസര്‍ എബ്രഹാം പി മാത്യു, ട്രഷറര്‍ ഡോ എബി തോമസ് വാരിക്കാട്, പരിസ്ഥിതി കമ്മിറ്റി കണ്‍വീനര്‍മാരായ തോമസ് കോശി ചാത്തങ്കേരി, ജോസ് പി വയയ്ക്കല്‍, സഞ്ചാര സെക്രട്ടറി റവ ജിജി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

 

ക്വട്ടേഷന്‍
സപ്ലൈകോ പത്തനംതിട്ട ജില്ലാ ഡിപ്പോയ്ക്ക് കീഴിലുളള എന്‍എഫ്എസ്എ യുടെ കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ പിഡിഎസ് ഗോഡൗണുകളിലേക്ക് പുതിയ ഗതാഗത കരാറുകാരെ നിയമിക്കപെടുംവരെ മൂന്ന് മാസത്തേക്കോ /ഇ-ടെന്‍ഡര്‍ പ്രകാരമുളള കരാര്‍ നിലവില്‍ വരുന്ന തീയതിവരെയോ (ഇതില്‍ ആദ്യം വരുന്ന തീയതി വരെ)താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. റേഷന്‍ സാധനങ്ങള്‍ മാവേലിക്കര, ആവണീശ്വരം എന്നീ എഫ്‌സിഐ ഗോഡൗണ്‍ സിഎംആര്‍ മില്ലുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിട്ടെടുത്ത് പത്തനംതിട്ട കുലശേഖരപേട്ട, കോന്നി എന്നിവിടങ്ങളിലുളള ഗോഡൗണുകളില്‍ എത്തിക്കുകയും ഇവിടെനിന്നും കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ വിവിധ റേഷന്‍കടകളില്‍  വാതില്‍പടി വിതരണം നടത്തുകയും ചെയ്യുന്നതിനാണ് ക്വട്ടേഷന്‍. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ച് വരെ.
ഫോണ്‍ : 0468 2222308


ഓംബുഡ്സ്മാന്‍ സിറ്റിംഗ്

പറക്കോട്  ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 12  ന്  രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി എം എ വൈ ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു.
ഫോണ്‍ : 9447556949

അപേക്ഷ ക്ഷണിച്ചു
2023-24 വര്‍ഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 15. യൂണിവേഴ്സിറ്റി/ബന്ധപ്പെട്ട ഗവണ്‍മെന്റ് സെലക്ഷന്‍ ഏജന്‍സിയുടെ അലോട്ട്മെന്റ് മുഖേന മെറിറ്റിലോ റിസര്‍വേഷനിലോ അഡ്മിഷന്‍ നേടിയിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒ.ഇ.സി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അര്‍ഹതയുളള എല്ലാ വിദ്യാര്‍ഥികളും നിശ്ചിത സമയപരിധിക്കുള്ളില്‍ കൃത്യമായ കാറ്റഗറിയില്‍ അപേക്ഷകള്‍  ഓണ്‍ലൈനായി സമര്‍പ്പിക്കണം. മാര്‍ച്ച് 15ന് ശേഷം അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവികളുമായി ബന്ധപ്പെടണം.

യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചു
മഞ്ഞനിക്കര പെരുനാളിനോട് അനുബന്ധിച്ച് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മഞ്ഞനിക്കര വാര്‍ഡ് പരിധി യാചക നിരോധിത മേഖലയായി  പ്രഖ്യാപിച്ചതായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഓവര്‍സിയര്‍ നിയമനം
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലയില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷം സേവന പരിചയമുള്ള സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ ഉള്ളവര്‍ക്കും  ഒരു വര്‍ഷം  സേവന പരിചയമുള്ള സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. പ്രതിദിനം 755 രൂപയാണ് വേതനം. പ്രായപരിധി 40 വയസ്. അപേക്ഷയും യോഗ്യതാ  സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും   ഫെബ്രുവരി 13 ന്  വൈകിട്ട് അഞ്ചിന് മുന്‍പായി സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം.
ഫോണ്‍ : 0469 -2600167

ഡ്രാഫ്റ്റ്സ്മാന്‍ നിയമനം
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തില്‍  നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം  നടത്തും. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുളള ഐടിഐ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് ) ഡിപ്ലോമ (ആര്‍ക്കിടെക്ചര്‍ ) യോഗ്യതയും  ഓട്ടോകാഡ്  പ്രാവീണ്യം,   ത്രീഡിഎസ് മാക്സ്  തത്തുല്യ ത്രീഡി മേക്കിംഗ് സോഫ്റ്റ് വെയര്‍ പ്രവീണ്യം എന്നിവയും ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 12 നുളളില്‍ അപേക്ഷ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍  എത്തിക്കണം.   അപേക്ഷയോടൊപ്പം മേല്‍വിലാസം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം  തുടങ്ങിയവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 0468 2319740, 9847053294, 9188089740.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് ടു ഡി, ത്രീഡി, ത്രീഡിഎസ് മാക്സ്,  മെക്കാനിക്കല്‍  കാഡ്, ഇലക്ട്രിക്കല്‍ കാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍ : 0469 2961525, 8281905525

 

error: Content is protected !!