Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/02/2024 )

മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ വളര്‍ത്തു മത്സ്യകുഞ്ഞുങ്ങളേയും അലങ്കാരയിനം മത്സ്യകുഞ്ഞുങ്ങളേയും 24 ന് രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ വിതരണം ചെയ്യും. മത്സ്യകുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9847485030, 0468 2214589.

ടെണ്ടര്‍
റാന്നി എംസിസിഎം താലൂക്കാശുപത്രിയില്‍ കാസ്പ്/ ജെ എസ് എസ് കെ/ ആര്‍ ബി എസ് കെ / എ കെ/ ട്രൈബല്‍ / പദ്ധതികളില്‍പ്പെട്ട ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് നാലിന് രാവിലെ 11 ന് മുന്‍പായി ലഭിക്കണം. ഫോണ്‍ : 04735 227274

 

മാലിന്യ സംസ്‌കരണം കേരളത്തിന്റെ പൊതുആവശ്യം:  അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

മാലിന്യ സംസ്‌കരണം കേരളത്തിന്റെ പൊതുആവശ്യമാണെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ  പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന മാലിന്യ മുക്തം നവകേരളം അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍എ.

പഞ്ചായത്തു പ്രസിഡന്റുമാര്‍ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഗൗരവമായി ഇടപെടണം. മാലിന്യപ്രശ്‌നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ  സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് മാലിന്യമുക്തം നവകേരളം. മാലിന്യമുക്തം കേരളം എന്ന ലക്ഷ്യത്തില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്നതാണ് ഹരിതകര്‍മസേന.

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എല്ലാ വീടുകളിലും കയറുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അവരുടെ വരുമാനവും ഉറപ്പുവരുത്തണം. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് യോഗം ചേര്‍ന്നതെന്നും എംഎല്‍എ പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍ രശ്മി മോള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ റാന്നി മണ്ഡലത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം:അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ റാന്നി മണ്ഡലത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ  പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടേയും, എംഎല്‍എ ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികളുടേയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ ആശുപത്രികളുടെ ആന്തരിക സൗകര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോടൊപ്പം സബ് സെന്ററുകള്‍ കൂടി പുരോഗമിച്ചാല്‍ മാത്രമേ ആരോഗ്യ പരിരക്ഷ കൂടുതല്‍ പുരോഗതി കൈവരിക്കു.

ആരോഗ്യമേഖലയില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ  ആറു പ്രപ്പോസലുകള്‍ക്ക് അംഗീകാരം ലഭിച്ചു. 2023-24 വര്‍ഷത്തില്‍ എട്ടു പ്രപ്പോസലുകള്‍ അയച്ചിട്ടുണ്ട്. ജില്ലയില്‍ ആദ്യ ഘട്ടമായി 17 സബ് സെന്ററുകള്‍ക്കും, രണ്ടാം ഘട്ടത്തില്‍ 19 സബ് സെന്ററുകള്‍ക്കും, മൂന്നാം ഘട്ടത്തില്‍ 39 സബ്‌സെന്ററുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

ആര്‍ദ്രം പദ്ധതിയില്‍ 2022-23 വര്‍ഷത്തില്‍ ആറു പ്രപ്പോസലുകള്‍ക്കും, 2023-24 വര്‍ഷത്തില്‍ എട്ടു പ്രപ്പോസലുകള്‍ക്കും, 2024-25 വര്‍ഷത്തില്‍ അഞ്ചു പ്രപ്പോസലുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. കുടിവെള്ളം, ആരോഗ്യം ,വിദ്യാഭ്യാസം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍ രശ്മി മോള്‍, എന്‍എച്ച്എം ഡി പിഎം ഡോ. ശ്രീകുമാര്‍ ,ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, തദ്ദേശ സ്വയംഭരണവകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അനിത, പഞ്ചായത്തു പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു

 

അടൂര്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം 22 ന്
അടൂര്‍ ഫയര്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം ഫെബ്രുവരി 22 ന് രാവിലെ ഒന്‍പതിന്  അടൂര്‍ പന്നിവിഴയില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. 2022 -23 ലെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയ്ക്കായി 48.2 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പൈല്‍ ഫൗണ്ടേഷനോടുകൂടി മൂന്നു നിലകളിലുള്ള കെട്ടിടത്തിന് ബേസ്മെന്റ് ഫ്ളോറില്‍ ഏഴ്  റസ്‌ക്യൂ ട്രക്കുകള്‍ ഇടുന്നതിനുള്ള ഗ്യാരേജുകള്‍, മെക്കാനിക്ക് റൂം, വാച്ച് റൂം എന്നിവയും ഗ്രൗണ്ട് ഫ്ളോറില്‍ സ്റ്റേഷന്‍ ഓഫീസര്‍ക്കും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കുമുള്ള ഓഫീസ് റും, ലോബിയും ഫസ്റ്റ് ഫ്ളോറില്‍ റിക്രിയേഷന്‍ റൂം, റസ്റ്റ് റൂം എന്നിവയുമാണ് ക്രമീകരിച്ചിട്ടുള്ളത്.

നാരാങ്ങാനം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ്  ഉപതെരഞ്ഞെടുപ്പ് 22ന്
നാരാങ്ങാനം ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ കടമ്മനിട്ടയിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് നടക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായ കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ,് പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ് എസ് എല്‍ സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസ കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവ ഉപയോഗിക്കാം. വോട്ടെണ്ണല്‍ ഫെബ്രുവരി 23 ന് രാവിലെ 10 ന് നടക്കും.

സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളിലാണ് ഫെബ്രുവരി 22 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു. പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജനവിധി തേടുന്ന 88 സ്ഥാനാര്‍ത്ഥികളില്‍ 33 പേര്‍ സ്ത്രീകളാണ്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കി. പോളിംഗ് സാധനങ്ങള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് മുന്‍പ് സെക്ടറല്‍ ഓഫീസര്‍മാര്‍ അതത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം. വോട്ടെടുപ്പ് ദിവസം രാവിലെ ആറിന് മോക്ക് പോള്‍ നടത്തും.

യൂത്ത് ഐക്കണ്‍ അവാര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു.
കേരള സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2023-24 അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കുന്നതാണ്. നിര്‍ദേശങ്ങള്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ അറിയിക്കുക. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണ്.അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 27
ഫോണ്‍- 0471 2308630
ടെന്‍ഡര്‍
2024-25 സാമ്പത്തിക വര്‍ഷം പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗതകയറ്റിറക്കു കരാറിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് രണ്ടിനു മുന്‍പായി പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 2319493

error: Content is protected !!