Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 16/03/2024 )

ലോക്സഭാ തെരഞ്ഞെടുപ്പ്: ജില്ലാ കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് കണ്ട്രോള്‍ റൂം ആന്‍ഡ് ഹെല്‍പ്പ് ലൈന്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും  കളക്ടറുമായ പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 24 മണിക്കൂറും കണ്ട്രോള്‍ റൂമുമായി നേരിട്ടും 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം. 1950 എന്ന ടോള്‍ ഫ്രീ നമ്പരിലും പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറൂം സേവനം ലഭ്യമാണ്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പത്മചന്ദ്രകുറുപ്പ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


പരിശീലനം സംഘടിപ്പിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോസ്റ്റല്‍ വോട്ടുകള്‍, മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിശീലനപരിപാടി  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. പോസ്റ്റല്‍ വോട്ടുകളെ കുറിച്ചുള്ള ക്ലാസ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരും സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്‌നര്‍മാരുമായ രജീഷ് കുമാര്‍, രാകേഷ് കുമാര്‍ എന്നിവര്‍ നയിച്ചു. ഭിന്നശേഷി വോട്ടര്‍മാരുടെ വോട്ടുകള്‍, സര്‍വീസ് വോട്ടുകള്‍, അവശ്യസേവനങ്ങള്‍,  തുടങ്ങിയവയെപ്പറ്റി ക്ലാസില്‍ വിശദമാക്കി. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സ്റ്റേറ് ലെവന്‍ മാസ്റ്റര്‍ ട്രെയിനറും ട്രെയിനിംഗ് നോഡല്‍ ഓഫീസറുമായ എം എസ് വിജുകുമാര്‍ ക്ലാസ് നയിച്ചു.  മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന  40 സ്‌ക്വാഡുകള്‍ക്കുള്ള പരിശീലനമാണ് നല്‍കിയത്.  ഇലക്ഷന്‍ വിഭാഗം ഡപ്യൂട്ടി കളക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷിഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കൃഷിവകുപ്പിന്റെ വിവിധ ഫാമുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട തെങ്ങിന്‍ തൈകള്‍, വിത്ത്, തേങ്ങ, വളങ്ങള്‍, മറ്റുനടീല്‍ വസ്തുക്കള്‍ എന്നിവ പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍  നിര്‍ദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ മൂന്നിന് പകല്‍ 12 വരെ.

അടിയന്തര യോഗം 18 ന്
2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളുടെ റേറ്റ് നിശ്ചയിക്കുന്നതിലേക്കായി രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ 18 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ലോക്സഭാ തെരഞ്ഞെടുപ്പ് : സംശയകരമായ പണമിടപാടുകള്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

 

കഴിഞ്ഞ മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളില്‍ അസ്വാഭാവികമായും സംശയിക്കത്തക്കരീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം /പിന്‍വലിക്കല്‍, ഒരു അക്കൗണ്ടില്‍ നിന്ന് ആര്‍ടിജിഎസ് വഴി അസ്വാഭാവികമായി  ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറല്‍, സ്ഥാനാര്‍ഥിയുടെയോ അവരുടെ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍/  പിന്‍വലിക്കല്‍, രാഷ്ട്രീയപാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍ /പിന്‍വലിക്കല്‍,  തെരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ  പണമിടപാടുകള്‍ എന്നിവയാണ് ദിവസേനയുളള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിക്കുവേണ്ടി ഫിനാന്‍സ് ഓഫീസര്‍  അറിയിച്ചു.

തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയുടെ (കാറ്റഗറി നം. 086/2021) ചുരുക്കപട്ടികയുടെ പിറ്റിഎ 6(3) 582836/2022 നം. തിരുത്തല്‍ വിജ്ഞാപനം /കൂട്ടിചേര്‍ക്കല്‍ വിജ്ഞാപനം 29.02.2024 ല്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ ; 0468 2222665.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലയില്‍ നിലവിലുള്ള എം.ഐ.എസ്. കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക്  കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 20 ന് രാവിലെ 10.30-ന് തിരുവല്ലയിലുള്ള സമഗ്രശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

 

പ്രായം – പരമാവധി 40 വയസ്. യോഗ്യത – ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി/ഇ.സി.ഇ.) എം.സി.എ/എം.എസ്.സി (സി.എസ്, ഐ.ടി) എം.ബി.എ അഭികാമ്യം, ബി.സി.എ /ബി.എസ്.സി (സി.എസ്/ഐ.ടി). താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

വാട്ടര്‍ എടിഎം ഉദ്ഘാടനം നടത്തി
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വാട്ടര്‍ എടിഎമ്മിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു.

 

2023-24 വാര്‍ഷിക പദ്ധതിയില്‍ പത്തുലക്ഷം രൂപ ഉള്‍പ്പെടുത്തി കുറ്റൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലായാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്.  ജലദൗര്‍ലഭ്യതയുണ്ടാകുന്ന സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുകയാണ് പദ്ധതിയുടെ  ലക്ഷ്യം.

 

ഒരു രൂപ നാണയം ഇട്ടാല്‍ ഒരു ലിറ്റര്‍ തണുത്ത വെള്ളവും അഞ്ച് രൂപ നാണയം ഇട്ടാല്‍ അഞ്ച് ലിറ്റര്‍  ശുദ്ധീകരിച്ച സാധാരണ വെള്ളവും കിട്ടുന്ന രണ്ട് കൗണ്ടറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സോമന്‍ താമരച്ചാലില്‍, മറിയാമ്മ ഏബ്രഹാം, അംഗങ്ങളായ ചന്ദ്രലേഖ, സി.കെ അനു, വിശാഖ് വെണ്‍പാല, ജിനു തൂമ്പുംകുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടില്‍, സാറാമ്മ, എന്‍.ടി.ഏബ്രഹാം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം വളര്‍ത്തേണ്ടത് അനിവാര്യം്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും നിയമങ്ങളെ കുറിച്ചും ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി. പി. രാജപ്പന്‍ പറഞ്ഞു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല ലോക ഉപഭോക്തൃ അവകാശ ദിനാചരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്തം ഉള്ളതും നീതി പൂര്‍വകവുമായ നിര്‍മിത ബുദ്ധി എന്നതാണ് ഈ വര്‍ഷത്തെ  ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ആപ്തവാക്യം. ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 15ന് ലോക ഉപഭോക്തൃ അവകാശദിനം ആചരിക്കുന്നത്.

അസംഘടിതരായ ഉപഭോക്തൃ വിഭാഗത്തെ വിവിധങ്ങളായ ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനം ആചരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. അഡ്വ. ആര്‍ ഗോപീകൃഷ്ണന്‍ ക്ളാസ്സുകള്‍ നയിച്ചു. ജില്ലാ സപ്ലൈ ആഫീസര്‍ എം അനില്‍, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ അംഗം നിഷാദ് തങ്കപ്പന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എ. ഷാജു, മൗണ്ട് സിയോണ്‍ കോളേജിലെ നിയമ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!