Input your search keywords and press Enter.

പത്തനംതിട്ട ജില്ലയുടെ വിവിധഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നു

 

പത്തനംതിട്ട ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും മുണ്ടിനീര് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശ്രദ്ധവേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്.

രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായി ഗ്രന്ഥികളില്‍ വീക്കം കണ്ടു തുടങ്ങുന്നതിന് തൊട്ടു മുന്‍പും വീക്കം കണ്ടു തുടങ്ങിയശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്.

കുട്ടികളിലെ രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ട് വശങ്ങളെയുമോ ബാധിക്കാം.

നീരുള്ള ഭാഗത്ത് വേദനയും ഉണ്ടാകാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായതുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം അനുഭവപ്പെടുന്നു . വിശപ്പില്ലായ്മ, ക്ഷീണം, പേശിവേദന, ചെവിവേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.

രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് ചികിത്സ തേടുക. ഉമിനീര് വഴിയാണ് പ്രധാനമായും മുണ്ടിനീര് പകരുന്നത്. ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍, വായുവില്‍ കലരുന്നതു മൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരും.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക. വീക്കം മാറിയാലും നാലു മുതല്‍ ഏഴുദിവസത്തേക്ക് രോഗം പകര്‍ത്താന്‍ കഴിയും എന്നതിനാല്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക.

രോഗംബാധിച്ച കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കണം. മാസ്‌ക് ഉപയോഗിക്കുക. രോഗികള്‍ ധാരാളം വെള്ളം കുടിക്കുക. ചവക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണം കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറക്കാനായി ഇളംചൂടുള്ള ഉപ്പുവെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. മുണ്ടിനീര് ബാധിക്കുന്നവര്‍ രോഗത്തെ അവഗണിക്കുകയോ സ്വയംചികിത്സയോ ചെയ്യാതെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു

error: Content is protected !!