അസന്നിഹിത വോട്ടര്‍മാരുടെ 12 ഡി അപേക്ഷ: അവസാന തീയതി ഏപ്രില്‍ : 1
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവര്‍) വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള 12 ഡി അപേക്ഷകള്‍ തിരികെ ലഭിക്കേണ്ട അവസാന തീയതി (ഏപ്രില്‍ 1). അസന്നിഹിത (അബ്‌സെന്റീ) വോട്ടര്‍മാരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേന അപേക്ഷകള്‍ വിതരണം ചെയ്തിരുന്നു. ഈ പൂരിപ്പിച്ച അപേക്ഷകള്‍ ബി.എല്‍.ഒമാര്‍ ശേഖരിച്ച് ബന്ധപ്പെട്ട ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ) ക്ക് ഇന്ന് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
12 ഡി ഫോമില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസര്‍മാര്‍ക്കു സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളാണു അസന്നിഹിത വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പെടുത്തുക. വോട്ടെടുപ്പിനു(ഏപ്രില്‍ 26 ) മുമ്പുള്ള ദിവസമായിരിക്കും അസന്നിഹിത വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുക. മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. രണ്ടു പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക.
ഏപ്രില്‍ 1 : പത്രിക സമര്‍പ്പണം ഇല്ല
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട് പ്രകാരമുള്ള അവധിയായ (ഏപ്രില്‍ 1) പത്രിക സ്വീകരിക്കില്ല. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിക്കാണ് നല്‍കേണ്ടത്. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന്. പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ട്.
സ്വീപ്പ് വോട്ടര്‍ ബോധവത്ക്കരണം:ക്വിസ് മത്സരം ഏപ്രില്‍ :1
വോട്ടര്‍ ബോധവത്ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായുള്ള ക്വിസ് മത്സരം ഇന്ന് (1). ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന മത്സരത്തില്‍ ഒരു കോളജില്‍ നിന്നും രണ്ട് പേര്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ നിന്നാണ് ചോദ്യങ്ങള്‍ ഉണ്ടാകുക. ഫോണ്‍: 9947374336, 9544182926
സ്‌കൂളുകളിലെ യോഗങ്ങള്‍ക്കും നിബന്ധനകള്‍ പാലിക്കണം
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികള്‍ സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സ്‌കൂള്‍-കോളജുകളിലെ അക്കാദമിക് കലണ്ടറനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകരുത്. സബ്ഡിവിഷനല്‍ ഓഫീസര്‍, സ്‌കൂള്‍ മാനേജ്മെന്റ് എന്നിവരില്‍നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. ആദ്യമെത്തുന്ന അപേക്ഷകര്‍ക്ക് ആദ്യം എന്ന മാനദണ്ഡമനുസരിച്ച് അനുമതി നല്‍കാം.
സ്ഥിരമായി ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് മാത്രമായി ഗ്രൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. ഉപയോഗശേഷം കേടുപാടുകൂടാതെ ഗ്രൗണ്ട് തിരികെ കൈമാണം. അല്ലാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാര തുക അതത് രാഷ്ട്രീയകക്ഷികള്‍ നല്‍കണം. നിര്‍ദേശങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വരണാധികാരി മുന്നറിയിപ്പ് നല്‍കി.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ എന്‍കോര്‍
വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതു മുതല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രക്രിയകളും ഏകോപിപ്പിച്ച് എന്‍കോര്‍ സോഫ്റ്റ്വെയര്‍. സ്ഥാനാര്‍ഥിയുടെ നാമനിര്‍ദ്ദേശങ്ങള്‍, സത്യവാങ്മൂലങ്ങള്‍, വോട്ടര്‍മാരുടെ എണ്ണം, വോട്ടെണ്ണല്‍, ഫലങ്ങള്‍, ഡാറ്റ മാനേജ്മെന്റ് എന്നിവ നിരീക്ഷിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ഈ സോഫ്റ്റ്വെയറിലൂടെ സാധിക്കും. രാഷ്ട്രീയ റാലികള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍ എന്നിവയ്ക്ക് അനുമതി ലഭിക്കുന്നതിന് ആവശ്യമായ വിവിധ വകുപ്പുകളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും എന്‍കോറിലൂടെ ലഭ്യമാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായാണ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്‍കോര്‍ വികസിപ്പിച്ചത്. എന്‍കോര്‍ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിട്ടുള്ള സുവിധ പോര്‍ട്ടല്‍ മുഖേനയും സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നാമനിര്‍ദ്ദേശ പത്രികയുടെ വിശദാംശങ്ങള്‍, വോട്ട് എണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ അറിയാനാകും.
2019: ട്രാന്‍സ് ജെന്‍ഡേഴ്‌സ് 100% വോട്ട് ചെയ്തത് പത്തനംതിട്ടയില്‍
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗം 100 ശതമാനവും വോട്ട് ചെയ്ത സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളില്‍ ഒന്ന് പത്തനംതിട്ട. സംസ്ഥാന ചരിത്രത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ 100 ശതമാനം പേരെയും വോട്ട് ചെയ്യിപ്പിക്കാന്‍ കഴിഞ്ഞ ജില്ലകളില്‍ ഒന്നായും ഇതോടെ പത്തനംതിട്ട മാറി. ഒരു വോട്ടര്‍ മാത്രം ഉണ്ടായിരുന്ന മാവേലിക്കരയാണ് മറ്റൊരു മണ്ഡലം.
ആകെ മൂന്ന് വോട്ടായിരുന്നു ഈ വിഭാഗത്തില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി, ആറന്‍മുള, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് സുഗമമായി പോളിംഗ് ബൂത്തിലെത്തി വോട്ടിംഗ് പ്രക്രിയയുടെ ഭാഗമാകാന്‍ സ്വീപ് പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് കഴിഞ്ഞിരുന്നു. ഇത്തവണ ലോക്‌സഭാ മണ്ഡലത്തില്‍ ആകെ ഏഴ് പേരാണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇക്കുറിയും ഈ വിഭാഗത്തിന്റെ 100 ശതമാനം വോട്ടിംഗ് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീപ് നടത്തിവരുന്നു.
അതേസമയം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വോട്ടര്‍മാര്‍ കുറവുള്ള മണ്ഡലങ്ങളില്‍ ഒന്ന് കൂടിയാണ് പത്തനംതിട്ട. ഏറ്റവും കുറവ് വയനാടില്‍ ആയിരുന്നു. ഒരാള്‍. പക്ഷേ വോട്ട് ചെയ്തില്ല. ആലപ്പുഴയിലും കാസര്‍കോടും രണ്ട് വീതം വോട്ടര്‍മാര്‍. കാസര്‍കോട് ഒരാള്‍ വോട്ട് ചെയ്തപ്പോള്‍ ആലപ്പുഴയില്‍ ആരും വോട്ട് ചെയ്തില്ല.
മലപ്പുറത്തും ഇടുക്കിയിലും മൂന്ന് വീതംപേര്‍; ഇടുക്കിയില്‍ ഒരാള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായപ്പോള്‍ മലപ്പുറത്ത് ആരും വോട്ട് ചെയ്യാന്‍ എത്തിയില്ല.മറ്റ് മണ്ഡലങ്ങളില്‍ 2019 ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതും വോട്ടുചെയ്തതുമായ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരുടെ വിവരം ചുവടെ:
കണ്ണൂര്‍: 5, 1
വടകര: 18, 1
കോഴിക്കോട്: 15, 6
പൊന്നാനി: 6, 1
പാലക്കാട്: 5, 1
ആലത്തൂര്‍: 4, 2
തൃശൂര്‍: 17, 5
ചാലക്കുടി: 8, 6
എറണാകുളം: 13, 6
കോട്ടയം: 8, 3
കൊല്ലം: 8, 4
ആറ്റിങ്ങല്‍: 14, 4
തിരുവനന്തപുരം: 34, 15.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കാന്‍ തുടങ്ങിയത് 2019 മുതലാണ്. അന്ന് രാജ്യത്തൊട്ടാകെ ഇതിനായി വ്യാപക പ്രചരണവും നല്‍കിയിരുന്നു. സംസ്ഥാനത്താകെ 174 പേരാണ് അന്ന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത്. ഇതില്‍ 62 പേര്‍ പോളിംഗ് ബൂത്തിലെത്തുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ത്തതും പോളിംഗ് ചെയ്യിപ്പിച്ചതുമായ ലോക്‌സഭാ, നിയമസഭാ മണ്ഡലം തിരുവനന്തപുരം ആയിരുന്നു.
സ്ഥാനാര്‍ഥികളെ അറിയാം..നോ യുവര്‍ കാന്‍ഡിഡേറ്റിലൂടെ
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പൊതുജനങ്ങള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നോ യുവര്‍ കാന്‍ഡിഡേറ്റ് (കെവൈസി) എന്ന ആപ്പാണ് ഇതിനായി സജീകരിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
വോട്ടര്‍മാര്‍ക്ക് ഓരോ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്തെ അവരുടെ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കെവൈസി ആപ്പിലൂടെ അറിയാന്‍ സാധിക്കും. ഉപഭോക്തൃ സൗഹൃദ മൊബൈല്‍ ആപ്പായ കെവൈസിയില്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ നല്‍കിയാല്‍ വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാകും. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളും നിലവിലെ സ്ഥിതിയും ആപ്ലിക്കേഷനിലൂടെ അറിയാം.
ലോക്‌സഭാ തെരഞ്ഞെടുപ്പ്:ഉദ്യോഗസ്ഥരുടെ റാന്റമൈസേഷന്‍ നടന്നു
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ റാന്റമൈസേഷന്‍ കളക്ടറേറ്റില്‍ നടന്നു. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ ഓണ്‍ലൈനായി സ്ഥാപനമേധാവികള്‍ക്ക് ലഭ്യമാണ്. ഇവര്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ മുഖേന പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉടന്‍ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന്റെ സ്റ്റാറ്റസ് സ്ഥാപന മേധാവികള്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയറില്‍ അപ്ഡേറ്റ് ചെയ്യണം.
പരിശീലനം നല്‍കും
പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് ഏപ്രില്‍ രണ്ടു മുതല്‍ നാലുവരെ വിവിധ സെന്ററുകളില്‍ പരിശീലനം നല്‍കും. ജോലി ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പരിശീലന ക്ലാസുകളിലാണ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കേണ്ടത്. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ പരിശീലന ക്ലാസില്‍ നല്‍കും. ക്ലാസിനെത്തുന്ന ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പോളിംഗ് ബൂത്ത് നമ്പര്‍, ക്രമനമ്പര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും കൊണ്ടുവരണം.
പരിശീലന ക്ലാസുകള്‍ നടക്കുന്ന സ്ഥാപന വിവരങ്ങള്‍
തിരുവല്ല: തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്
റാന്നി: സെന്റ് തോമസ് കോളജ് റാന്നി
ആറന്മുള: കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട
കോന്നി: എസ് എന്‍ പബ്ലിക് സ്‌കൂള്‍ കോന്നി (ഏപ്രില്‍ മൂന്നിനും നാലിനും)
അടൂര്‍ : അടൂര്‍ ബോയ്സ് ഹൈസ്‌കൂള്‍
പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കാം
പോളിംഗ് ഓഫീസര്‍മാര്‍ (രണ്ടും മൂന്നും) ഏപ്രില്‍ രണ്ടു മുതല്‍ നാലുവരെ രാവിലെ അവര്‍ ജോലി ചെയുന്ന അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന സ്ഥാപനങ്ങളിലെത്തി പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പോളിംഗ് ബൂത്ത് നമ്പര്‍, ക്രമനമ്പര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കൊണ്ടുവരണം. ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ പോസ്റ്റിങ് ഓര്‍ഡറിനൊപ്പം അയച്ചിട്ടുണ്ട്.
സ്ഥാപന വിവരങ്ങള്‍
തിരുവല്ല: തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്
റാന്നി: സെന്റ് തോമസ് കോളജ് റാന്നി
ആറന്മുള: കാതലിക്കേറ്റ് കോളജ് പത്തനംതിട്ട
കോന്നി: എസ് എന്‍ പബ്ലിക് സ്‌കൂള്‍ കോന്നി (ഏപ്രില്‍ മൂന്നിനും നാലിനും)
അടൂര്‍ : അടൂര്‍ ബോയ്സ് ഹൈസ്‌കൂള്‍