Input your search keywords and press Enter.

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/04/2024 )

നാമനിര്‍ദേശ പത്രിക സമര്‍പ്പണം:  ഏപ്രില്‍ 4 ന് അവസാനിക്കും 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 4 ന്    അവസാനിക്കും. വൈകിട്ട് മൂന്നുവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ സമര്‍പ്പിക്കാം.

 

പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്. ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്ക്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി, എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണി എന്നിവരാണ് പത്രിക സമര്‍പ്പിച്ചവര്‍.


കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പത്രിക സമര്‍പ്പിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെ മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. തുടര്‍ന്ന് കളക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി.

ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ ബോട്ടിലും  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകവും ജില്ലാ കളക്ടര്‍ നല്‍കി.  ആന്റോ ആന്റണിക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍, മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍, പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ഇ അബ്ദുള്‍ റഹ്‌മാന്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം എത്തിയിരുന്നു.

എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി പത്രിക സമര്‍പ്പിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11.45 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെ മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. തുടര്‍ന്ന് കളക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി.

ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ ബോട്ടിലും  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകവും ജില്ലാ കളക്ടര്‍ നല്‍കി. അനില്‍ കെ. ആന്റണിക്കൊപ്പം ബി.ജെ.പി സ്റ്റേറ്റ് സെക്രട്ടറി കരമന ജയന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഡോ. എ.വി ആനന്ദരാജ്, ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ.വി.ആര്‍ ഹരി എന്നിവരും എത്തിയിരുന്നു.


പോളിംഗ് സ്റ്റേഷനാകുന്ന സ്‌കൂളുകള്‍ വൃത്തിഹീനമാക്കരുത്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകള്‍ വൃത്തിഹീനമാക്കരുതെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍. പോളിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.

പോളിംഗ് സ്റ്റേഷനുകള്‍ കൂടുതലും സ്‌കൂളുകളാണ്. സ്‌കൂള്‍ കെട്ടിടങ്ങളുടെ ചുവരുകളിലെ ചിത്രങ്ങളും ഭൂപടങ്ങളും നശിപ്പിക്കരുത്. പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ക്ലാസ് മുറികളിലെ ഭിത്തികളിലുള്ള ചിത്രങ്ങളും മാപ്പുകളും നശിപ്പിച്ചതിനെ സംബന്ധിച്ച് പരാതികള്‍ ലഭിക്കുകയും ഇതിനെ തുടര്‍ന്ന് നിയമ നടപടികളിലേക്കു കടന്നിരുന്നു.

ചിത്രങ്ങള്‍ നശിപ്പിക്കുകയോ ചുവരുകളില്‍ കേടുവരുത്തുകയോ ചെയ്യാത്ത വിധത്തില്‍ പോളിംഗ് സ്റ്റേഷനുകളില്‍ അറിയിപ്പുകള്‍ പതിക്കണം. പോളിംഗ് ബൂത്തുകളിലെ ഫര്‍ണീച്ചറുകള്‍ നശിപ്പിക്കരുത്. പോളിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ആക്കിയെന്നും ടാപ്പുകള്‍ അടച്ചുവെന്നും ചുവരുകളില്‍ പതിച്ച അറിയിപ്പുകള്‍ നീക്കം ചെയ്തെന്നും ഉറപ്പാക്കണം.

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍ ഉറപ്പാക്കണം. പോളിംഗ് സ്റ്റേഷനുകളില്‍  ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവ അറിയുന്നതിന് ശരിയായ അടയാളങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണം.


പോളിംഗ് സ്‌റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും

പോളിംഗ് സ്റ്റേഷനുകളില്‍ മുതിര്‍ന്ന സമ്മതിദായകര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കും. പോളിംഗ് സ്‌റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും. പോളിംഗ് സ്റ്റേഷനുകളിലെല്ലാം മുതിര്‍ന്ന സമ്മതിദായകര്‍ക്കും ഭിന്നശേഷികാര്‍ക്കും റാംപ് സൗകര്യം ഒരുക്കും. സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിങ് സ്റ്റേഷനുകളില്‍ താത്കാലിക റാംപുകള്‍ സ്ഥാപിക്കും.

ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമായ വീല്‍ ചെയറുകള്‍ പോളിംഗ് സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് ക്രമീകരണം നടത്തും. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷനിലും ആവശ്യമായ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കും. എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം ഉറപ്പാക്കും. വരി നില്‍ക്കുന്നിടത്ത് വെയില്‍ ഏല്‍ക്കാതെ നില്‍ക്കാനുള്ള സൗകര്യം ഒരുക്കും. ശുദ്ധജലം നിറച്ച ഡിസ്പെന്‍സറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിംഗ് സ്റ്റേഷനുകളില്‍ ലഭ്യമാക്കും.


സക്ഷം ആപ്പിലൂടെ വീല്‍ചെയര്‍ ആവശ്യപ്പെടാം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭിന്നശേഷിക്കാര്‍ക്കായി ആവിഷ്‌കരിച്ച സക്ഷം മൊബൈല്‍ ആപ്പിലൂടെ വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആവശ്യപ്പെടാം. പുറമെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യല്‍, തിരുത്തല്‍, പോളിംഗ് സ്റ്റേഷന്‍ കണ്ടെത്തല്‍, സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ക്കുള്‍പ്പെടെ സക്ഷം ആപ്പിലൂടെ ലഭ്യമാകും. പ്ലേസ്റ്റോറിലും ഐഒഎസില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് ക്രമീകരിക്കും

എല്ലാ പോളിംഗ് സ്റ്റേഷന്‍ ലൊക്കേഷനുകളിലും പ്രധാന കവാടത്തിന് സമീപത്ത് വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കും. സമ്മതിദായകരെ സഹായിക്കുന്നതിനായി ബിഎല്‍ഒ/ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും.
നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകള്‍/ പോളിംഗ് ലൊക്കേഷനുകളുടെ പട്ടിക സെക്ടര്‍ ഓഫീസര്‍മാര്‍ തയ്യാറാക്കും. ഇത്തരം പോളിംഗ് സ്റ്റേഷനുകളില്‍ സെക്ടര്‍ ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധ നല്‍കും. ക്യൂ നിയന്ത്രിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരേയും തിരക്ക് കുറയ്ക്കുന്നതിനായി ടോക്കണ്‍ വിതരണവും ഏര്‍പ്പെടുത്തും. പോളിംഗ് സ്റ്റേഷനുകളില്‍ വിന്യസിക്കാന്‍ റിസര്‍വ് ജീവനക്കാരെയും വാഹനങ്ങളും സജ്ജമാക്കും.


എംസിസി മാനദണ്ഡ പരിധിയില്‍ ഉള്‍പ്പെടാത്ത  പരാതികളേ കമ്മീഷന്‍ നിരീക്ഷണ സമിതിക്ക് കൈമാറാവൂ : ചീഫ് സെക്രട്ടറി

മാതൃകാ പെരുമാറ്റച്ചട്ട മാനദണ്ഡ നിര്‍വചനത്തില്‍ വ്യക്തത ആവശ്യമായ ഗൗരവതരമായ ഫയലുകള്‍ മാത്രമേ അപ്പീലിനായി കമ്മിഷന്റെ ഉന്നതാധികാര നിരീക്ഷണ സമിതിയ്ക്ക് സമര്‍പ്പിക്കാവൂ എന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.

കീഴ്ഘടകങ്ങളില്‍ പരിഹരിക്കാവുന്നതും ഗൗരവതരമല്ലാത്ത പരാതികളും നിരീക്ഷണ സമിതിയിലേക്ക് കൈമാറുന്നത് സമിതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്നും അങ്ങനെയുള്ള ഫയലുകള്‍ അയക്കുന്നത് ഗൗരവത്തോടെ കാണുമെന്നും, നടപടി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ അറിയിച്ചു.
ഉചിതമാര്‍ഗേണ തൊട്ടടുത്ത മേല്‍സമിതികളുടെ ശുപാര്‍ശയോടെയും റിപ്പോര്‍ട്ടോടും കൂടി ഉന്നത നിരീക്ഷണ സമിതിയിലേക്ക് നല്‍കുമ്പോള്‍, പരാതിയെക്കുറിച്ച് ഹ്രസ്വമായുള്ള വിവരണവും ഉചിതമായ ശുപാര്‍ശയും ഉള്‍പ്പെടുത്തിയിട്ടുണ്ടാകണമെന്നും ഉത്തരവിലുണ്ട്.

സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണം

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാനാര്‍ഥികള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മൂന്നുതവണ ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ വര്‍ത്തമാനപത്രങ്ങളിലൂടെയും ടെലിവിഷന്‍ ചാനലിലൂടെയും പരസ്യപ്പെടുത്തണം. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും പത്രങ്ങളിലും ടിവി ചാനലുകളിലും മൂന്നുതവണ പരസ്യപ്പെടുത്തുകയും വേണം.
ഇത്തരം സ്ഥാനാര്‍ഥികളെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് ധാരണകിട്ടുന്നതിനായി ആവശ്യത്തിന് സമയം ലഭിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ പരസ്യപ്പെടുത്തലിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ ആദ്യപരസ്യപ്പെടുത്തല്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്ന തിയതി കഴിഞ്ഞു നാലുദിവസത്തിനുള്ളില്‍. രണ്ടാമത്തേത് അഞ്ചു മുതല്‍ എട്ടു വരെയുള്ള ദിവസത്തിനുളളില്‍. മൂന്നാമത്തേത് ഒന്‍പതാം ദിവസം മുതല്‍ പ്രചാരണത്തിന്റെ അവസാനദിവസം വരെ.

 

ക്രിമിനല്‍ പശ്ചാലത്തലമുള്ളവരെ സ്ഥാനാര്‍ഥികളായി നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേസിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരെ ഒഴിവാക്കി ഇത്തരം സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതിന്റെ വ്യക്തമായ കാരണം സഹിതം വേണം പ്രസിദ്ധീകരിക്കാന്‍. ഒരു പ്രാദേശിക പത്രത്തിലും ഒരു ദേശീയപത്രത്തിലും ഫെയ്സ്ബുക്കും എക്സും അടക്കമുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലും ഇത്തരം വിവരങ്ങള്‍ നിര്‍ബന്ധമായി പ്രസിദ്ധീകരിക്കണം. ഈ വിവരങ്ങള്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കണം. എന്നാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുമ്പുള്ള രണ്ടാഴ്ചയ്ക്ക് മുമ്പാകരുത് എന്നാണ് ചട്ടം.

 ക്വട്ടേഷന്‍ ക്ഷണിച്ചു


ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന ഹരിതതെരഞ്ഞെടുപ്പ് 2024 പദ്ധതിയുമായി ഭാഗമായി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് ജില്ലാ കളക്ട്രേറ്റില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മാതൃകാ പോളിംഗ് ബൂത്ത് തയാറാക്കുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം പനമ്പ്, ഓല, മുള, ഈറ, പായ, ചണം, തുണി, തടി എന്നിവയാല്‍ തെങ്ങോല മേഞ്ഞ മാതൃകാ പോളിംഗ് ബൂത്ത് ബോര്‍ഡ് ഉള്‍പ്പെടെ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ തയ്യാറാക്കണം. ക്വട്ടേഷനുകള്‍ ഏപ്രില്‍ ഒന്‍പതിന്  പകല്‍ മൂന്നിന് മുന്‍പായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 8129557741.

എംസിഎംസി അപേക്ഷ: സമയക്രമം പാലിക്കണം

ലോകസഭാ തെരഞ്ഞെടുപ്പ് 2024 പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ തിയറ്ററുകള്‍, പൊതുസ്ഥലങ്ങള്‍ സമൂഹ മാധ്യമങ്ങള്‍, എല്‍ ഇഡി വാളുകള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ സമയക്രമം പാലിക്കണമെന്ന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

അംഗീകൃത ദേശീയ/സംസ്ഥാന പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും പരസ്യം ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പും മറ്റ് സംഘടനകളോ വ്യക്തികളോ ആണെങ്കില്‍ ഏഴു ദിവസം മുന്‍പുമാണ് അപേക്ഷ നല്‍കേണ്ടത്. ബള്‍ക്ക് എസ്എംഎസുകള്‍ക്കും വോയ്‌സ് മെസേജുകള്‍ക്കും പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.
എംസിഎംസിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും. നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് അനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. ജില്ലാതല എംസിഎംസി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ അപേക്ഷകര്‍ക്ക് സംസ്ഥാനതല എംസിഎംസി കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.
പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം/സംപ്രേഷണം ചെയ്യുന്നതിനുള്ള ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.
ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എംസിഎംസി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. അപേക്ഷാ ഫോര്‍മാറ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്ലില്‍ ലഭിക്കും.
error: Content is protected !!