Input your search keywords and press Enter.

പെൻഷൻ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടി; ട്രഷറി ജീവനക്കാർക്ക് സസ്‌പെൻഷൻ

 

ജോലിയില്‍ നിന്നും  വിരമിച്ച ശേഷം മരിച്ച അധ്യാപികയുടെ പെൻഷൻ അക്കൗണ്ടിൽ നിന്ന്‌ പണം തട്ടിയ കേസിൽ നാല് ട്രഷറി ജീവനക്കർക്ക് സസ്‌പെൻഷൻ. റാന്നി പെരുനാട് സബ് ട്രഷറിയിലാണ് സംഭവം.ഇതിൽ പങ്കാളികളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കോന്നി സബ് ട്രഷറി, ജില്ലാ ട്രഷറി, റാന്നി പെരുനാട് സബ്ട്രഷറി എന്നിവിടങ്ങളിലെ നാല്‌ ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജൂണിലായിരുന്നു തട്ടിപ്പ് ആരംഭിച്ചതെന്ന് കണ്ടെത്തി.സബ് ട്രഷറിയിൽ പണം കൈമാറ്റത്തിന്റെ ചുമതല വഹിച്ചിരുന്ന ജീവനക്കാരന്റെ പാസ്സ്‌വേര്‍ഡ്‌ ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ് തുടങ്ങിയത് .

വിരമിച്ച അധ്യാപിക മരിച്ചതോടെ അക്കൗണ്ടിൽ ബാക്കി നിന്ന തുകയാണ് പലപ്പോഴായി വ്യാജമായി തുറന്ന സ്വന്തം അക്കൗണ്ടിലേക്ക് ജീവനക്കാരൻ മാറ്റിയത്.അധ്യാപികയുടെ അവകാശികൾ ആരും എത്താതിരുന്നപ്പോഴാണ് ഈ സംഭവം.അധ്യാപികയുടെ മകൻ എന്ന പേരിൽ രേഖ വ്യാജമായി ഉണ്ടാക്കി ഈ അക്കൗണ്ടിൽ നിന്നുള്ള പണം ചെക്കെഴുതി എടുക്കുക ആയിരുന്നു.

ചെക്ക് പാസാക്കാൻ ഓൺലൈൻ വഴി ഉയർന്ന ജീവനക്കാരുടെ പാസ്വേർഡും കരസ്ഥമാക്കി ആയിരുന്നു പണം എടുത്തിരുന്നത്. ജില്ലാ ട്രഷറിയിൽ മുന്‍പ് ജോലി ചെയ്തിരുന്നതും ഇപ്പോൾ റാന്നി പെരുനാട് സബ്ട്രഷറിയിലുള്ള ജീവനക്കാരനാണ് തട്ടിപ്പിന്റെ ആസൂത്രകനെന്നാണ് വിവരം.ഓമല്ലൂരിലുള്ള മരിച്ചുപോയ വയോധികയുടെ അവകാശികളെത്തുന്നില്ലെന്ന് കണ്ടതോടെയാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ആദ്യം ജില്ലാ ട്രഷറിയിൽ പുതുതായി എത്തിയ എൽ.ഡി.ക്ളാർക്കിന്റെ പാസ്വേർഡ് ഉപയോഗിച്ചാണ് പണം പിൻവലിച്ചത് . പിന്നീട് ജില്ലാ ട്രഷറിയിലെ സൂപ്രണ്ടിന്റെയും മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നതും ഇപ്പോൾ കോന്നി സബ്ട്രഷറി ഓഫീസിലെ സൂപ്രണ്ടുമായ ജീവനക്കാരന്റെയും പാസ്വേർഡ് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ല.നാലു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു എന്ന് മാത്രമാണ് ഇവർ പറയുന്നത്.

 

പുതിയ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം വയോധികയുടെ പണത്തിന്റെ പലിശ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. പിടിക്കപ്പെടാതിരുന്നതിനാൽ ഇത് തുടരുകയും ചെയ്തു. പിന്നീട് ഇയാൾ പത്തനംതിട്ടയിൽ നിന്ന്‌ പെരുനാട് സബ് ട്രഷറിയിലേക്ക് സ്ഥലം മാറി. അവിടെയും ഒരു ജീവനക്കാരന്റെ പാസ്വേർഡ് മനസ്സിലാക്കി ഇതേ രീതിയിൽ പണം തട്ടുകയായിരുന്നു. ഈ ജീവനക്കാരൻ അവധിയിലായപ്പോഴാണ് ക്രമക്കേട് നടത്തിയത്.അവധി കഴിഞ്ഞ് വന്ന ജീവനക്കാരൻ പരിശോധന നടത്തിയപ്പോഴായാണ് ചെക്ക് വെക്കാതെ പണം മാറിയിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് മേലധികാരിയെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടത് എവിടെ നിന്നാണെന്ന് പരിശോധിച്ചപ്പോൾ പത്തനംതിട്ടയിലാണെന്നും വ്യക്തമായി. പിന്നിൽ പ്രവർത്തിച്ച ജീവനക്കാരനെയും തിരിച്ചറിഞ്ഞു. തുടർന്നാണ് നാല് ജീവനക്കാരെയും സസ്പെൻഡ് ചെയ്തത്. പാസ്സ്‌വേര്‍ഡ്‌ കൈമാറ്റം ചെയ്തതിനാണ് ഇതിൽ മൂന്ന് പേരുടെ സസ്പെൻഷനെന്നും സൂചനയുണ്ട്.തെളിവെടുപ്പിനായി സിസിടിവി യും പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ചെക്ക് നശിപ്പിക്കുന്നതടക്കം കൂടുതൽ തെളിവുകൾ ലഭിച്ചു.ഇതും തുടർ നടപടിക്ക് കാരണമായി.

error: Content is protected !!