Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (08/05/2024)

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അടുത്തുവരുന്ന മഴക്കാലത്തിന് മുന്നോടിയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പകര്‍ച്ചരോഗങ്ങളെ തടയുന്നതിനുള്ള മുന്നൊരുക്കവുമായി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതോടൊപ്പം തുടര്‍ നടപടികള്‍ക്കുള്ള നിര്‍ദേശവും നല്‍കി.

വരള്‍ച്ചാപ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനാണ് മുന്‍ഗണന. തനത്ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കി കുടിവെള്ളലഭ്യത ഉറപ്പാക്കുകയാണ്. പൊതുസ്ഥലങ്ങളിലും സംവിധാനം ഏര്‍പ്പെടുത്താന്‍ സന്നദ്ധരുടെ സഹായം തേടുന്നുമുണ്ട്. ആദിവാസി മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും നടപടിയെടുത്തു. പുറംജോലിയില്‍ എര്‍പ്പെടുന്നവര്‍ക്ക് തൊഴില്‍സമയക്രമീകരണം നിര്‍ദേശിച്ചത് കര്‍ശനമായി നടപ്പിലാക്കുന്നുമുണ്ട്.

പഠനകേന്ദ്രങ്ങളില്‍ താപനിലയ്ക്ക് അനസൃതമായി ക്ലാസുകള്‍ ഒഴിവാക്കുന്നത് ഉള്‍പ്പടെ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കും. കടുത്ത വേനല്‍ തുടരവെ തീപ്പിടുത്തം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുമെടുക്കുന്നുണ്ട്. വനമേഖലയിലും അഗ്നിസുരക്ഷാ ക്രമീകരണം ഉറപ്പാക്കി. മൃഗസംരക്ഷണ മേഖലയിലും ആവശ്യമായ മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കി.

മഴക്കാലപൂര്‍വ ശുചീകരണത്തിനുള്ള നടപടികളും സ്വീകരിച്ചു. നീര്‍ച്ചാലുകളുടെ സംരക്ഷണവും നീരൊഴുക്ക് സുമഗമമാക്കുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നവെന്ന് ഉറപ്പാക്കും.

പകര്‍ച്ചരോഗസാധ്യതാ പ്രദേശങ്ങളില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും ആരോഗ്യവകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത്. നിര്‍ണായകമായ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയാണ് പ്രതിരോധ നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൊതുക്ജന്യ രോഗങ്ങള്‍ തടയുന്നതിനായി ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിനെതിരെ പ്രത്യേക മുന്‍കരുതലുമുണ്ട്.

അടിയന്തരഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളെല്ലാം തയ്യാറാക്കി. ദുരന്തനിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ക്ക് അനുസൃതമായി ജനങ്ങള്‍ സമ്പൂര്‍ണ സഹകരണം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

മഴക്കാല മുന്നൊരുക്കം: തടസരഹിത വൈദ്യുതി വിതരണം ഉറപ്പാക്കും – ജില്ലാ കലക്ടര്‍

മഴക്കാലത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ തടസരഹിത വൈദ്യുതിവിതരണം ഉറപ്പാക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ നടപടിക്രമങ്ങളുടെ തുടക്കമെന്ന നിലയ്ക്ക് അപകടകരമെന്ന് കണ്ടെത്തിയ മരച്ചില്ലകള്‍ മുറിച്ച് മാറ്റിയെന്ന് വ്യക്തമാക്കി. സ്വകാര്യവ്യക്തികളുടെ ഭൂമിയിലുള്ളവ ഉള്‍പ്പടെ ശേഷിക്കുന്നവ നീക്കം ചെയ്യുന്നതിന് കര്‍ശന നിര്‍ദേശവും നല്‍കി.

വൈദ്യുതി പോസ്റ്റുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകള്‍ നീക്കം ചെയ്യും .കെ.എസ്.ഇ.ബി യുടെ അനുവാദം ഇല്ലാതെ വൈദ്യുതി പോസ്റ്റുകള്‍ വഴി കേബിള്‍ കണക്ഷന്‍ നല്‍കി വരുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് നീക്കം ചെയ്യല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചു. ഉത്സവങ്ങളില്‍ ഉപയോഗിക്കുന്ന നിശ്ചലചമയങ്ങള്‍ വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കാന്‍ ഉയര ക്രമീകരണം ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
എ.ഡി.എം സി.എസ്. അനില്‍, വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഹെപ്പറ്റൈറ്റിസ് തടയാന്‍ ജാഗ്രതവേണം

ഹെപ്പറ്റൈറ്റിസ് രോഗബാധയ്‌ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയില്‍ എതെങ്കിലുമാണ് പകരുക. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം എന്നിവ വഴിയും ഹെപ്പറ്റൈറ്റിസ് ബി, സി, ഡി രക്തം, ശരീരസ്രവങ്ങള്‍ എന്നിവയില്‍ക്കൂടിയുമാണ് പകരുന്നത്. ബി, സി എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ ജാഗ്രത വേണ്ടത്.

ഹെപ്പറ്റൈറ്റിസ് ബി യും സിയും നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സിറോസിസ്, കരളിലെ ക്യാന്‍സര്‍ എന്നീ ഗുരുതരരോഗങ്ങള്‍ക്കിടയാക്കും. രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവരും. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും വൈറസ്ബാധ അപകടകരമാണ്. രോഗസാധ്യത കൂടുതലുള്ളവര്‍ രക്തപരിശോന നടത്തണം. എച്ച്.ഐ.വിക്ക് സമാനമായ പകര്‍ച്ചാ രീതിയാണ് ബി, സി എന്നിവയ്ക്ക്.

ചികിത്സയുടെ ഭാഗമായി രക്തവും, രക്തോല്‍പന്നങ്ങളും ഇടക്കിടെ സ്വീകരിക്കേണ്ടിവരുന്ന രോഗികള്‍, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവര്‍, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍, രക്തവും, രക്തോല്‍പന്നങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍, പച്ചകുത്തുന്നവര്‍ (ടാറ്റു) എന്നിവര്‍ക്ക് രോഗസാധ്യത കൂടുതലായതിനാല്‍പരിശോധനയ്ക്ക് വിധേയരാകണം. ഡെന്റല്‍ ക്ലിനിക്, ബ്യൂട്ടി പാര്‍ലറുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ കൃത്യമായ മുന്‍കരുതല്‍ എടുക്കണം. ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ഷേവിങ് ഉപകരണങ്ങള്‍, ടാറ്റു ഷോപ്പിലെ ഉപകരണങ്ങള്‍ എന്നിവ ഓരോ പ്രാവശ്യത്തെ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.

ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് എന്നിവടങ്ങളില്‍ ചികിത്സ സൗജന്യമായി ലഭിക്കും. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് പട്ടിക പ്രകാരമുള്ള കുത്തിവെയ്പ്പ് നല്‍കണം. ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ക്ക് ഹെപ്പറ്റെറ്റിസ് ബി വാക്സിന്‍ നല്‍കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് 6,10,14 ആഴ്ചകളില്‍ നല്‍കുന്ന പൊന്റാവാലന്റ് വാക്‌സിനില്‍ ഹെപ്പറൈറ്റിസ് ബി വാക്‌സിനും അടങ്ങിയിട്ടുണ്ട് എന്ന് ഡി. എം. ഒ അറിയിച്ചു.

 

പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഗ്രോത്ത്പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും. സംരംഭംതുടങ്ങി അഞ്ച് വര്‍ഷത്തില്‍താഴെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. മെയ് 14 മുതല്‍ 18 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം.

മാര്‍ക്കറ്റിങ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ജി എസ് റ്റി ആന്‍ഡ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. www.kied.info/training-calender/ ല്‍ മെയ് 11നകം അപേക്ഷിക്കണം. ഫീസ്: ജനറല്‍-3540 രൂപ, താമസം ഒഴികെ-1500; പട്ടികജാതി/വര്‍ഗവിഭാഗം-2000, താമസം ഒഴികെ-1000. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് ഫീസ് അടക്കാം. ഫോണ്‍- 0484 2550322, 2532890, 9188922800.

 

അറിയിപ്പ്

മനയില്‍ക്കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ മെയ് ഒമ്പത്, 10 തീയതികളില്‍ ബേക്കറി പാറ്റിസറി ആന്‍ഡ് കോണ്‍ഫക്ഷണറി എന്നീ സ്‌കില്ലുകളില്‍ സ്‌കില്‍ ഇന്ത്യ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുളള സംസ്ഥാനതല മത്സരങ്ങള്‍ നടത്തും.

 

ഗതാഗത നിയന്ത്രണം

കോട്ടുക്കല്‍-തോട്ടംമുക്ക്-വയല റോഡ് പുനര്‍നിര്‍മ്മാണത്തിനായി മെയ് 11 മുതല്‍ ഏഴ് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കോട്ടുക്കല്‍നിന്നും വയലയിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ കോട്ടുക്കല്‍ ഫില്‍ഗിരി-തോട്ടംമുക്ക്‌വഴി വയലയ്ക്കും തിരിച്ചും പോകണം.

തീയതി നീട്ടി

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (മേയ് 9) നടത്താനിരുന്ന ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് ജൂലൈ 25ലേക്ക് മാറ്റി.

error: Content is protected !!